ADVERTISEMENT

ഹാവൂ എന്തൊരു ചൂട് അല്ലേ?... കേരളത്തിലെ സാധാരണക്കാർ ഒത്തുകൂടുമ്പോഴുള്ള  ലോഹ്യം പറച്ചിലിൽ പ്രഥമസ്ഥാനത്തേക്ക് ഈ ചോദ്യം ഉദിച്ചുയർന്നിട്ടുണ്ട്. ഫെബ്രുവരി കഴിയാറായിട്ടേയുള്ളൂ..ഇനി കിടക്കുകയാണ് ചുട്ടുപൊള്ളിക്കുന്ന മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ...ഒരു കാലത്ത് ആഡംബരമായി കണക്കാക്കിയിരുന്ന എസി ഇന്ന് അത്യാവശ്യ വസ്തുക്കളുടെ പട്ടികയിലെത്തിക്കഴിഞ്ഞു. ഫാൻ കൊണ്ടു നേരിടാവുന്നതിനപ്പുറത്തേക്ക് ചൂടും ഉഷ്ണവും കൂടിയതാണ് പ്രധാന കാരണം. വില കുറഞ്ഞതും കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോഡലുകൾ രംഗപ്രവേശം ചെയ്തതും എസിയുടെ സമയം തെളിയാൻ കാരണമായി. 

മാർച്ച്–മേയ് ആണ് എസി വിൽപ്പനയുടെ ഓണക്കാലമെന്ന് വിപണിവൃത്തങ്ങൾ പറയുന്നു. സംസ്ഥാനത്ത് ഒരു വർഷം ആകെ വിൽക്കുന്ന എസിയുടെ 70–80 ശതമാനവും വിറ്റുപോകുന്നത് ഈ സമയത്താണ്. വീട്ടിലേക്ക് എസി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും....

മുറിയുടെ വലുപ്പം പ്രധാനം

മുറിയുടെ വലുപ്പം അനുസരിച്ചു വേണം എസിയുടെ കപ്പാസിറ്റി നിശ്ചയിക്കാൻ. എങ്കിലേ കുറഞ്ഞ വൈദ്യുതിയിൽ പരമാവധി കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്താൻ കഴിയൂ. 80 ചതുരശ്രയടിയില്‍ താഴെ വലുപ്പമുള്ള മുറികൾക്കാണ് മുക്കാൽ ടൺ കപ്പാസിറ്റിയുള്ള എസി അഭികാമ്യം. 80 മുതൽ 140 ചതുരശ്രയടി വരെ വലുപ്പമുള്ള മുറിയിലേക്ക് ഒരു ടൺ കപ്പാസിറ്റിയുള്ള എസി മതിയാകും. 140 മുതൽ 180 ചതുരശ്രയടി വരെ വലുപ്പമുള്ള മുറിയിലേക്ക് ഒന്നര ടൺ ശേഷിയുള്ള എസി വേണം. 180 മുതൽ 200 ചതുരശ്രയടി വലുപ്പമുള്ള മുറിയാണെങ്കിൽ എസിക്ക് രണ്ട് ടൺ കപ്പാസിറ്റി വേണം.

ac-things-to-note

ഇൻവേർട്ടർ എസി വേണോ നോൺ ഇൻവേർട്ടർ എസി വേണോ?

എന്താണ് ഇൻവേർട്ടർ എസി– സാധാരണ എസിയിൽ തണുപ്പ് ക്രമീകരിക്കപ്പെടുന്നത് കംപ്രസർ ഓൺ ഓഫ്‌ ക്രമീകരണത്തിലൂടെ ആണ്. അതായത് 23 ഡിഗ്രി തണുപ്പ് നമ്മൾ സെറ്റ് ചെയ്യുകയാണെങ്കിൽ ആ താപനില എത്തുംവരെ കംപ്രസർ വർക്ക് ചെയ്യുകയും അതിനുശേഷം ഓഫ് ആവുകയും ചെയ്യും. പിന്നീട് താപനില ഉയരുമ്പോൾ കംപ്രസർ വീണ്ടും ഓണാവുകയും ചെയ്യുന്നു. എന്നാൽ ഇൻവേർട്ടർ എസി യിൽ സെറ്റ് ചെയ്ത താപനിലയിൽ എത്തുമ്പോൾ കംപ്രസർ ഓഫ്‌ ആകുന്നില്ല, മറിച്ച് വൈദ്യുത ഉപയോഗം കുറച്ചു കംപ്രസർ വേഗം കുറയ്ക്കുകയാണു ചെയ്യുന്നത്. ഇതുമൂലം താപനില കൃത്യമായി നിലനിർത്തുകയും വൈദ്യുത ഉപയോഗം കുറയുകയും ചെയ്യുന്നു.

iStock-506997772

നോക്കി വാങ്ങാം സ്റ്റാർ റേറ്റിങ്...

ബിഇഇ അഥവാ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റാർ റേറ്റിങ് വിലയിരുത്തി എസി വാങ്ങുന്നത് വൈദ്യുതിച്ചെലവ് കുറയ്ക്കും. നക്ഷത്രങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗം കുറയും. ത്രീ സ്റ്റാറിന് മുകളിൽ റേറ്റിങ് ഉള്ള മോഡലുകളാണ് കൂടുതൽ മികച്ചത്. സ്റ്റാർ റേറ്റിങ് ഉയരുന്നതിനനുസരിച്ചു വൈദ്യുത ഉപയോഗം കുറയുന്നത് അതിൽനിന്നും നിങ്ങൾക്കു മനസ്സിലാക്കാം. ഒരു യൂണിറ്റിന് 5 രൂപ വച്ചു കണക്കാക്കിയാൽ ഒരു വർഷത്തെ ഏകദേശ വൈദ്യുത ചാർജും മനസ്സിലാക്കാം. ഉയർന്ന സ്റ്റാർ റേറ്റിങ്ങിന് അധികമായി നിങ്ങൾ മുടക്കുന്ന തുക എത്ര നാളുകൾക്കുള്ളിൽ മുതലാവും എന്ന് അങ്ങനെ അറിയാം.

എസിയിൽ ഉപയോഗിക്കുന്ന ഗ്യാസ് പ്രധാനമാണ്. സാധാരണയായി R22 വും R410 ആണ് ഉപയോഗിക്കുന്നത്. കോപ്പർ കണ്ടൻസർ ഉള്ള എസിക്ക് തന്നെ ആവും കുറഞ്ഞ പരിപാലന ചെലവ്. ചില വിലകുറഞ്ഞ എസികളിൽ കോപ്പറിനു പകരം അലൂമിനിയം കണ്ടൻസർ ഉപയോഗിക്കുന്നുണ്ട്. കടയിൽ പോയി നേരിട്ട് വാങ്ങുന്നതിനു മുൻപ് ഇത്തരം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നത് കീശ ലാഭിക്കുന്നതിന് ഉപകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com