Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു മണിക്കൂറിൽ വീടു റെഡി; ചെലവ് 25000 രൂപയിൽ താഴെ!

house-within-3-hours വീണ്ടും, ഇവിടൊരു വീടുണ്ടായി... പ്രളയത്തിൽ കിടപ്പാടമുൾപ്പെടെ സർവതും നഷ്ടപ്പെട്ട കനകദാസ് -ഷിജി ദമ്പതികൾക്ക് നിർമിച്ചു നൽകുന്ന താൽക്കാലിക ഭവനത്തിന്റെ പണി മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ ഇന്നലെ രാത്രി പുരോഗമിക്കുന്നു. ഷിജിയാണ് വീടിന്റെ വാതിൽ ഘടിപ്പിക്കുന്നത് നോക്കിനിൽക്കുന്നത്. ചിത്രം: റിജോ ജോസഫ്∙മനോരമ

കൺമുന്നിൽ മൂന്നു മണിക്കൂറിനുള്ളിൽ വീട് ഉയർന്നപ്പോൾ കനകദാസും ഷിജിയും ഒരു നിമിഷത്തേക്ക് പ്രളയം മറന്നു. തലചായ്ക്കാൻ തൽക്കാലമെങ്കിലും ഒരിടമായി. ട്രഫോഡ് ഷീറ്റുകൾ, ഇരുമ്പ് കമ്പികൾ, ‍പ്ലൈവുഡ് ഷീറ്റുകൾ മൂന്ന്  മണിക്കൂർ കൊണ്ട് താൽക്കാലിക ഭവനങ്ങൾ നിർമിക്കാനുള്ള പദ്ധതിയുമായി ബാംഗ്ലൂർ ആസ്ഥാനമായുള്ള പ്രൊജക്ട് വിഷൻ പ്രവർത്തകർ കേരളത്തിലെത്തി.

ചങ്ങനാശേരി ചാരിറ്റി വേൾഡിന്റെ സഹകരണത്തോടെ ചങ്ങനാശേരി ആലപ്പുഴ എസി റോഡിൽ പാറയ്ക്കൽ കലുങ്ക് ഭാഗത്തുള്ള കനകദാസ് -ഷിജി ദമ്പതികൾക്കാണ് താൽക്കാലിക ഭവനം നിർമിച്ചു നൽകിയത്. 

പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട്, കയറിക്കിടക്കാൻ ഇടമില്ലാതെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന ഈ കുടുംബത്തിന്റെ വാർത്തയും പടവും മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സഹായവുമായി പ്രൊജക്ട് വിഷനും ചാരിറ്റി വേൾഡും മുന്നോട്ടുവന്നത്. ഈ കുടുംബത്തിന് മൂന്നു സെന്റ് സ്ഥലവും വീടും നൽകുമെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും അറിയിച്ചിട്ടുണ്ട് .

15 അടി നീളമുള്ള ട്രഫോർഡ് ഷീറ്റുകൾ കൊണ്ടാണ് 150 സ്ക്വയർ ഫീറ്റിൽ വീട് നിർമിച്ചിരിക്കുന്നത്. പ്രത്യേകമായി വളച്ചെടുത്ത ഇരുമ്പ് കമ്പികൾ മണ്ണിൽ ഉറപ്പിച്ച ശേഷം ഇതിനു മുകളിൽ ഷീറ്റ് ഉറപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അർധ വൃത്താകൃതിയിലുള്ള വീടിന്റെ ഇരുവശത്തും പ്ലൈവുഡ് ഷീറ്റുകൾ പട്ടികയിൽ ഉറപ്പിച്ച് മറച്ചിരിക്കുകയാണ്. പ്ലൈവുഡ് ഉപയോഗിച്ച് വാതിലും നിർമിച്ചിരിക്കുന്നു. വെളിച്ചം വീടിനുള്ളിൽ ലഭിക്കുന്നതിനായി സുതാര്യമായ ട്രഫോർഡ് ഷീറ്റാണ് മുകൾഭാഗത്ത് ഉറപ്പിച്ചിരിക്കുന്നത്. പുതുതായി വീട് വയ്ക്കുമ്പോൾ താൽക്കാലിക ഭവനം ഇളക്കി മാറ്റുകയും ഇതിന്റെ ഭാഗങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഇതിനോടു ചേർന്ന് ശുചിമുറികൾ നിർമിക്കാനുള്ള സൗകര്യവും ഉണ്ട് .

രണ്ട് ആളുകൾ ‍മൂന്ന് മണിക്കൂർ ജോലി ചെയ്താൽ വീട് തയാറാകും. 25000 രൂപയിൽ താഴെയാണ് ഒരു വീടിന്റെ ചെലവ്. അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് കേരള, ശാന്തി ചാരിറ്റബിൾ സൊസൈറ്റി കോഴിക്കോട് എന്നിവരും വീട് നിർമാണത്തിന് സഹായവുമായി എത്തിയിരുന്നു.

2015ൽ നേപ്പാളിൽ ഭൂകമ്പത്തെ തുടർന്ന് പ്രൊജക്ട് വിഷൻ 450 താൽക്കാലിക ഭവനങ്ങൾ നിർമിച്ചു നൽകിയിരുന്നു. വയനാട്ടിൽ 530 വീടുകൾ ഇത്തരത്തിൽ നിർമിക്കുന്നുണ്ട്. തിങ്കളാഴ്ച മുതൽ ഇവയുടെ നിർമാണം ആരംഭിക്കും. സൂനാമി ബാധിത പ്രദേശങ്ങളിലും ഇവർ സമാനമായ രാതിയിൽ വീടുകൾ നിർമിച്ചു നൽകിയിരുന്നു. 

inside-prefab-house മന്ത്രി തോമസ് ഐസക് താൽക്കാലിക വീടിന്റെ നിർമാണ രീതി മനസ്സിലാക്കുന്നു. സി.എഫ്.തോമസ് എംഎൽഎ സമീപം