ഇഷ്ടികയോ സിമന്റ് കട്ടയോ? ഏതാണു നിങ്ങളുടെ വീടിന് ഉചിതം?

brick-house
SHARE

സ്വന്തമായ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു വ്യക്തി നേരിടുന്ന ആദ്യത്തെ വെല്ലുവിളിയാണ് വീടുനിർമാണ സാമഗ്രികൾ തിരഞ്ഞെടുക്കുക എന്നത്. ഇതിൽത്തന്നെ ഇഷ്ടിക വേണോ സിമന്റ്കട്ട വേണോ എന്ന ചോദ്യം ഏറെ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. പണ്ടുകാലത്ത് വീടു വയ്ക്കുന്നതിനായി പ്രധാനമായും ഉപയോഗിച്ചിരുന്നത് കളിമണ്ണിൽ നിർമിച്ച്, ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക തന്നെയായിരുന്നു. ഇത്തരത്തിൽ നിർമിക്കുന്ന ഇഷ്ടികകൾ കൊണ്ടുണ്ടാക്കുന്ന വീടുകൾക്ക് ഈടും ഉറപ്പും കൂടുതലാണ് എന്നു പറയപ്പെടുന്നു. എന്നാൽ മുൻപു ലഭിച്ചിരുന്നതുപോലെ ഇന്ന് ഇഷ്ടിക എളുപ്പത്തിൽ ലഭിക്കുന്നില്ല. 

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇഷ്ടിക നിർമാണം ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുകയാണ്. ഈ അവസരത്തിലാണ് ഇഷ്ടികകൾക്കുള്ള ബദൽ മാർഗമായി ഹോളോബ്രിക്സ് എന്ന പേരിൽ സിമന്റ് കട്ടകൾ വിപണിയിൽ എത്തുന്നത്. തുടക്കത്തിൽ സിമന്റ് കട്ടകൾ ഉൾക്കൊള്ളുന്നതിന് ഉപഭോക്താക്കൾക്കും ബിൽഡർമാർക്കും മടിയുണ്ടായിരുന്നു, എങ്കിലും ഇഷ്ടികയുടെ ലഭ്യതക്കുറവ് ഈ ഉൽപന്നത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു.

വീടു നിർമിക്കാനുപയോഗിക്കുന്നത്‌ സിമന്റ്കട്ടയോ ഇഷ്ടികയോ, ഏതു തരം ബ്ലോക്കോ ആകട്ടെ, കംപ്രസീവ് സ്ട്രെങ്ത് ഉണ്ടാകുക എന്നതാണ് പ്രധാനം. ഒരു ബ്ലോക്ക് മെക്കാനിക്കൽ റാം ഉപയോഗിച്ച് അമർത്തുമ്പോൾ ബ്ലോക്ക് ബ്രേക്ക് ആകുന്ന സമയത്ത് അതിന്റെ ഒരു യൂണിറ്റ് ഏരിയയിലുള്ള ലോഡ് ആണ് കംപ്രസീവ് സ്ട്രെങ്ത്. 

സിമന്റ് ബ്ലോക്ക് ആണെങ്കിലും ഇഷ്ടിക ആണെങ്കിലും ആവശ്യത്തിന് കംപ്രസീവ് സ്ട്രെങ്തില്ല എങ്കിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിനു കൊള്ളില്ല. അതിനാൽ കംപ്രസീവ് സ്ട്രെങ്ത് പരിശോധിച്ച്‌ അറിയുകയാണ് ആദ്യം വേണ്ടത്. സിമന്റ് ബ്ലോക്ക് അല്ലെങ്കിൽ ഇഷ്ടിക നിർമിക്കാനുപയോഗിക്കുന്ന സാമഗ്രികളുടെയും നിർമാണരീതികളുടെയും ഗുണം അനുസരിച്ചായിരിക്കും അതിന്റെ ഉറപ്പ്. അതിനാൽ ഒന്നിനെക്കാൾ മികച്ചതാണു മറ്റേത് എന്നു പറയാൻ സാധിക്കില്ല. നാം വാങ്ങാനുദ്ദേശിക്കുന്ന ബ്ലോക്ക് ഏതായാലും, അതിന്റെ നാലോ അഞ്ചോ സാംപിളുകൾ വാങ്ങി കംപ്രസീവ് സ്ട്രെങ്ത് ഉണ്ടോ എന്ന് ഒരു സിവിൽ എൻജിനീയറുടെ സഹായത്തോടെ പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. കംപ്രസീവ് സ്ട്രെങ്ത് ചുടുകട്ടയ്ക്ക്  7.5 Newton /mm2 നു മുകളിലും സിമന്റ് കട്ടക്ക് 5 N/mm 2 നു മുകളിലും ആണെങ്കിൽ അത് ഉത്തമം ആണ്.

ഇഷ്ടിക താരമാണ്, പക്ഷേ...

പണ്ടുള്ളവർ പറയുന്നതുപോലെ തന്നെ കെട്ടിടനിർമാണത്തിലെ താരമാണ് ഇഷ്ടികകൾ. എന്നാൽ തിരഞ്ഞെടുക്കുന്നതിൽ പാളിച്ച പറ്റിയാൽ ഫലം വിപരീതമായിരിക്കും. മാത്രമല്ല, കളിമണ്ണിന്റെ ദൗർലഭ്യത്തെ തുടർന്ന് ഇഷ്ടികച്ചൂളകൾ പലതും അടച്ചു പൂട്ടിയതോടെ ഇഷ്ടികയുടെ ലഭ്യതയും ഗണ്യമായി കുറഞ്ഞു. എന്നാൽ ഇഷ്ടിക തന്നെ വേണം എന്നു നിർബന്ധമുള്ളവർക്ക് അതു വാങ്ങാം. 

brick-wall

ചുട്ടെടുത്ത ഇഷ്ടികയാണു കൂടുതൽ പ്രചാരത്തിലുള്ളത്. അതുതന്നെ രണ്ടുതരം ഉണ്ട്. ഒന്ന്, സാധാരണ ചൂള ഇഷ്ടിക, വയർകട്ട്  (മെഷീൻ കട്ട്) ഇഷ്ടിക എന്നിവയാണവ. നാടൻ ഇഷ്ടികയ്ക്ക് ആറു രൂപ മുതൽ എട്ടു രൂപവരെ വിലയുണ്ടെങ്കിൽ വയർകട്ട് ഇഷ്ടികയ്ക്ക് എട്ടു രൂപ മുതൽ പത്തു രൂപവരെയാണു വില. 

രണ്ട് ഇഷ്ടികകൾ തമ്മിൽ പിടിക്കുമ്പോൾ ലോഹത്തിൽ അടിക്കുന്ന ശബ്ദമാണു വരുന്നത് എങ്കിൽ നല്ല ഇഷ്ടികയാണ് എന്ന് ഉറപ്പിക്കാം. അതുപോലെ ഗുണമേന്മയുള്ള ഇഷ്ടികയാണെങ്കിൽ ഒരു മീറ്റർ ഉയരത്തിൽനിന്നു താഴേക്കിട്ടാൽ പൊട്ടില്ല. 

സിമന്റ് കട്ടയ്ക്ക് ആവശ്യക്കാർ ഏറെ

നിശ്ചിത അനുപാതത്തിൽ സിമന്റ്, മെറ്റൽ, ചിപ്‌സ്, പാം ഓയിൽ എന്നിവ കോൺക്രീറ്റ് ചെയ്തെടുത്താണ് ഇവയുടെ നിർമാണം. അതിനാൽ ഇവയെ കോൺക്രീറ്റ് ബ്ലോക്കുകൾ എന്നും വിളിക്കുന്നു. നന്നായി മിക്‌സ് ചെയ്തു നനച്ചെടുക്കുന്ന സിമന്റ് കട്ടയ്ക്കു ഗുണമേന്മ കൂടും. നാലിഞ്ച്, ആറിഞ്ച്. എട്ടിഞ്ച് വരെ ഘനത്തിൽ ഇവ ലഭ്യമാണ്. 

hollow-brick

ഇത്തരം സിമന്റ് ബ്ലോക്കുകൾ തന്നെയാണ് ഹോളോ ബ്രിക്സ് ആയും സോളിഡ് ബ്രിക്ക് ആയും ലഭിക്കുന്നത്. ഹോളോ ബ്രിക്കിന്റെ ഉൾവശം പൊള്ളയായിരിക്കും. അതിനാൽ കെട്ടിട നിർമാണത്തിനു യോജ്യമല്ല. പകരം അതിർത്തി മതിലുകൾക്കായാണു കൂടുതലും ഉപയോഗിക്കുന്നത്.  

രണ്ടുനിലയുള്ള ഒരു വീടിന് എട്ടിഞ്ച് ഘനമുള്ള സിമന്റ് കട്ട ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു ബാച്ച് കട്ടയും മറ്റൊന്നും തമ്മിലും വലിയ വ്യത്യാസം ഉണ്ട്. ഇതു കണക്കാക്കി സിമന്റ് കട്ടകളാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ ഗുണനിലവാര പരിശോധനകൾ ഓരോ ബാച്ചിലും നടത്തണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സിമന്റ് ബ്ലോക്ക് ഉപയോഗിച്ച് ചെയ്യുമ്പോൾ ശരിയായ രീതിയിലല്ല നിർമാണമെങ്കിൽ പൊട്ടൽ വീഴാൻ സാധ്യത ഉണ്ട്. ഇതിനു പ്രധാനമായ കാരണം നിർമാണത്തിലുള്ള പിഴവുകളാണ്. നിർമാണ സമയത്തു വെള്ളം മെറ്റീരിയൽ പാർട്ടിക്കുകൾക്കിടയിൽ കയറുമ്പോൾ അതു വികസിക്കുകയും, പിന്നീട് ഈ വെള്ളം നഷ്ടപ്പെടുമ്പോൾ ചുരുങ്ങുകയും ചെയ്യുന്നു.  

സിമന്റ് അല്ലെങ്കിൽ ലൈം ബേസ്ഡ് ആയിട്ടുള്ള എല്ലാ മെറ്റീരിയലുകളും ഈ സ്വഭാവം പ്രകടമാക്കുന്നു. സിമന്റ്കട്ട നിർമാണത്തിലും, ചാന്ത് നിർമാണത്തിലും ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. പൊടി നിറഞ്ഞ മണൽ ഉപയോഗിക്കാൻ പാടില്ല. പാറപ്പൊടി എന്ന പേരിൽ വരുന്ന നേർത്ത പൊടിപോലുള്ള മണൽ യാതൊരു കാരണവശാലും സിമന്റ്കട്ട നിർമാണത്തിലും, ചാന്ത് നിർമാണത്തിലും ഉപയോഗിക്കരുത്, ഇതു നിർമാതാക്കൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനാൽ ഇഷ്ടികകൾ തിരഞ്ഞെടുക്കുന്നതിനെക്കാൾ ഏറെ ശ്രദ്ധയോടെ വേണം സിമന്റ്കട്ടകൾ തിരഞ്ഞെടുക്കാൻ. 

 എളുപ്പത്തിൽ ലഭ്യമാകുന്നതും വലുപ്പം കൂടുതലായതിനാൽ എളുപ്പത്തിൽ പണി പൂർത്തിയാക്കാനും അതുവഴി ചെലവ് ലാഭിക്കാനും കഴിയുന്നുവെന്നത് സിമന്റ് കട്ടയുടെ മേന്മയാണ്. 

ഇന്റർലോക്ക് കട്ടകൾ

വീടുനിർമാണത്തിനായി ഏറ്റവും കുറച്ചു മാത്രം ഉപയോഗിച്ചു വരുന്നവയാണ് ഇന്റർലോക്ക് കട്ടകൾ. വെട്ടുകല്ലു പൊടി ഉപയോഗിച്ചാണ് ഇവയുടെ നിർമാണം. വെട്ടുകല്ല് പൊടി യന്ത്രങ്ങളിൽ അരച്ചു നിർമിക്കുന്ന ബ്ലോക്കുകളാണ് ഇന്റർലോക്ക് ഇഷ്ടികകൾ. കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ഇടങ്ങളിലാണ് ഇതു കൂടുതലായും പ്രചാരത്തിലുള്ളത്. നാൽപതു രൂപയാണ് ഇത്തരത്തിൽ നിർമിക്കുന്ന ഒരിഷ്ടികയുടെ വില. 

ഒരു കാലത്ത് വടക്കൻ കേരളത്തിൽ ഇത് ഏറെ പ്രചാരത്തിലുണ്ട്. ഇന്ന് തെക്കൻ കേരളത്തിൽ മണ്ണ് അരച്ച് ഇന്റർലോക്ക് ചെയ്യുന്നുണ്ട്. ഈ ഇഷ്ടിക ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യാതെ ധാരാളം നിർമാണം ഈ മേഖലയിൽ ചെയ്യുന്നുണ്ട്. ഒരു ഇഷ്ടികയ്ക്കു പതിന്നാലു മുതൽ മുപ്പത്താറുരൂപവരെ വരെ വിലവരും. സ്റ്റൈലിനനുസരിച്ച് വിലയിൽ മാറ്റം വരും. വെട്ടുകല്ല് 500 എണ്ണം ഉപയോഗിക്കേണ്ടിടത്ത് 900 ഇന്റർലോക്ക് കട്ടകൾ വേണ്ടിവരും. ഒറ്റനില വീടുകൾക്കാണ് ഇത് കൂടുതൽ  അനുയോജ്യം. 

തയാറാക്കിയത് :  ലക്ഷ്മി നാരായണൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA