ADVERTISEMENT

വാടകവീടുകളെ കുറിച്ചുള്ള മലയാളികളുടെ പൊതുബോധത്തെക്കുറിച്ചും മാറേണ്ട കാഴ്ചപ്പാടുകളെക്കുറിച്ചും ഫെങ്ങ്ഷുയി വിദഗ്ധ മിനി രാജീവ് വിവരിക്കുന്നു.

വാടകവീട്ടിൽ താമസിക്കുന്നവർ എന്നോടു പറയാറുണ്ട്, മാഡം, ഞങ്ങള്‍ ഞങ്ങളുടെ തറവാട്ടുവീട് വളരെ കൃത്യമായി വാസ്തു പൂജയൊക്കെ ചെയ്ത് സുരക്ഷിതമാക്കി. ഇനി അവിടെ ഫെങ്ങ്ഷുയി കൂടി നോക്കണം.

അറിവില്ലായ്മകൊണ്ടാണ് ഇങ്ങനെ ആളുകൾ പറയുന്നത്. ഞാനവരോട് ചോദിക്കും, ‘നിങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ ഒരുപാട് വെയ്സ്റ്റ് കുമിഞ്ഞുകൂടുന്നുവെന്നിരിക്കട്ടെ.. അതു നിക്ഷേപിക്കാൻ നിങ്ങളുടെ തറവാട്ടുവീട്ടിൽ ഒരു വെയ്സ്റ്റ് ബോക്സ് കൊണ്ടുപോയി വച്ചാൽ മതിയോ?’

‘അയ്യോ, അതെങ്ങനെയാ ശരിയാവുക?’

‘അതു ശരിയാവുകയില്ലെങ്കിൽ ഇതും ശരിയാവുകയില്ല. നിങ്ങൾ എവിടെയാണോ താമസിക്കുന്നത്, അവിടം വൃത്തിയായിരിക്കണം. അവിടുത്തെ ഇന്റീരിയർ ചൈതന്യമുള്ളതാവണം. അവിടെ നിങ്ങൾ വയ്ക്കുന്ന വസ്തുക്കൾ ഊർജം പ്രസരിപ്പിക്കുന്നതാവണം. എങ്കിലേ നിങ്ങൾക്കതുകൊണ്ട് പ്രയോജനം ലഭിക്കൂ. എന്നുകരുതി തറവാട് വൃത്തിയായിരിക്കേണ്ട എന്നല്ല. വൃത്തി എല്ലായിടത്തും നല്ലതുതന്നെ. എന്നാൽ ശ്രദ്ധ കൂടുതൽ നിങ്ങൾ പാർക്കുന്നിടത്തായിരിക്കണം.’

x-default

വേറെ ചിലരുണ്ട്, ഇപ്പോൾ ഒട്ടും സൗകര്യമില്ലാത്ത ഒരു വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. അടുത്തുതന്നെ പുതിയ വലിയ വീട്ടിലേക്ക് മാറും. ‘ഇനി ചുരുങ്ങിയ കാലമേ ഇവിടെയുള്ളൂ. ഇവിടം വൃത്തിയാക്കാൻ മെനക്കെടുന്നത് വെറുതെയല്ലേ?’

ഈ ജീവിതം തന്നെ നമുക്ക് ചുരുങ്ങിയ കാലത്തേക്കേ ഉള്ളൂ. ‘അടുത്ത ജന്മത്തിൽ മര്യാദക്കാരനായി ജീവിക്കാം, ഇനിയുള്ള ചെറിയ ആയുസ്സ് തല്ലിപ്പൊളിയായിത്തന്നെ തുടരാം’ എന്ന് ആരെങ്കിലും കരുതുമോ? ഇന്ന്, ഇപ്പോൾ എന്നുള്ള ശുഭാപ്തിമന്ത്രം സദാ മനസ്സിൽ വേണം. അത് നമുക്കും മറ്റുള്ളവർക്കും ഗുണകരമായി വിനിയോഗിക്കാൻ ശ്രദ്ധയുണ്ടായിരിക്കുകയും വേണം.

ഏറ്റവും പ്രധാനമായി പറയാനുള്ളത് വാടകവീട് ഒരിക്കലും വേറെ ആരുടെയോ ആണെന്ന് കരുതാൻ പാടില്ല. അത് നമ്മുടേതുതന്നെ എന്ന മട്ടിലായിരിക്കണം അവിടെ താമസിക്കുന്ന അത്രയും കാലം വിചാരിക്കേണ്ടത്. വീട് എന്നതിനു പകരം വാടകവീട് എന്ന പദം വരുമ്പോഴേക്കും മനോഭാവം അടിമുടി മാറുകയാണ്. ‘ഓ അതൊരു വാടകവീടല്ലേ’ എന്ന വിചാരം പാടില്ല.

x-default
x-default

കോയമ്പത്തൂരിൽ വന്നതിനുശേഷം വാടകവീട്ടിലാണ് എന്റെ താമസം. ഇപ്പോഴും അങ്ങനെതന്നെ. ഇത്രയും കാലമായിട്ട് ഇപ്പോഴാണ് ഒരു വീട് പണിയുന്നതിന്റെ ആലോചനപോലും തുടങ്ങിയത്. കാരണം, താമസിച്ച വീടൊന്നും ഞങ്ങളുടെയല്ല എന്ന് ഇതുവരെ തോന്നിയിട്ടേയില്ല. എനിക്കറിയാം അതിന്റെ ഗുണം എന്താണെന്ന്. നാട്ടിൽ ഭേദപ്പെട്ട ഒരു വീടുണ്ട്. ഗുരു നിർദ്ദേശിച്ച പ്രകാരം എന്റെ ഇഷ്ടത്തിനനുസരിച്ച് പണിത ഒരു വീടാണത്. ഞാൻ അതിനകത്ത് ഏറ്റവും പോസിറ്റീവ് ആയിട്ടാണ് കഴിഞ്ഞത്.

കോയമ്പത്തൂരേക്ക് ഭാഗ്യംകൊണ്ട് വളരെ സുഖകരമായ ഒരു പ്രദേശത്ത് നല്ലൊരു വീട് കിട്ടി. കുട്ടികളുടെ സ്കൂളിന് വളരെ അടുത്താണ്. പൂർണമായും ഫെങ്ങ്ഷുയി നോക്കി കറക്ട് ചെയ്തിട്ടാണ് ഞാൻ താമസം തുടങ്ങിയത്. ഇതിൽ എത്രമാത്രം പോസിറ്റീവ് എനർജി രൂപപ്പെടുന്നുണ്ടെന്ന് എനിക്ക് അനുഭവത്തിലറിയാം. വാടകവീടിനെ ഈയൊരു മനസ്സോടെ കണ്ടാലേ പ്രയോജനമുള്ളൂ.

പലരും പറയുന്നത്. ‘അല്ല മാഡം, അതൊരു വാടകവീടാ’ എന്ന മട്ടിലാണ്. നമ്മൾ ഇരിക്കുന്ന സ്ഥലത്തിനോട് അനാദരം കാണിച്ചു കൊണ്ടിരുന്നാൽ എന്താണ് ഫലം എന്ന് ചിന്തിക്കൂ എന്ന് ഞാനവരോട് ചോദിക്കും. ഇപ്പോഴത്തെ അവസ്ഥയിൽ ആ വീടല്ലേ നമുക്ക് വേണ്ടതെല്ലാം തരുന്നത്?

ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ, നമ്മുടെ ഫ്ലാറ്റിൽ ഒരു പോസിറ്റീവായ മാറ്റമുണ്ടായാൽ അത് തീർച്ചയായും അടുത്തുള്ള ഫ്ലാറ്റുകളിലേക്ക് പ്രസരിക്കും. കോയമ്പത്തൂരിൽ ഞാൻ താമസിക്കുന്നത് ഒരു വീടിന്റെ രണ്ടാം നിലയിലാണ്. താഴെ വീട്ടുടമസ്ഥരും. ഇവിടെ എന്തു കറക്ഷൻ ചെയ്താലും അതിന്റെ മാറ്റം അവരിലും പ്രതിഫലിക്കും. അവർക്കും ഇപ്പോൾ വലിയ വിശ്വാസമായി.

ഇപ്പോള്‍ ഞാനെന്തു കറക്ഷന്‍ പറഞ്ഞാലും അവർ അതുപടി ചെയ്യും, അനക്കുകയില്ല. എന്നപ്പോലെ അവർക്കുമറിയാം അതിന്റെ എനർജി എത്രത്തോളം ഉണ്ടെന്ന്. അങ്ങനെ ആഴമുള്ള ഒരു ബന്ധം കൂടി വ്യക്തികൾ തമ്മിൽ ഉണ്ടായിവരും. ആ വ്യക്തിയെ കാണുമ്പോൾ നമുക്ക് വലിയ സന്തോഷമായിരിക്കും.

കടപ്പാട്  

മിനി രാജീവ്  

സമ്പത്തിനും സൗഭാഗ്യത്തിനും ഫെങ്ങ്ഷുയി  

മനോരമ ബുക്ക്സ്

Buy Now- https://subscribe.manoramaonline.com/subscription/books/books-detailed-page.bookscd.FENG.html

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com