Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ വെള്ളം കയറിയെങ്കിലും സഹായധനം വേണ്ട; വൈറലായി വീട്ടുടമയുടെ കത്ത്

flood-relief അർഹരിലേക്കു വഴികാട്ടി, ജോർജിന്റെ കത്ത്

വീട്ടിൽ വെള്ളം  കയറാ‍‍ഞ്ഞിട്ടല്ല; പക്ഷേ അതിന്റെ പേരിൽ സഹായവുമായി കാനപ്പിള്ളി വീടിന്റെ പടി കടന്നുവരുന്നതു സർക്കാരായാലും വീട്ടുകാരൻ ജോർജിന് അതു വേണ്ട. വേണ്ടെന്നു വെറുതെ പറയുകയല്ല അക്കാര്യം വ്യക്തമായി വെള്ളക്കടലാസിൽ എഴുതി വീടിനു മുന്നിൽത്തന്നെ  പതിപ്പിച്ചിട്ടുമുണ്ട്.

പ്രളയദുരിതാശ്വാസ പട്ടികയിൽ അനർഹർ കയറിപ്പറ്റുന്നെന്ന  വാർത്തകൾക്കിടെ ചെറായി  രക്തേശ്വരി ബീച്ച് പരിസരത്തു നിന്നാണ് ഈ വേറിട്ട  കാഴ്ച. സഹായധനവിതരണത്തിനുള്ള കണക്കെടുപ്പിന് എത്തിയ റവന്യു ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ചു ജോർജിന്റെ കത്ത്. അവരിലൊരാൾ പങ്കുവച്ച അതിന്റെ  ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. 

പ്രളയസമയത്ത് ആദ്യം വെള്ളം കയറിയ വീടുകളിലൊന്നു  തന്റേതായിരുന്നുവെന്നു കൽപ്പണിക്കാരനായ ജോർജ് പറയുന്നു. എന്നാൽ കാര്യമായ നാശനഷ്ടം ഉണ്ടായില്ല. ആകെ നനഞ്ഞു നശിച്ചതു കുറച്ചു പായകളും കറിപ്പൊടികളും മാത്രം. മറ്റു പലയിടങ്ങളിലെയും നാശനഷ്ടങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ താൻ എന്തിനു നഷ്ടപരിഹാരം വാങ്ങണമെന്നാണു ജോർജിന്റെ ചോദ്യം. 

തനിക്കു സഹായം നൽകുന്നതിനു പകരം ആ തുക വെള്ളപ്പൊക്കത്തിൽ  ആകെ തകർന്ന പറവൂർ പെരുമ്പടന്ന കിഴക്കുഭാഗങ്ങളിലുള്ളവർക്കു നൽകണമെന്ന നിർദേശവും ജോർജ് കത്തിൽ മുന്നോട്ടുവയ്ക്കുന്നു. 

നട്ടെല്ലിലെ അസുഖത്തിനു ശസ്ത്രക്രിയ കഴിഞ്ഞതോടെ ജോലിക്കുപോകാൻ കഴിയാതായ ജോർജിനെ ഇപ്പോൾ ഹൃദ്രോഗവും  അലട്ടുന്നുണ്ട്.

ഉയർന്ന വരുമാനക്കാർക്കുള്ള റേഷൻ കാർഡാണു ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമടങ്ങിയ കുടുംബത്തിന്റേത്. അർഹതയില്ലാത്ത സഹായധനം വേണ്ടെന്ന് ഉറപ്പിച്ചുപറയുമ്പോഴും  റേഷൻകാർഡ് ഒന്നു മാറ്റി നൽകാൻ അധികൃതർ കരുണ കാണിക്കമെന്നാണു ജോർജിന്റെ അഭ്യർഥന.