പ്രളയത്തിൽ വീട് തകർന്നു, ഇപ്പോൾ താമസം പഴയ കാറിൽ

ഓലകൊണ്ടു താൽക്കാലികമായുണ്ടാക്കിയ ഷെഡിലായിരുന്നു ഇരുവരുടെയും താമസം.

ദുരിതാശ്വാസ ക്യാംപിൽനിന്നു പറഞ്ഞുവിട്ട നടരാജനും ഭാര്യയും വീടില്ലാത്തതിനാൽ ഊണും ഉറക്കവും കാറിൽ. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതു സമീപത്തെ പെട്രോൾ പമ്പിലെ ശുചിമുറികളിൽ. നാലു ദിവസമായി നടരാജനും ഭാര്യ മിനിയും ഡ്രൈവിങ് സ്കൂളിന്റെ കാറിലാണ് ഉറക്കം. 

നഗരസഭയിൽനിന്നു പട്ടികജാതി വികസന ഫണ്ടിൽ ലഭിച്ച വായ്പാത്തുകയിൽ വീടു നിർമാണം ആരംഭിച്ച നടരാജനു പണം മുഴുവൻ ലഭിക്കാത്തതിനാൽ വീടു നിർമാണം പൂർത്തിയാക്കാനായില്ല. സമീപത്ത് ഓലകൊണ്ടു താൽക്കാലികമായുണ്ടാക്കിയ ഷെഡിലായിരുന്നു ഇരുവരുടെയും താമസം.

പ്രളയജലത്തിൽ ഓലഷെഡ് മുങ്ങിയപ്പോൾ ഇരുവരും കളമശേരി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു താമസം. 26നു ക്യാംപ് പിരിച്ചുവിട്ടപ്പോഴാണു കയറിക്കിടക്കാൻ ഇടമില്ലാതെ കാറിൽ വാസമാരംഭിച്ചത്.