Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫ്ലഡ് ലെവൽ 1099 എംഇ.’ ഒരു നൂറ്റാണ്ടുമുൻപു കുറിച്ചിട്ടയാൾ ആരായിരിക്കും?

water-level-marking പറവൂർ പുതിയകാവ് ഭഗവതി ക്ഷേത്രം ഊട്ടുപുരയിൽ 99ലെ വെള്ളപ്പൊക്കത്തിന്റെ അളവ് ഒരു നൂറ്റാണ്ടുമുൻപ് രേഖപ്പെടുത്തിയത് നോക്കികാണുന്ന മുരളി തുമ്മാരുകുടിയും ജി. ശങ്കറും.

കേരളത്തിന്റെ പ്രളയദുരന്ത ഭൂമിയിലൂടെ, യുഎൻ പരിസ്ഥിതിസംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ‍ഡോ. മുരളി തുമ്മാരുകുടിയും പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറും ഒരുമിച്ചു സഞ്ചരിച്ചു. പ്രളയം കവർന്ന പ്രദേശങ്ങളിലൂടെ ‘മനോരമ’യ്ക്കു വേണ്ടിയുള്ള പഠനയാത്ര.  

പ്രളയം ദിവസങ്ങളോളം മുക്കിക്കളഞ്ഞ ആലുവയും ചാലക്കുടിയും കുട്ടനാടും ചെങ്ങന്നൂരും പിന്നിട്ട് വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും തകർത്ത ഇടുക്കിയും വയനാടും കടന്ന് ദിവസങ്ങൾ നീണ്ട പര്യടനം. 

55 ലക്ഷത്തോളം പേരെ ബാധിച്ച, 483 പേരുടെ ജീവനെടുത്ത, ഒന്നേകാൽ ലക്ഷം വീടുകൾ കടപുഴക്കിയ മഹാപ്രളയത്തിന്റെ ബാക്കിയാണ് ഇവർ കണ്ട കേരളം. പ്രളയാനന്തര കേരളത്തെ എങ്ങനെ പുനർനിർമിക്കാം? ഇനിയും ദുരന്തങ്ങൾക്കു നമ്മുടെ ജനതയെ വിട്ടുകൊടുക്കാതിരിക്കാൻ എന്തു മുൻകരുതലെടുക്കാം..? 

അവരുടെ കാഴ്ചകളും വിദഗ്ധ നിർദേശങ്ങളുമടങ്ങിയ പരമ്പര ‘എഴുതാം പുതുകേരളം’ വായിക്കാം.

‘ഫ്ലഡ് ലെവൽ 1099 എംഇ.’

ആ വാക്കുകൾ തേടിപ്പോയത് പുൽപ്പടർപ്പുകൾ ചവിട്ടിയൊതുക്കിയും പ്രളയം ബാക്കിവച്ച ചേറിൽ കാൽപൂണ്ടുമാണ്..

പറവൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിന്റെ ഊട്ടുപുരയുടെ ചുമരിൽ മധ്യഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന ഈ വാചകത്തിനു മുന്നിൽ നിന്നപ്പോൾ 94 വർഷം മുൻപ് അതു വരച്ചിട്ടയാളുടെ ശാസ്ത്രബോധത്തിനു മുന്നിൽ നമസ്കരിച്ചു; മുരളി തുമ്മാരുകുടിയും ജി. ശങ്കറും.

1099 എം.ഇ. എന്നാൽ മലയാളം ഇറ (മലയാള വർഷം 99 ). 99ലെ (1924) വെള്ളപ്പൊക്കത്തിൽ ഇത്രയും വെള്ളം ഉയർന്നു എന്ന് ഒരു നൂറ്റാണ്ടുമുൻപു കുറിച്ചിട്ടയാൾ ആരായിരിക്കും.?

വരുംകാലത്ത് മറ്റൊരു പ്രളയമുണ്ടാകുമ്പോൾ ഇതാ ഈ വര വരെ വെള്ളമെത്താമെന്നും കരുതിയിരിക്കണമെന്നും എന്നും ഓർമിപ്പിച്ച ആ കാലത്തിന്റെ ചുവരെഴുത്തുകാരൻ..! കേരളത്തിന്റെ സമതലപ്രദേശത്ത് വെള്ളം അടിക്കടി കയറിവരുമ്പോൾ ഇതെവിടെവരെ ഉയരുമെന്ന ഭയം മനുഷ്യനെ കീഴ്പ്പെടുത്തി. പറവൂരുകാർക്ക് 99ലെ വെള്ളപ്പൊക്കത്തിന്റെ വര ഒരത്താണിയായിരുന്നു. അത്രവരെ ഉയരാമെന്ന്.. ഉയർന്നിട്ടുണ്ടെന്ന് ഒരുത്തരം.!

2018ലെ വെള്ളപ്പൊക്കം 1924ലെ ആ വരയ്ക്കു തൊട്ടു താഴെ വരെ വന്നു തൊട്ടുവണങ്ങി കടന്നുപോയി...കേരളത്തിൽ മൂന്നോ നാലോ ഇടത്തുമാത്രമാണ് 99ലെ വെള്ളപ്പൊക്കത്തിന്റെ ഉയരം രേഖപ്പെടുത്തിയിട്ടുള്ളത്. മലയാറ്റൂർ താഴെപ്പള്ളി, തിരുവൈരാണിക്കുളത്ത് വെടിയൂർ മനയമ്പലം എന്നിങ്ങനെ ചിലയിടങ്ങൾ. 

വരയിൽ തുടങ്ങാം

ഈ ദുരന്തകാലത്ത് നാം ആദ്യം ചെയ്യേണ്ടതും ഇതുവരെ ആരും ചെയ്യാത്തതുമായ കാര്യമാണ് ഈ ‘മാർക്കിങ്’ എന്നു മുരളിയും ശങ്കറും പറയുന്നു.

കേരളത്തെ പുനർനിർമിക്കാനുള്ള അടിസ്ഥാനവരയാണ് ഇത്തവണത്തെ വെള്ളപ്പൊക്കത്തിന്റെ അളവ്. ഒരു നൂറ്റാണ്ടിന്റെ ഇടവേളയിൽ രണ്ടുവട്ടം വെള്ളം ഇറങ്ങിപ്പോയ കേരളം. കാലാവസ്ഥാ വ്യതിയാനം മൂലം  ഇനിയുമൊരു പ്രളയം ഏതു നേരത്തും പടികയറിവാരമെന്നിരിക്കെ, അതിന്റെ അളവ് കുറിക്കപ്പെടണം.

∙  വികസിത രാജ്യങ്ങളിൽ ഫ്ലഡ് മാപ്പ് (വെള്ളപ്പൊക്ക ഭൂപടം) പ്രത്യേകമുണ്ടെന്നു മുരളി തുമ്മാരുകുടി പറയുന്നു. ഈ മാപ്പ് നോക്കിയിട്ടേ വീടു പണിയൂ. വ്യവസായശാലകൾ നിർമിക്കാൻ അനുമതി നൽകൂ. വെള്ളപ്പൊക്കത്തിനുമാത്രമല്ല, ഭൂമികുലുക്കത്തിനും അഗ്നിപർവത വിസ്ഫോടനത്തിനുമൊക്കെ സാധ്യതയുള്ള ഇടങ്ങൾ ഇതുപോലെ ചുമരുകളിലും സർക്കാർ രേഖകളിലും വരച്ചിട്ടുണ്ടാവും. വിമാനത്താവളങ്ങളുടെ പരിസരത്ത് വിമാനത്തിന്റെ ശബ്ദം മൂലമുണ്ടാകുന്ന എയർപോർട് നോയിസിന്റെ അളവുപോലും രേഖപ്പെടുത്തിയിട്ടുണ്ടാവും. 30% വിലക്കുറവാണ് ഇത്തരം സ്ഥലങ്ങളിൽ. 

∙   എല്ലാ സർക്കാർ സ്ഥാപനങ്ങളും ആദ്യം ചെയ്യേണ്ടത് വെള്ളം കയറിയെത്തിയ പരമാവധി അളവ് എത്രയോ അത് രേഖപ്പെടുത്തുകയാണ്. സ്പ്രേ പെയിന്റുകൊണ്ടോ സാധാരണ പെയിന്റ് ബ്രഷ് കൊണ്ടോ നല്ല കട്ടിയിൽ ഒരു വര വരയ്ക്കുക. അതിനുനേരെ ‘മാക്സിമം ഫ്ലഡ് ലെവൽ 2018’ എന്ന് എഴുതിവയ്ക്കുക. ഇതിനു സർക്കാർ നിർബന്ധിത ഉത്തരവു പുറപ്പെടുവിക്കണം.  മാഞ്ഞുപോവാതിരിക്കാൻ പിന്നെയത് വേണമെങ്കിൽ ഒരു സ്മാരകശിലാഫലകമാക്കാം. രേഖപ്പെടുത്തൽ വൈകും തോറും കൃത്യമായ അളവ് നഷ്ടപ്പെടുമെന്നോർക്കുക.

വരച്ചുവച്ചാൽ എന്താണു ഗുണം?

പറവൂർ ചേന്ദമംഗലം പഞ്ചായത്ത് കെട്ടിടം തരും ആ ചോദ്യത്തിനുത്തരം. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ വെള്ളമിറങ്ങിപ്പോയിട്ടു മൂന്നാംദിവസം. കസേരകൾ, കംപ്യൂട്ടറുകൾ, ജനറേറ്റർ, പ്രിന്റർ തുടങ്ങി എല്ലാം വെള്ളവും ചെളിയും കയറി നാശമായിരിക്കുന്നു. 

എല്ലാം കഴുകിവൃത്തിയാക്കുന്ന ജീവനക്കാർ. ഒരു സന്നദ്ധപ്രവർത്തകൻ മൂടിയിട്ടിരുന്ന ടർപായ ഉയർത്തിക്കാണിച്ചു. അതിനടിയിൽ ചെളികയറി നശിച്ച പേപ്പറുകളുടെ കൂമ്പാരം. എല്ലാം ഓരോ ഫയലാണ്, ഓരോ ജീവിതവും. കംപ്യൂട്ടറുകൾ നാശമായി; രേഖകളും. ഇതെല്ലാം ഇനി എങ്ങനെ വീണ്ടെടുക്കുമെന്ന വേവലാതിയിൽ പഞ്ചായത്ത് സെക്രട്ടറി.

വെള്ളം കയറിത്തുടങ്ങിയ ആദ്യദിവസം പരിസരത്തു രക്ഷാപ്രവർത്തനം നടത്തി തിരിച്ചുവന്ന് പഞ്ചായത്ത് അധികൃതർ ഗേറ്റിനരികിൽ പാർക്ക് ചെയ്ത വാഹനം പിറ്റേന്നു മൂടിപ്പോയി. പഞ്ചായത്തിന്റെ താഴത്തെ നിലയുടെ മുക്കാൽഭാഗമാണു പൂർണമായും മുങ്ങിയത്. അപ്പോഴും മുകൾനിലയിൽ വെള്ളം കയറിയില്ല.

ഈ പഞ്ചായത്ത് കെട്ടിടത്തിൽ പ്രളയജലത്തിന്റെ നില രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിൽ ആദ്യം ചെയ്യുക, കംപ്യൂട്ടറുകളും പ്രധാനപ്പെട്ട രേഖകളും മുകൾ നിലയിലേക്കു മാറ്റുകയായേനെ. എങ്കിൽ ഒന്നും നഷ്ടമാവില്ലായിരുന്നു.

തുടരും...