Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനർനിർമാണം- ആർക്കിടെക്ചർ കോളജുകൾക്ക് ഒരു ടി കെ എം മാതൃക

house-visit പ്രളയാനന്തര പുനരധിവാസത്തിന് നൂതന ആശയങ്ങളുമായി ടി. കെ. എം. എൻജിനീയറിങ് കോളജ്...

പാണ്ടനാട്ട് ടി. കെ. എമ്മിന്റെ നാൽപ്പത് അംഗ ടീം പ്രവർത്തനം തുടങ്ങി

പ്രളയദുരന്തത്തിൽ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച കേരളത്തിലെ പാണ്ടനാട് ഗ്രാമത്തിന് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിന്റെ ആദ്യപടിയായി, ടി.കെ.എം. എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചർ വിഭാഗത്തിൽ നിന്നുള്ള 40 അംഗ ടീം പാണ്ടനാട്ടെത്തി പ്രവർത്തനം പൂർത്തിയാക്കി.

പ്രാഥമികമായി ചെയ്യേണ്ട ബിൽഡിങ് ഡാമേജ് അസ്സസ്സ്മെന്റ്, സോഷ്യോ എക്കണോമിക് സർവ്വേ എന്നിവയാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. വകുപ്പുമേധാവി ഡോ. എ.എസ്. ദിലി, ടീം കോർഡിനേറ്റർ പ്രൊ. എസ്.എ. നിസാർ, പ്ലാനിങ് സെക്ഷൻ സീനിയർ അധ്യാപിക ഡോ. ആനി ജോൺ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെട്ട ടീം, പാണ്ടനാട് പഞ്ചായത്ത് ഓഫീസിൽ നിന്നും വിവിധ വാർഡുകളിലേക്ക് വാര്‍ഡ് മെമ്പർമാരുടെ സഹായത്തോടെ സർവ്വേ തുടങ്ങി.

tkm-field-visits

ഏഴ് ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ്, സംഘം പല വാർഡുകളിലായി ത്വരിതഗതിയിലാണ് സർവ്വേ നടത്തുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളില്‍ പ‍ഞ്ചായത്ത് മുഴുവൻ സർവ്വേ ചെയ്ത് പ്രാഥമിക അസ്സസ്മെന്റ് റിപ്പോർട്ട് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഒരു പ്രാഥമിക അവലോകനം ഇതുവഴി സാധ്യമാകും. സോഷ്യോ എക്കണോമിക് സർവ്വേ, തുടർന്നുള്ള പഞ്ചായത്തിന്റെ പശ്ചാത്തല സൗകര്യങ്ങളെക്കുറിച്ചുള്ള പഠനം, ജിപിഎസ് സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന വിവരങ്ങൾ ഇവ ഉൾക്കൊള്ളിച്ച് വിശദമായ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ സാധിക്കും. ഇതുൾപ്പെട്ട പ്ലാനിങ് പ്രൊപ്പോസൽ രണ്ടുമാസം കൊണ്ട് കേരളാ ഗവൺമെന്റിന് സമർപ്പിക്കാൻ സാധിക്കും.

ടി.കെ.എം ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച് മുതിർന്ന അധ്യാപകരുടെ അഞ്ചംഗ സംഘം, പ്ലാനിങ് ബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാലുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്, പാണ്ടനാട്, ബുധനൂർ പഞ്ചായത്തുകളുടെ പുനർജീവനത്തിനുള്ള മാസ്റ്റർപ്ലാനും അനുബന്ധ റിപ്പോർട്ടും തയ്യാറാക്കുവാൻ തീരുമാനിച്ചത്.

സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് കൺവീനർ ശ്രീ. ബിജു എസ്., KSREC (Kerala State Remote Sensing and Environment Centre) സീനിയർ സയന്റിസ്റ്റ് ഡോ. സുബാഷ് ചന്ദ്രബോസ്, കേരള ലൈഫ് മിഷൻ പദ്ധതിയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ച ശ്രീ. രാജീവ് എസ്.ആർ, തദ്ദേശ സ്വയംഭരണവകുപ്പിലെ മാതൃകാപ്രവർത്തനങ്ങൾ കാഴ്ചവച്ച ചില ഉദ്യോഗസ്ഥർ എന്നിവര്‍ ടി.കെ.എമ്മിന്റെ 40 അംഗ ടീമുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഈ സഹകരണപ്രവർത്തനങ്ങൾ, സംസ്ഥാനത്തിന്റെ വിവിധ സംവിധാനങ്ങൾ ടീമിനു ലഭ്യമാകുന്നതിനും, തദ്ദേശവാസികളെ ഏകോപിപ്പിച്ച് അഭിപ്രായ രൂപീകരണം നടത്തുന്നതിനും വളരെയധികം സഹായകമാണ്.

ടി.കെ.എം. ആർക്കിടെക്ചർ വിഭാഗം തയ്യാറാക്കുന്ന ഈ പ്ലാനിങ് പ്രൊപ്പോസൽ, സമാനസ്വഭാവമുള്ള പഞ്ചായത്തുകൾക്കുള്ള മാതൃകയായി പരിഗണിക്കാവുന്നതാണ്.

40 അംഗ ടീമിന്റെ പ്രവർത്തനം – ആർക്കിടെക്ചർ വിഭാഗത്തിലെ ഒരു അധ്യാപകൻ, വാർഡ് മെമ്പർ എന്നിവരുടെ നേതൃത്വത്തിൽ രണ്ടുവീതം പോസ്റ്റ് ഗ്രാഡുവേറ്റ് വിദ്യാർഥികളും (എം. പ്ലാൻ), ബിരുദവിദ്യാർഥികളും (ബി.ആർക്ക്) അടങ്ങുന്ന ഏഴ് സബ്ഗ്രൂപ്പുകൾ പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിൽ പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങൾ പ്രകാരമാണ് സർവ്വേ നടത്തുന്നത്. നാല് കുട്ടികൾ അടങ്ങുന്ന ഓരോ സബ്ഗ്രൂപ്പും വീണ്ടും രണ്ടായി പിരി‍ഞ്ഞ് ഒരേ സമയം രണ്ട് വീടുകളിൽ സർവ്വേ നടത്തും. ഇത്തരത്തിൽ മുന്നൂറോളം വീടുകളുടെ സർവ്വേ ഒരു ദിവസം പൂർത്തിയാക്കാൻ സാധിക്കും.

survey-pandanad

സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രൊജക്ടുകളില്‍ ഭാഗഭാക്കാകുക എന്നത് ഇന്നത്തെ തലമുറയിലെ പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് എല്ലാ തരത്തിലും ഉള്ള വികാസത്തിന് വളരെയധികം സഹായിക്കുന്നു. ടീമിലുള്ള ആർക്കിടെക്ടുകൾ, സിവിൽ എൻജിനീയർമാര്‍, പ്ലാനർമാർ തുടങ്ങിയവരുടെ ഏകോപിതമായ ക്രിയാത്മക പ്രവർത്തനങ്ങൾ ഓരോ വിഭാഗത്തിന്റേയും വികാസത്തിന് ഉപയോഗപ്രദമാകുന്നതാണ്.

ടി.കെ.എമ്മിന്റെ പ്രവർത്തനം ബുധനൂരിൽ

പ്രളയദുരന്തത്തിൽ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച കേരളത്തിലെ പാണ്ടനാട് ഗ്രാമപഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന ബുധനൂർ ഗ്രാമപഞ്ചായത്തിൽ ടി.കെ.എം. എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചർ വിഭാഗത്തിലെ expert ടീം സർവ്വേ പൂർത്തിയാക്കി. 

field-visit

പാണ്ടനാട് പഞ്ചായത്തിലെ സർവ്വേ പൂർത്തിയാക്കിയ ശേഷമാണ് അവർ ബുധനൂരിലേക്ക് കടന്നത്. ബുധനൂര്‍ പഞ്ചായത്താഫീസിൽ പഞ്ചായത്ത് പ്രസിഡന്റ്, ശ്രീ. വിശ്വംഭരപണിക്കർ, വാർഡ് മെമ്പർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ച നടത്തിയ ടി.കെ.എം. എൻജിനീയറിങ് കോളജ് ആർക്കിടെക്ചർ വിഭാഗം മേധാവി ഡോ. എ.എസ്. ദിലി, ടീം കോർഡിനേറ്റർ പ്രൊ. എസ്.എ. നിസാർ, അധ്യാപകവിദ്യാർഥികൾ ഉൾപ്പെട്ട ടീം വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് സർവ്വേ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ബുധനൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളും കേന്ദ്രീകരിച്ച് വളരെ വിശദമായി തന്നെ ടീം സർവ്വേ നടത്തും. 14 സബ് ഗ്രൂപ്പുകളായി തിരി‍ഞ്ഞാണ് ടീം സർവ്വേ നടത്തുന്നത്.

ഒരു സബ്ഗ്രൂപ്പിലെ അംഗങ്ങൾ

1 അധ്യാപകൻ, വാർഡ് മെമ്പർ, 2 എം പ്ലാൻ വിദ്യാർഥികൾ, 2 ബി ആർക്ക് വിദ്യാർഥികള്‍

വിദ്യാർഥികൾക്കുള്ള നേട്ടങ്ങൾ

അധ്യയനത്തിന്റെ ഭാഗമായി സാമൂഹിക പ്രശ്ന‌‌ങ്ങളിൽ ഇടപെടുന്നതിനുള്ള അവസരം പ്രൊഫഷണൽ വിദ്യാർഥികൾക്ക് വളരെ വിരളമായേ ലാഭിക്കാറുള്ളൂ. ടി.കെ.എം എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചർ വിഭാഗം വിദ്യാർഥികൾ ഈ അവസരം സമൂഹനന്മയ്ക്കും സ്വന്തം കഴിവുകളുടെ വികാസത്തിനും വേണ്ടി യുക്തിപൂർവ്വം വിനിയോഗിച്ചിരിക്കുകയാണ്.

ഈ ഒരു പ്രോജക്ട് ടി.കെ.എം. ചെയ്യാൻ തീരുമാനിച്ചപ്പോള്‍ തന്നെ വലിയ ഒരു വിഭാഗം വിദ്യാർഥികൾ സന്നദ്ധരായി ഇതിലേക്ക് കടന്നുവന്നത് ശ്രദ്ധേയമാണ്. പകലന്തിയോളം സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വിവരങ്ങൾ ക്രോഡീകരിക്കുന്നതിലുള്ള അവരുടെ പ്രവർത്തനം ശ്ലാഘനീയമാണ്.

survey-budhanur

ടി.കെ.എമ്മിന്റെ ഇത്തരം പ്രവർത്തനങ്ങൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും മാതൃകയാകുമെന്ന് കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.