ADVERTISEMENT

അൽപസ്വൽപം കലാബോധമുള്ള ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് തന്റെ വീടിനോടു ചേർന്നു മനോഹരമായ ഒരു പൂന്തോട്ടം വേണം എന്നത്. വീടു ചെറുതായാലും വലുതായാലും രാവിലെ എഴുന്നേറ്റ് ഒരു കട്ടനും കുടിച്ച് പൂമുഖത്തേക്കു വരുമ്പോൾ കാണാൻ കുറച്ചു നിറമുള്ള കാഴ്ചകൾ വേണം അത്രതന്നെ. എന്നാൽ ഈ പൂന്തോട്ട നിർമാണം എന്നത് വിചാരിച്ചത്ര എളുപ്പമുള്ള കാര്യമല്ല. അൽപം ക്ഷമയും അതിനെക്കാൾ ഏറെ പൂന്തോട്ടപരിചരണത്തെ പറ്റിയുള്ള അറിവും ഉണ്ടെങ്കിലേ വീടിനു മുന്നിൽ കാലാകാലം നിലനിൽക്കുന്ന ഒരു നല്ല പൂന്തോട്ടം നിർമിക്കാനാകൂ...

Corner

ചെറുതെങ്കിലും ഒരു പൂന്തോട്ടം

ഇന്നത്തെ കാലത്ത് പൂന്തോട്ടമില്ലാത്ത വീടുകൾ വളരെ കുറവാണ്. മൂന്നര നാലു സെന്റ് സ്ഥലത്ത് വീടു വയ്ക്കുന്നവർ പോലും ഹാങ്ങിങ് ഗാർഡന്റെ രൂപത്തിലും റൂഫ് ടോപ്പ് ഗാർഡന്റെ രൂപത്തിലുമെല്ലാം പൂന്തോട്ടം അണിയിച്ചൊരുക്കുന്നു. സാമ്പത്തികമായി കുറേക്കൂടി മുൻപന്തിയിൽ നിൽക്കുന്ന ആളുകൾക്ക് ഗാർഡൻ പ്ലാനിങ് നടത്തുന്നതിന് പ്രഫഷനലുകളുടെ സഹായവും ലഭ്യമാണ്. ഇത്തരത്തിൽ വ്യത്യസ്തമായ രീതികൾ പരീക്ഷിച്ച് വീടുകളിലെ പൂന്തോട്ടങ്ങൾ അഴകുള്ളതാക്കുകയാണ് മലയാളികൾ.  

garden-yard

അകത്തും പുറത്തും പച്ചപ്പ്

ചുരുങ്ങിയ സ്ഥലത്തിനുള്ളിൽ പൂന്തോട്ടം ഒരുക്കുന്ന ഇൻഡോർ ഗാർഡൻ, വെർട്ടിക്കൽ ഗാർഡൻ തുടങ്ങിയ പുതിയ വിദ്യകൾ ഇന്നു ലഭ്യമാണ്. നാടൻപുഷ്പങ്ങൾ വിദേശികളായ പുഷ്പങ്ങൾക്കു വഴിമാറിക്കൊടുത്തു എന്നതാണ് പൂന്തോട്ട നിർമാണത്തിലെ പ്രധാന വ്യത്യാസം. പണ്ടുകാലത്ത് ചെത്തിയും ചെമ്പരത്തിയും നിറഞ്ഞു നിന്നിരുന്ന വീടിന്റെ പൂന്തോട്ടം ഇന്ന് ബുഷ്‌ഗ്രീൻ ചെടികൾക്കും ആന്തൂറിയത്തിനും മറ്റുമായി വഴിമാറിക്കൊടുത്തിരിക്കുകയാണ്. നാടൻചെടികളെക്കാൾ ഏറെ വിദേശയിനം ചെടികൾക്കാണ് ആരാധകർ എന്നതാണ് ഇതിന്റെ കാരണം. നാടൻ ചെടികൾ വളരുന്നതിലും വേഗത്തിൽ ഇവ വളരുകയും ചെയ്യുന്നു എന്നത് വീടിന്റെ ശൈലിയും പൂന്തോട്ടത്തിന്റെ ആകൃതിയും അതിൽ വളരുന്ന പൂക്കളും ബന്ധപ്പെട്ടിരിക്കുന്നു. വീട് ഏതു ശൈലിയിലാണോ അതനുസരിച്ചു വേണം പൂന്തോട്ടവും ലാൻഡ്സ്കേപ്പും ഒരുക്കുന്നത്. ട്രഡീഷനൽ, കന്റംപ്രറി തുടങ്ങിയ ശൈലിക ളിലേതിലെങ്കിലുമാണ് വീടിന്റെ ഡിസൈൻ എങ്കിൽ ലാൻഡ് സ്കേപ്പും ആ രീതിയിൽ ഒരുക്കണം.

Let the gardens be Indoors
While choosing non-flowering plants, pick evergreen varieties with a striking appearance.

തെരെഞ്ഞെടുക്കാം

ചെടികളെ പ്രധാനമായും ധാരാളം വെള്ളം വേണ്ടവയെന്നും വെള്ളം കുറച്ചു മാത്രം വേണ്ടവയെന്നും രണ്ടായിത്തിരിക്കാം. ചെടികൾക്കു നനച്ചുകൊടുക്കാൻ സമയമില്ലാത്ത ആളുകൾ നന കുറവ് ആവശ്യമായ ചെടികൾ വേണം തോട്ടത്തിൽ നടുവാൻ. അതുപോലെതന്നെ വെയിലിന്റെ ലഭ്യതയും പ്രധാനമാണ്. നന്നായി വെയിൽ ലഭിക്കുന്ന സ്ഥലമാണ് എങ്കിൽ , പൂന്തോട്ടത്തെ മനോഹരമാക്കാൻ സിംഗപ്പൂർ ഗ്രാസ് നടാവുന്നതാണ്. ബൊഗെയ്ൻവില്ല, റോസ്, മാൻഡിവില്ല, ചെത്തി, ലന്താന, യൂഫോർബിയ, അഡീനിയം തുടങ്ങിയ കുറ്റിച്ചെടി മാതൃകയിലുള്ള ചെടികൾ പൂന്തോട്ടത്തിന് അഴകു വർധിപ്പിക്കും.

ഉത്സാഹം വേണം ആദ്യവസാനം 

പൂന്തോട്ടം ഒരുക്കാൻ പലരും ആദ്യം കാണിക്കുന്ന ഉത്സാഹം പിന്നീടു പൂന്തോട്ടം നിലനിർത്തുന്നതിൽ കാണാറില്ല. ശരിയായ സംരക്ഷണവും പരിചരണവും ലഭിച്ചില്ലെങ്കിൽ ചെടികൾ നശിക്കാൻ വളരെക്കുറച്ചു സമയം മതി. പൂന്തോട്ടം നിർമിക്കുമ്പോൾ നിലവിൽ നിങ്ങളുടെ കോമ്പൗണ്ടിനുള്ളിൽ ഉള്ള സൗകര്യങ്ങൾ പൂർണമായും വിനിയോഗിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക, ഉദാഹരണമായി, മുറ്റത്തു മരങ്ങൾ ഉണ്ടെങ്കിൽ അതിനുചുറ്റുമായി ചെടികൾ വയ്ക്കാവുന്നതാണ്. മോഡേൺ ലുക്ക് ലഭിക്കണമെങ്കിൽ പലനിറങ്ങളിലുള്ള ചെടിച്ചട്ടികൾ ഉപയോഗിക്കാവുന്നതാണ്. ചെടികളിൽ കൂടുകൂട്ടുന്ന ഉപദ്രവകാരികളായ പ്രാണികൾ, പാറ്റ, ചിലന്തി, മൂട്ട എന്നിവയുടെ ആക്രമണത്തിൽനിന്നു ചെടികളെ സംരക്ഷിക്കണം. കീടനാശികൾ തളിക്കുന്നുണ്ട് എങ്കിൽ വീര്യം കുറഞ്ഞ കീടനാശിനികൾ മാത്രം ഉപയോഗിക്കുക. മാത്രമല്ല, പരിസ്ഥിതിക്കു കോട്ടം തട്ടാത്തതും കാലാവസ്ഥയ്ക്ക് അനയോജ്യമായതുമായ ചെടികളും മരങ്ങളും വേണം നട്ടുപിടിപ്പിക്കാൻ.

പൂന്തോട്ടങ്ങൾക്കു പുറമെ പുൽത്തകിടി  നിർമിക്കുന്നതും ഇപ്പോൾ ട്രെൻഡ് ആണ്. ചതുരശ്ര അടി മാറ്റിന് 5000 രൂപയാണ് ഇതിനു ചെലവു വരുന്നത്.എന്നാൽ പുൽത്തകിടിയിൽ നടുന്ന പുല്ല് അമിതമായി വളരാതെ നോക്കണം. അവ സമയാസമയങ്ങളിൽ മുറിച്ചു നിർത്തുകയും വേണം.

green-home-vertical-garden

ഇൻഡോർ ഗാർഡനുകൾ 

വീടിനകത്ത് ഒരു പൂന്തോട്ടം നിർമിക്കുക എന്നതും ട്രെൻഡാണ്. അകത്തളത്തിന്റെ മനോഹാരിത വർധിപ്പിക്കാൻ ഇൻഡോർ ഗാർഡനുകൾ സഹായിക്കുന്നു. ബേഡ്സ് നെസ്റ്റ് ഫേൺ, ഫോക്സ്ടെയിൽ തുടങ്ങിയ ഫേണുകൾ അകത്തളങ്ങൾ മനോഹരമാക്കുന്നതിനായി നടാവുന്നതാണ്. പ്രത്യേകം തയാറാക്കിയ, മുറികളുമായി മാച്ച് ചെയ്യുന്ന നിറത്തിലുള്ള ചട്ടികളിലോ സ്ഫടികപ്പാത്രങ്ങളിലോ ആണ് ഇവ നടുക. ബോൺസായ് മരങ്ങളും വീടിന്റെ അകത്തളങ്ങളിൽ സ്ഥാനം പിടിക്കാറുണ്ട്.

സൺഷെയ്ഡിനു ചുറ്റും പിന്നെ വരാന്തയിലും ഇത്തരത്തിൽ ഇൻഡോർ ചെടികൾ നടാവുന്നതാണ്. ആന്തൂറിയം, ഓർക്കിഡുകൾ, ബ്രൊമേലിയാഡ്സ് (Bromeliad) ഇവയെല്ലാം ഇത്തരം ഇടങ്ങളിലേക്കു ചേരുന്നവയാണ്. എന്നാൽ ഇൻഡോർ ഗാർഡനുകൾ നിർമിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇളം ചൂടു കിട്ടുന്ന സ്ഥലങ്ങളിലാണ് വയ്ക്കേണ്ടത്. ചൂട് എന്നതു പോലെതന്നെ പ്രകാശവും കൃത്യമായി ലഭിക്കണം. ഇരുട്ടുമുറിയിൽ ഇൻഡോർ ഗാർഡനുകൾ പ്രവർത്തികമല്ല.ചെറിയ ചെടിച്ചട്ടികൾ ഇൻഡോർ ഗാർഡനുകൾക്കായി പ്രത്യേകം ലഭ്യമാണ്.

വീടിനുള്ളിൽ വളർത്തുന്ന ചെടികളുടെ ഇലകൾ ദിവസവും വൃത്തിയാക്കണം. ഉണങ്ങിയ തുണികൊണ്ടു തുടച്ചു വൃത്തിയാക്കുകയോ വാട്ടർ സ്പ്രേ ചെയ്തോ വേണം ഇത്തരം ചെടികളെ സംരക്ഷിക്കുവാൻ. സ്റ്റെയർകേസുകളിൽ വയ്ക്കുന്ന ചെടികൾക്കു പ്രത്യേക ഭംഗി നൽകുവാൻ സാധിക്കും. ചെടികൾക്കു ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ ഇടയാകരുത്. ഇൻഡോർ ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ആവശ്യത്തിനു മാത്രം ചെടികൾ നടുക എന്നതാണ്. ഇല്ലെങ്കിൽ ഏതെങ്കിലും കാരണവശാൽ ശ്രദ്ധ കിട്ടാതെ പോകുന്ന പക്ഷം ഇൻഡോർ ഗാർഡൻ നശിക്കാൻ ഇടവരും. കീടങ്ങളുടെ ആക്രമണം തടയുന്നതിനായി ഓർഗാനിക് കീടനാശിനികൾ മാത്രം ഉപയോഗിക്കുക. മുള്ളുള്ള ചെടികൾ കുട്ടികളുടെ കൈ എത്തുന്ന ദൂരത്ത് വയ്ക്കരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com