Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനർനിർമാണം- കേരളത്തിന് ഇവരെ മാതൃകയാക്കാം

flood-alappuzha-pandanad

കേരളത്തിന്റെ പുനർനിർമാണത്തിൽ മാതൃകയാക്കാവുന്ന ചില വിജയകഥകൾ പരിശോധിക്കാം.

ജപ്പാൻ മോഡൽ- കരുതലേകാം, ദത്തെടുക്കാം

സൂനാമിയിൽ തകർന്നടിഞ്ഞ ജപ്പാനിലെ സ്കൂളുകൾ പുനരുദ്ധരിക്കാൻ ഏറ്റവും ഫലപ്രദമായത് ‘സ്കൂൾ ദത്തെടുക്കൽ’ പദ്ധതിയാണ്. തകർന്നുപോയ സ്ഥലത്തെ സ്കൂളുകളെ രാജ്യത്തിന്റെ മറ്റേതെങ്കിലുമൊരു ഭാഗത്തെ സ്കൂൾ ദത്തെടുക്കുന്നതായിരുന്നു ഇത്. കേരളത്തിൽ നമുക്കിതു കുറച്ചുകൂടി വിപുലമാക്കാം. രാജ്യാന്തര ബിസിനസ് ശൃംഖലയുള്ള ഒരു കമ്പനിക്ക് 100 വീടുകളെ ദത്തെടുക്കാൻ കഴിഞ്ഞേക്കും. നാലുലക്ഷം രൂപയ്ക്കു തീർക്കാവുന്ന വീടിന്റെ മാതൃക മുൻകൂട്ടി നൽകണം. നൂറുവീടിനു നാലുകോടി രൂപയേ വരൂ. ആയിരം വീടിന്റെ നിർമാണം പോലും ഏറ്റെടുക്കാവുന്ന കമ്പനികൾ ധാരാളം. 

റോഡുകൾ, പാലങ്ങൾ പോലുള്ള ഇൻഫ്രാ സ്ട്രക്ചർ റീബിൽഡിങ്ങിനു വേൾഡ് ബാങ്ക് പോലുള്ള ഏജൻസികളാവും ഉചിതം. അതേസമയം തകർന്നുപോയ പാണ്ടനാട് പുനർനിർമിക്കാൻ സാധ്യമായൊരു പദ്ധതിയുണ്ടാക്കിയാൽ ഏറ്റെടുക്കാൻ അവിടത്തെ വിദേശമലയാളികളുടെ കൂട്ടായ്മകളെ പങ്കെടുപ്പിക്കാം. കേരളത്തിലെ സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ പൂർവവിദ്യാർഥി കൂട്ടായ്മകളെ ഏൽപിക്കാം.

ചിലെ മോഡൽ- വീടുകൾ ഒന്നുപോലെ

ചിലെയെ 2010ൽ തകർത്തെറിഞ്ഞ ഭൂമികുലുക്കത്തിനുശേഷം വീടുകൾ പുനർനിർമിച്ച മാതൃക കേരളത്തിലും പരീക്ഷിക്കാം. അവിടെ കമ്പനികൾക്ക് രണ്ടുതരം വീടുകളുടെ രൂപകൽപന നടത്താൻ നിർദേശം നൽകി. ഒന്ന് സർക്കാർ നൽകുന്ന തുകയ്ക്കു തീർക്കാവുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള രൂപകൽപന. രണ്ടാമത്തേത് സ്വന്തമായി പണം മുടക്കാൻകൂടി കഴിയുന്നവിധം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവർക്കായുള്ള കൂടുതൽ സൗകര്യമുള്ള രൂപകൽപന. ഇരകളായവർക്ക് ഇതിലേതും തിരഞ്ഞെടുക്കാം. സർക്കാർ മുടക്കുന്ന തുക തുല്യമായിരിക്കുമെന്നു മാത്രം. കേരളത്തിലും ഇതു പ്രായോഗികം.

ജപ്പാൻ, ബ്രസീൽ മോഡൽ - നഗരങ്ങൾ ‘മാറ്റിമറിക്കാം’

ജപ്പാൻ: കടലോരമേഖലകൾ പാർപ്പിട, നഗര മേഖലകളായിരുന്നു. കാർഷികമേഖല അതിനു പിന്നിലെ ചെരിവുകളിൽ. സൂനാമി പലതവണ ഈ ജനവാസമേഖലയും വൻ കെട്ടിടസമുച്ചയങ്ങളും തകർത്തപ്പോൾ അവർ പഠിച്ചതു പുതിയ വികസനപാഠം. സൂനാമി അടിച്ചുകയറുന്ന അളവ് രേഖപ്പെടുത്തി ജനവാസമേഖലയെയും നഗരങ്ങളെയും ഇതിനു പിന്നിലേക്കു മാറ്റി. പകരം ധാന്യപ്പാടങ്ങൾ തീരത്തേക്കും മാറ്റി. സൂനാമിയിൽ കൃഷി നശിച്ചാലും നഷ്ടത്തിന്റെ അളവുകുറയും. 

ബ്രസീൽ: തീരദേശത്തു നിന്നു ജനവാസമേഖല പിന്നിലേക്കു നീക്കിയെടുത്തത് പതിറ്റാണ്ടുകൾ കൊണ്ടാണ്. പകരം ഈ ഭാഗത്ത് ഇപ്പോൾ ഫുട്ബോൾ മൈതാനങ്ങളും മറ്റുമാണ്. വെള്ളം കയറിയാൽ കുറച്ചുദിവസം കളിമുടങ്ങും; അത്രമാത്രം.

ആലുവയും ചാലക്കുടിയും ചെങ്ങന്നൂരും പോലെ പ്രളയം രൂക്ഷമായി ആക്രമിച്ച നഗരങ്ങളെ വിദഗ്ധരെ ഉപയോഗിച്ചു റീഡിസൈൻ ചെയ്യണം.

ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, അഗ്നിശമന സേന, കൺട്രോൾ റൂമുകൾ ഇവയൊക്കെ നഗരത്തിൽതന്നെ വെള്ളം കയറാത്ത സ്ഥലങ്ങൾ കണ്ടെത്തി സ്ഥാപിക്കണം. ആലുവയിൽ നഗരമധ്യത്തിലുള്ള ജയിൽ പോലുള്ള സ്ഥാപനങ്ങൾ ദൂരേക്കു മാറ്റിയും സ്ഥലം കണ്ടെത്താം. 

നേപ്പാൾ മോ‍‍ഡൽ- ‘ഇക്കോ സേഫ് റോഡ് ’ 

മലയോരമേഖലയിലെ റോഡുകൾ പുനർനിർമിക്കുകയാണു സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ചില റോഡുകൾ ഉപേക്ഷിക്കേണ്ട സ്ഥിതിയിലുമാണ്. ഇതിനേക്കാൾ ചെങ്കുത്തായ മലനിരകളുള്ള നേപ്പാളിൽ പരിസ്ഥിതി സൗഹൃദ റോഡുകളുണ്ടായതിനു പിന്നിൽ യുഎൻ പരിസ്ഥിതി സംഘടന നൽകിയ പരിശീലനം നിർണായകമായിരുന്നെന്നു മുരളി തുമ്മാരുകുടി പറയുന്നു. ഇതിനായി യുഎന്നിന് ഒരു ട്രെയിനിങ് മോഡലുണ്ട്. മലയിൽ റോഡ് വെട്ടുമ്പോൾ മണ്ണിടിച്ചിലുണ്ടാകാതെ എങ്ങനെ നോക്കാമെന്ന കാര്യത്തിൽ കേരളത്തിലെ എൻജിനീയർമാർക്ക് യുഎന്നിന്റെ പരിശീലനം നേടാം. 

തലയോലപ്പറമ്പ് മോഡൽ - ‘ സേവ് എ ഫാമിലി’

വെള്ളം കയറാത്ത വീട്ടുകാർ വെള്ളം കയറിയ വീടുകളെ ദത്തെടുക്കുന്ന സംവിധാനം ഇപ്പോൾത്തന്നെ പരീക്ഷിച്ചു തലയോലപ്പറമ്പിൽ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ഇരുപതോളം വീടുകൾ ദത്തെടുക്കാൻ ആളെ ലഭിച്ചു. സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺ പുതുവയുടെ നേതൃത്വത്തിലാണ് പദ്ധതി. ആവശ്യമുള്ള ഫർണിച്ചർ വാങ്ങിനൽകുക, കുട്ടികളുടെ വിദ്യാഭ്യാസമേറ്റെടുക്കുക എന്നിങ്ങനെയുമാകാം ദത്തെടുക്കൽ. പൂർണമായി തകർന്ന വീടുകൾ, അറ്റകുറ്റപ്പണി ചെയ്യേണ്ട വീടുകൾ എന്നിവയുടെ നിർമാണവും ഏറ്റെടുക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.