Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: വീടുകൾ തയാറാകുന്നതുവരെ ക്യാംപിലുള്ളവർക്കു തുടരാം

പ്രളയത്തിൽ തകർന്ന വീടുകൾ താമസത്തിനു തയാറാകുന്നതുവരെ  ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് അവിടെ തുടരാമെന്നു സംസ്ഥാന ദുരന്തകൈകാര്യ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. കുട്ടനാട്ടിൽ ജലജന്യരോഗങ്ങളൊന്നും പൊട്ടിപ്പുറപ്പെട്ടില്ല എന്നതു കുടിവെള്ളപ്രശ്നം കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്തതിനു തെളിവാണെന്നും അറിയിച്ചു. 

 നിലവിൽ 66 ദുരിതാശ്വാസ ക്യാംപുകളിലായി 1,626 പേർ കഴിയുന്നുണ്ട്. പ്രളയകാലത്ത് 12,253 ക്യാംപുകൾ പ്രവർത്തിച്ചിരുന്നു. കുട്ടനാട്ടിൽ കുടിവെള്ളമെത്തിക്കാൻ വേണ്ട നടപടികളെടുക്കുന്നുണ്ട്. ക്ലോറിനേഷൻ നടപടികളുൾപ്പെടെ മുന്നേറുന്നു. കൂടാതെ, ശുദ്ധജലപ്രശ്നം പരിഹരിക്കാൻ ജല അതോറിറ്റിക്കു ദീർഘകാല പദ്ധതികളുമുണ്ട്. 

പ്രളയത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്കായി പദ്ധതി തയാറാക്കാൻ സംസ്ഥാന ആസൂത്രണ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി രൂപീകരണത്തിനായി ആസൂത്രണ ബോർഡ് രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി നവംബർ ഒന്നിനും രണ്ടിനും സമ്മേളനം നടത്തും. ദുരന്തമുണ്ടായ തൊട്ടുപിന്നാലെ നാശനഷ്ടങ്ങളും ആവശ്യകതയും തിട്ടപ്പെടുത്താൻ സർക്കാരും ലോകബാങ്കും എഡിബിയും ചേർന്നു പഠനം നടത്തിയിരുന്നുവെന്നും അതോറിറ്റി മെംബർസെക്രട്ടറി ശേഖർ എൽ. കുര്യാക്കോസ് വിശദീകരണ പത്രികയിൽ അറിയിച്ചു. പഠന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 

പ്രളയബാധിതർക്ക‌് നൽകിയ ആനുകൂല്യങ്ങൾ അറിയിക്കണം

പ്രളയബാധിതർക്ക് ഇതിനകം നൽകിയ ആനുകൂല്യങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങളും  ഇനി നൽകാനുദ്ദേശിക്കുന്ന ആനുകൂല്യങ്ങളുടെ വിവരങ്ങളും സർക്കാർ അറിയിക്കണമെന്നു ഹൈക്കോടതി. പ്രളയത്തിൽ തകർന്ന വീടുകളിലേക്കു  മടങ്ങാൻ കഴിയാത്തവരെ അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കുന്ന കാര്യം സർക്കാർ ഉറപ്പാക്കണമെന്നും പറ‍ഞ്ഞു. 

വീടിനും കന്നുകാലികൾക്കും ഉൾപ്പെടെയുണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ ഓഫിസിൽ പ്രസിദ്ധപ്പെടുത്തണം. പകർപ്പ് വാർഡ് മെംബർമാർക്കു നൽകണം. ദുരിതബാധിതർ ഉൾപ്പെടെയുള്ളവർക്ക് അതു പരിശോധനയ്ക്കു ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. പ്രളയവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിച്ചാണു കോടതി നടപടി.