Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാനാകുമോ ആ രാത്രി?...പ്രളയത്തിനു ശേഷം ചില ജീവിതക്കാഴ്ചകൾ...

destroyed-house തകർന്ന വീടിനു മുന്നിൽ ഉസ്മാൻ. ഒരുമാസം മുൻപ് പ്രളയത്തിന്റെ പ്രഹരമേറ്റ അതേ അവസ്ഥയിലാണ് വീട് ഇന്നുമുള്ളത്.

പ്രളയത്തിന്റെ താണ്ഡവത്തിൽ വിറങ്ങലിച്ചുനിന്നവർ ഇപ്പോൾ എന്തുചെയ്യുന്നു? ഒരുമാസത്തിനു ശേഷമുള്ള ചില കാഴ്ചകൾ...

കൈത്താങ്ങു കിട്ടാതെ ഉസ്മാൻ

കഴിഞ്ഞ മാസം എട്ടിനാണ് കുതിച്ചെത്തിയ വെള്ളം മാടത്തുംപാറയിലെ ചൊണ്ണി ഉസ്മാന്റെ വീടു തകർത്തത്. ഗൃഹോപകരണങ്ങളും ആകെ ഉള്ള ചെറിയ സമ്പാദ്യവുമെല്ലാം തകർന്നടിഞ്ഞ വീടിനുള്ളിൽ ഇന്നും കിടക്കുകയാണ്. വീടു തകർന്നതോടെ അവയും പൂർണമായും നശിച്ചിരുന്നു. 

വാടകവീട് അഭയം 

കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തോടൊപ്പം ബാണാസുര ഡാമും തുറന്നതോടെ സ്വന്തം വീട് തകർന്നടിഞ്ഞ് തലചായ്ക്കാൻ സ്വന്തമായൊരു ഇടമില്ലാതെ ഒരു മാസം പിന്നിട്ടിട്ടും നടപടികളൊന്നുമാകാത്തതിനെ തുടർന്ന് എന്തു ചെയ്യണമെന്നറിയാതെ വാടക വീട്ടിലെ അഭയത്തിൽ തുടരുകയാണ് ഉസ്മാൻ. 

രക്ഷാപ്രവർത്തനത്തിനിറങ്ങി, തിരിച്ചെത്തിയപ്പോൾ സ്വന്തം വീടുമില്ല

vinod

കുത്തൊഴുക്കിൽ തകർന്ന വീടും ഛിന്നഭിന്നമായ തയ്യൽമെഷീനും മറ്റും നോക്കിനിൽക്കാൻ മാത്രമേ നീരിട്ടാടിപൊയിലിലെ മൈലക്കുഴി വിനോദിനും കുടുംബത്തിനും പ്രളയശേഷം മാസം ഒന്ന് കഴിഞ്ഞും വിധിയുണ്ടായുള്ളു. അന്ന് വീടും വീട്ടുകാരെയും മറന്ന് വെള്ളത്തിൽ മുങ്ങിയ വീടുകളിൽ ഉള്ളവരെ രക്ഷിക്കുമ്പോഴും വിനോദ് അറിഞ്ഞിരുന്നില്ല പുഴയിൽനിന്ന് മീറ്ററുകളോളം അകലെയുള്ള തന്റെവീടും വെള്ളം കയറി നിലംപൊത്തി വീട്ടിലുള്ള എല്ലാം നശിക്കുമെന്ന്. 

വിനോദിന് ഇനിയും സഹായം ആവശ്യം 

ഉടുതുണിയല്ലാതെ എല്ലാം നഷ്ടപ്പെട്ട വിനോദും ഭാര്യയും 4 മക്കളുമടങ്ങുന്ന കുടുംബത്തിന് ഇന്നും അത്രയൊക്കെത്തന്നെ ഉള്ളു. എങ്കിലും പരാതിയോ പരിഭവമോ  വിനോദിനില്ല. വീടും വീട്ടുപകരണങ്ങളും പൂർണമായും നഷ്ടപ്പെട്ടു. തലചായ്ക്കാൻ ഒരിടം ഒരുക്കുന്നതിന് സന്നദ്ധസംഘടനാപ്രവർത്തകർ കമുകും മേൽക്കൂര മേയാൻ 10 ഷീറ്റുകളും നൽകി. കുറച്ച് വീട്ടു സാധനങ്ങളും ലഭിച്ചു. 

മറക്കാനാവില്ല ആ രാത്രിയിലെ ഓട്ടപ്പാച്ചിൽ 

new-house

പ്രളയത്തെ തുടർന്ന് രാത്രി കിടക്കപ്പായിൽ നിന്ന്എഴുന്നേറ്റ് ഓടിയ കീ‍ഞ്ഞുകടവിൽ പുത്തൻപുരയിൽ ഷംസുദ്ദീനും കുടുംബത്തിനും സ്വന്തമെന്നു പറയാൻ അവശേഷിച്ചത് അന്ന് ഉടുത്തിരുന്ന തുണികളും വാതിൽ ഇല്ലാത്ത ഒരു അലമാരയും മകന്റെ ചെറിയ സൈക്കിളും മാത്രം. ഇന്നു കാണുന്ന ബാക്കിയെല്ലാം നൽകിയത് നാട്ടുകാർതന്നെ. ജീവൻ തന്നെ തിരിച്ചു കിട്ടിയത് ഭാഗ്യമായാണ് ഇവർ കാണുന്നത്, കാരണം പുഴ നിറത്ത് ആദ്യം വെളളം കയറിയത് പുഴയോരത്തുള്ള ഈ വീട്ടിലാണ്. മൂന്നു സെന്റ് സ്ഥലമാണ് വീടടക്കം ഉണ്ടായിരുന്നത്. വീട് പൂർണമായും പുഴ കൊണ്ടുപോയതിന് ഒപ്പം കുറച്ച് സ്ഥലവും കവർന്നിരുന്നു.

നാടിന്റെ പിന്തുണ

നാദാപുരം പാറക്കടവിലുള്ള ഫൈസലിന്റെ നേതൃത്വത്തിലുളള 4 പേർ ചേർന്ന് മേയുന്നതിനും മറയ്ക്കുന്നതിനും ടിൻഷീറ്റും മറ്റും നൽകുകയും കീഞ്ഞുകടവ് ജുമ മസ്ദിജിന്റെ ഭാരവാഹികളുടെ നേതൃത്വത്തിൽ ഇത് ഉപയോഗിച്ച് വീട് നിർമിക്കുകയും ചെയ്തു. മറ്റു പലരും ചേർന്ന് കട്ടിലും ബെഡും പാത്രങ്ങളും മറ്റു വീട്ടു സാധനങ്ങളും നൽകി. ഇലട്രോണിക്സ് സാധനങ്ങളും അലമാരയും മാത്രമേ ലഭിക്കാതുള്ളു. ക്യാംപിൽ കിടന്നവർക്ക് സർക്കാർ നൽകിയ 10,000 രൂപയും ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.