Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി. കെ. എമ്മിന്റെ പാണ്ടനാട് - ബുധനൂർ പുനർജീവനത്തിനുള്ള പ്ലാനിങ് പദ്ധതി അന്തിമ ഘട്ടത്തിലേക്ക്

budhanoor-panchayath ബുധനൂർ പഞ്ചായത്തിനുവേണ്ടി ടി. കെ. എം. ടീം തയാറാക്കിയ വിശദമായ അടിസ്ഥാന മാപ്പുകൾ ആർക്കിടെക്ചർ വകുപ്പ് മേധാവി ഡോ. ദിലി എ. എസ്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പുഷ്പലത മധുവിന് കൈമാറുന്നു. ആർക്കിടെക്ചർ വിഭാഗം സീനിയർ അദ്ധ്യാപിക ഡോ. ജോളി ജോൺ, പ്ലാനിങ് ടീം കോഓർഡിനേറ്റർ പ്രൊഫ. നിസാർ എസ്. എ., പ്ലാനിങ് വിഭാഗം വിദ്യാർഥികൾ എന്നിവർ സമീപം.

ടി. കെ. എം. എൻജിനീയറിങ് കോളേജിലെ ആർക്കിടെക്ചർ വിഭാഗം സംസ്ഥാന ആസൂത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം ഏറ്റെടുത്ത പാണ്ടനാട് - ബുധനൂർ പ്രളയാനന്തര പുനർജീവനത്തിനുള്ള ഡെവലപ്മെന്റ് പ്ലാൻ തയാറാക്കുന്ന പ്രൊജക്റ്റ് അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നു.

ഓഗസ്റ്റ് മാസം അവസാനം മുതൽ ആരംഭിച്ച പ്ലാനിംഗ് സർവ്വേ പ്രവർത്തനങ്ങൾ പലഘട്ടങ്ങൾ പിന്നിട്ട് സെപ്റ്റംബർ മാസം പകുതിയോടുകൂടി അവസാനിച്ചിരുന്നു. സർവേയിൽനിന്നും ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ ക്രോഡീകരിച്ച് ഒപ്പം പഞ്ചായത്ത് മുതൽ സംസ്ഥാനതലം വരെയുള്ള ഓഫീസുകളിൽ നിന്നും ലഭ്യമായ വിവരങ്ങൾ കൂടി വിശകലനം ചെയ്ത് മാസ്റ്റർ പാൻ തയാറാക്കാൻ ആവശ്യമായ അടിസ്ഥാന മാനദണ്ഡങ്ങൾ തയാറാക്കി.

പാണ്ടനാട് - ബുധനൂർ പഞ്ചായത്തുകളുടെ അതിർത്തികൾ, റോഡുകൾ, നദികൾ, കനാലുകൾ, വാർഡുകളുടെ കൃത്യമായ അതിർത്തികൾ, ഭൂവിനിയോഗ അതിർത്തികൾ, മറ്റ് പശ്ചാത്തല സൗകര്യങ്ങൾ, തുടങ്ങിയവ ഉൾപ്പെട്ട വിശദമായ മാപ്പുകൾ ലഭ്യമായിരുന്നില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകൾക്കും ഇത്തരം വിശദമായ മാപ്പുകൾ തയാറാക്കപ്പെട്ടിട്ടില്ല എന്നും അറിയാൻ കഴിഞ്ഞു. പ്രസ്തുത മാപ്പുകൾ ഒരു പ്രദേശത്തിന്റെ വിശദമായ ഡെവലപ്മെന്റ് പ്ലാൻ തയ്യാറാക്കുന്നതിൽ അത്യന്താപേക്ഷിതമായ ഒന്നാണ്.

ടി. കെ. എമ്മിലെ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇതിനുവേണ്ടി നിയോഗിക്കപ്പെട്ട ടീം, ജിയോട്രാക്കർ എന്ന മൊബൈൽ ഫോൺ അപ്ലിക്കേഷൻ വഴി വർക്ക് ചെയ്യുന്ന സംവിധാനം ഉപയോഗിച്ച് രണ്ട് പഞ്ചായത്തുകളുടെയും പ്രസ്തുത മാപ്പുകൾ തയാറാക്കി. വളരെ പരിമിതമായി ലഭ്യമായ രൂപരേഖകളെ ആസ്പദമാക്കി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ വിശദമായ അടിസ്ഥാന മാപ്പുകൾ കൃത്യതയോടെതന്നെ ടി. കെ. എം. ടീമിന് തയാറാക്കാൻ സാധിച്ചു. പ്രസ്തുത മാപ്പുകളും ക്രോഡീകരിച്ച് സ്ഥിതിവിവരക്കണക്കുകളും ഉന്നത നിലവാരം പുലർത്തുന്നു എന്ന് അവ വിശകലം ചെയ്യാനായി ടി. കെ. എമ്മിലെത്തിയ മുൻ സംസ്ഥാന ചീഫ് ടൗൺ പ്ലാനർ ശ്രീ. കസ്തൂരി രംഗൻ വിലയിരുത്തി. ടി. കെ. എം. ആർക്കിടെക്ചർ ഡിപ്പാർട്മെന്റിന്റെ പ്രത്യേക ക്ഷണപ്രകാരം പാണ്ടനാട് - ബുധനൂർ പ്രോജക്ടിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനാണ് ശ്രീ. കസ്തൂരി രംഗൻ എത്തിയത്.

map-handing-over പാണ്ടനാട് പഞ്ചായത്തിനുവേണ്ടി ടി. കെ. എം. ടീം തയാറാക്കിയ വിശദമായ അടിസ്ഥാന മാപ്പുകൾ കൈമാറുന്നു.

ഒരു പഞ്ചായത്തിന്റെ വാർഡുകളുടെ അതിർത്തികൾ, റോഡ് ശൃംഖലകൾ, മറ്റ് ഭൂപ്രകൃതികൾ എന്നിവ കൃത്യതയോടെ അടയാളപ്പെടുത്തിയ മാപ്പുകൾ ആ പ്രദേശത്തിന്റെ വിവിധ പദ്ധതികൾ, വികസന പ്രവർത്തനങ്ങൾ, ധനവിനിയോഗം തുടങ്ങിയവയ്ക്ക് വളരെയധികം ആവശ്യമാണ്. ടി. കെ. എം. ടീം പാണ്ടനാട് - ബുധനൂർ പഞ്ചായത്തുകൾക്കുവേണ്ടി വിശദമായി തയാറാക്കിയ പ്രസ്തുത മാപ്പുകൾ ആർക്കിടെക്ചർ വകുപ്പ് മേധാവി ഡോ. ദിലി എ. എസ്. കൈമാറി. ആർക്കിടെക്ചർ വിഭാഗം സീനിയർ അദ്ധ്യാപിക ഡോ. ജോളി ജോൺ, പ്ലാനിങ് ടീം കോഓർഡിനേറ്റർ പ്രൊഫ. നിസാർ എസ്. എ., പ്ലാനിങ് വിഭാഗം വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പഞ്ചായത്ത് ഭാരവാഹികൾക്ക് പ്രസ്തുത മാപ്പുകൾ കൈമാറിയത്. 

flood-map പാണ്ടനാട് പഞ്ചായത്തിനുവേണ്ടി ടി. കെ. എം. ടീം തയാറാക്കിയ വിശദമായ അടിസ്ഥാന മാപ്പുകൾ പ്ലാനിങ് ടീം കോഓർഡിനേറ്റർ പ്രൊഫ. നിസാർ എസ്. എ. വിശദീകരിക്കുന്നു.

പ്രളയബാധയിൽ ലൊക്കേഷൻ ഷിഫ്റ്റിലൂടെയുള്ള പുനരധിവാസം ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തുകയും അവർക്കുവേണ്ട സുരക്ഷിതമായ പ്രദേശങ്ങൾ നിർണ്ണയിക്കുകയും ചെയ്യുന്ന പ്രവർത്തനത്തിലാണ് ടി. കെ. എം. ടീം ഇപ്പോൾ എത്തിനിൽക്കുന്നത്. പുനരധിവാസത്തിനുവേണ്ടി അനുയോജ്യമായ പല പ്രദേശങ്ങളും ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. അവയിൽ നിന്നും ഏറ്റവും അനുയോജ്യമായവ പഠനത്തിലൂടെ തെരഞ്ഞെടുത്ത് നെയ്‌ബർഹുഡ് പദ്ധതി ആവിഷ്‌ക്കരിക്കലാണ് ഇനി മുന്നിലുള്ളത്. അതിനൊപ്പം വിവിധതരം ഭൂവിനിയോഗ അതിർത്തികൾ നിർദ്ദേശിച്ചുള്ള വിശദമായ ഡെവലപ്മെന്റ് പ്ലാൻ തയാറാക്കണം. നവംബർ മാസം അവസാനത്തോടെ പ്രസ്തുത മാസ്റ്റർ പ്ലാൻ പാണ്ടനാട് - ബുധനൂർ പഞ്ചായത്തുകളിലെ ജനങ്ങളുടെ മുന്നിൽ അഭിപ്രായ രൂപീകരണത്തിനായി അവതരിപ്പിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.