ഇനി വേണ്ടത് അവസരത്തിനൊത്ത് ‘ഉയരുന്ന’ വീടുകൾ

കേരളത്തിന്റെ പ്രളയദുരന്ത ഭൂമിയിലൂടെ, യുഎൻ പരിസ്ഥിതിസംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ‍ഡോ. മുരളി തുമ്മാരുകുടിയും പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറും ഒരുമിച്ചു സഞ്ചരിച്ചു. പ്രളയം കവർന്ന പ്രദേശങ്ങളിലൂടെ ‘മനോരമ’യ്ക്കു വേണ്ടിയുള്ള പഠനയാത്ര തുടരുന്നു...

സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ തൂണുകളിലുള്ള വീടുകൾ പരീക്ഷിക്കണമെന്നു ജി.ശങ്കർ പറയുന്നു. കുട്ടനാടിനു സമാനമായ ഭൂപ്രകൃതിയുള്ള ഇടമാണു ഹോളണ്ട്. അവിടെ കാലുകളിൽ ഉയർത്തി നിർത്തിയിരിക്കുന്ന വലിയ വീടുകൾ കാണാം. വെള്ളമുയരുന്നതനുസരിച്ച് ഉയരുന്ന ഫ്ലോട്ടിങ് കെട്ടിടങ്ങളും ഹോളണ്ടിലുണ്ട്.

മുളയിലും തടിയിലുമൊക്കെ മനോഹരവും ഉറപ്പുള്ളതുമായ വീടുകൾ നിർമിക്കാവുന്ന സാങ്കേതികവിദ്യ നിലവിലുണ്ട്. കുട്ടനാട്ടിലായാലും നമ്മൾ കോൺക്രീറ്റ് വീടുകളോടാണു പ്രിയം കാണിക്കുന്നത്. അടിത്തട്ട് ഉറപ്പില്ലാത്ത മണ്ണിൽ വലിയ കോൺക്രീറ്റ് വീടുകൾ വയ്ക്കുന്നതു നിലനിൽക്കില്ലെന്നു കുട്ടനാട്ടിലെ പര്യടനം കാണിച്ചുതന്നു.

കുട്ടനാടിനെ ചങ്ങനാശേരി ടൗൺ ആക്കാൻ ശ്രമിക്കരുത്. കുട്ടനാട്ടിലെ വീടുകൾക്ക് അതേസ്വഭാവം വേണമെന്നും ശങ്കർ പറയുന്നു.