Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്, ഫ്ലാറ്റ് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയണം ഈ നിയമം!

delhi-real-estate

വീട് എന്നത് മലയാളിക്കു മാത്രമല്ല, ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. ഉറുമ്പ് ഭക്ഷണം ശേഖരിക്കുന്നതുപോലെ കൂട്ടിവച്ച സമ്പാദ്യമൊക്കെയും മുടക്കി വീടു പണിയുന്ന സാധാരണക്കാരാണു രാജ്യത്തധികവും. വീട് എന്ന സങ്കൽപത്തിൽനിന്നു ഫ്ലാറ്റ് സംസ്‌കാരത്തിലേക്കു മാറിയതോടെ വീടുപണി കോൺട്രാക്ടർമാരുടെയും ബിൽഡേഴ്‌സിന്റെയും ഒക്കെ ചുമതലയായി മാറിയിരുന്നു. ഫ്ലാറ്റിന് ഡിമാൻഡ് വർധിച്ചതോടെ അതിലെ കച്ചവടവും കബളിപ്പിക്കലും വർധിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട് എന്നൊരു നിയമവും എല്ലാ സംസ്ഥാനങ്ങളിലും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എന്നൊരു സംവിധാനവും നിർബന്ധമാക്കിയത്.

റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി ആക്ട്

x-default

ഇടപാടുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കെട്ടിടനിർമാണ മേഖല കൂടുതൽ സുതാര്യമാക്കുന്നതിനുമായി 2016 മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന നിയമമാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട്. ഇതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഒരു റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉണ്ടാകണം എന്നും നിയമം വന്നു. ഒരു വർഷം സമയം ഇതിനായി എല്ലാ സംസ്ഥാനങ്ങൾക്കും നൽകുകയും ചെയ്‌തു. ഫ്ലാറ്റ്, അപ്പാർട്മെന്റ്, നിർമാണ മേഖലയിലെ പല തരത്തിലുള്ള കബളിപ്പിക്കലുകൾക്കും നിരുത്തരവാദിത്തപരമായ സമീപനങ്ങൾക്കും നിയമത്തിലൂടെ അറുതിവരുത്താൻ കഴിയുമെന്നാണു കരുതുന്നത്. കാലതാമസം, നിർമാണ മേന്മക്കുറവ്, പ്ലാനിലെ മാറ്റങ്ങൾ തുടങ്ങി പല പ്രശ്‌നങ്ങൾക്കു പരിഹാരം കഴിയാൻ സാധിക്കുന്ന വിധത്തിലാണ് നിയമം. 

നിയമ നിബന്ധനകൾ

Reaching For A Home

∙ എല്ലാ പ്രോജക്ടുകളും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ റജിസ്‌റ്റർ ചെയ്യേണ്ടതാണ്.

∙ റജിസ്‌റ്റർ ചെയ്യുമ്പോൾ നിർമാണ കമ്പനിയുടെ ചുമതലയിലുള്ള എല്ലാ മറ്റു പ്രോജക്ടുകളുടെയും, പിന്നീട് മാറ്റം വരുത്തിയതിന്റെയും അംഗീകരിച്ച ഒറിജിനൽ പ്ലാനുകൾ, ഇടപാടുകാരിൽനിന്നു കൈപ്പറ്റിയ തുകയുടെ വിവരങ്ങൾ, എങ്ങനെയാണ് പണം ഉപയോഗിച്ചിരിക്കുന്നത്, നിർമാണം പൂർത്തിയാക്കുന്ന സമയം, ഇടപാടുകാർക്കു കൈമാറ്റം ചെയ്യുന്ന സമയം തുടങ്ങിയ വിവരങ്ങൾ ഒരു എൻജിനീയറോ ആർക്കിടെക്ടോ സർട്ടിഫൈ ചെയ്‌തു നൽകണം.

∙ റെഗുലേറ്ററി അതോറിറ്റിയിൽ റജിസ്‌റ്റർ ചെയ്യുന്നതിനു മുൻപ് പരസ്യം, വിൽപന, ഓഫർ, മാർക്കറ്റിങ്, പ്ലോട്ട് ബുക്ക് ചെയ്യൽ, നിക്ഷേപങ്ങൾ തുടങ്ങിയവയൊന്നും അനുവദിക്കുകയില്ല. 

x-default

∙ റജിസ്റ്റർ ചെയ്‌തതിനു ശേഷം എല്ലാ പരസ്യങ്ങളിലും അതത് പ്രോജക്ടുകളുടെ റജിസ്‌ട്രേഷൻ നമ്പർ കൂടി ചേർക്കേണ്ടതാണ്.

∙ കുറഞ്ഞത് എഴുപതു ശതമാനം പ്രോജക്ട് തുക എസ്ക്രൗ അക്കൗണ്ടിൽ നിക്ഷേപിക്കുകയും പ്രസ്തുത പ്രോജക്ടിനായി മാത്രം വിനിയോഗിക്കുകയും ചെയ്യുക.

∙ സുതാര്യതയ്‌ക്കായി തങ്ങളുടെ മറ്റു പ്രോജക്ടുകളെക്കുറിച്ച് ഇടപാടുകാരോടു പറയുക.

∙ മൊത്തം തുകയുടെ പത്തു ശതമാനം മാത്രമേ ബുക്കിങ് അല്ലെങ്കിൽ അഡ്വാൻസ് തുകയായി ഇടപാടുകാരോട് ആവശ്യപ്പെടാൻ പറ്റൂ. 

∙ ഇടപാടുകാരുടെ സമ്മതപത്രമില്ലാതെ പ്ലാനിൽ ഒരു മാറ്റവും നടത്താൻ നിർമാണ കമ്പനിക്ക് അനുവാദമില്ല.

ഇടപാടുകാരും റെഗുലേറ്ററി അതോറിറ്റിയും

റെഗുലേറ്ററി അതോറിറ്റിയുടെ വെബ്‌സൈറ്റിൽ എല്ലാ ഇടപാടുകാർക്കും അന്വേഷണങ്ങൾക്കും പരാതി ബോധിപ്പിക്കാനും കഴിയണം.

തയാറാക്കിയത്: ലെസ്‌ലി അഗസ്റ്റിൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.