ADVERTISEMENT
termite-control-basement
termite protection system on home foundation

കേരളത്തിൽ കുറച്ചുകാലം മുൻപുവരെ പഴയ വീടുകളിൽ മാത്രം കണ്ടുവന്നിരുന്ന ചിതലും, ഉറുമ്പുശല്യവും പുതുവീടുകളിലേക്കും വ്യാപിച്ചിരിക്കുന്നു. തറയിലും പരിസരത്തും ഈർപ്പസാധ്യത കൂടുന്ന സ്ഥലത്താണ് പിന്നീട് ചിതൽശല്യം രൂക്ഷമാവുന്നത്. ഫൗണ്ടേഷനായി മണ്ണു മാറ്റുമ്പോള്‍ തന്നെ കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്തിരുന്ന രീതി പ്രയോജനകരമല്ലെന്നും, ആളുകൾക്ക് ദോഷകരമെന്നുമുള്ളതിനാൽ ആധുനിക ടെർമൈറ്റ് കൺട്രോൾ ഉപയോഗത്തിലേക്ക് സ്വാഭാവികമായി മാറിയിരിക്കുന്നു. മാത്രമല്ല, എറുമ്പും, ചിതലും മാത്രം നശിക്കുന്നുവെന്ന പ്രയോജനവും ഇത്തരം ടെർമൈറ്റ് ട്രീറ്റ്മെന്റുകൾക്കുണ്ട്.

വീടിന്റെ വാർക്കയും തേപ്പും സ്ട്രക്ചറൽ ജോലി പൂർത്തീകരിച്ച് കഴിഞ്ഞ് തറ പി.സി.സി. വാർക്കുന്നതിനു മുൻപാണ് ടെർമൈറ്റ് കൺട്രോൾ ലിക്വിഡ് ഉപയോഗിക്കുന്നത്. ഉപയോഗിച്ച രാസപദാർഥം ഉണങ്ങി വറ്റുന്നതിനു മുൻപു പിറ്റേന്നു തന്നെ തറ കോൺക്രീറ്റ് ജോലി പൂർത്തിയാക്കണം. ഭിത്തിയുടെ ഉള്ളിൽ (കാർപ്പറ്റ് ഏരിയാ) ചെയ്യുന്ന പെസ്റ്റ് കൺട്രോൾ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തണമെങ്കിൽ പിറ്റേദിവസം തന്നെ തറ കോൺക്രീറ്റ് ചെയ്യുന്നതാണ് ഉചിതം.

termite-in-home
Termites on old wood background for decorate.

തറയിൽ ഭിത്തിയുടെ വശത്ത് ബെയ്സ്മെന്റിനു മുകളിലെ ഡി.പി.സി. ബെൽറ്റിനോട് ചേർന്ന് ചെറിയ ഹോളുകളെടുത്താണ് കുത്തിവയ്ക്കുന്നത്. ഹോളുകൾ തമ്മിൽ ഒരടി അകലവും 30 സെ.മീറ്ററിൽ കുറയാത്ത ആഴവും ഉണ്ടായിരിക്കണം. മുറിക്കുള്ളിൽ രണ്ട് അടി അകലത്തിലും ഹോളെടുത്ത് മരുന്ന് കുത്തിവയ്ക്കണം. എന്നാലേ ഫലപ്രാപ്തിയുള്ള ആന്റി ടെർമൈറ്റ് ട്രീറ്റ്മെന്റ് ആകുന്നുള്ളൂ. വുഡൻ ഫ്ലോറിങ് ചെയ്യുവാനുള്ള മുറിയാണെങ്കിൽ മുൻപ് പറഞ്ഞ രണ്ട് അടി അകലം ഒരു അടി അകലമായി കുറച്ച് ഹോളെടുത്ത് രാസപദാർഥം കുത്തിവയ്ക്കണം. വീടിന്റെ ഭിത്തിയിലും, പ്രത്യേകിച്ച് കബോഡ്, ഷെൽഫ് വരുന്ന പ്രതലങ്ങളിലും ടെർമൈറ്റ് ട്രീറ്റ്മെന്റ് ചെയ്യുവാൻ ശ്രദ്ധിക്കണം. സ്ക്വയർഫീറ്റിന് 10 മുതൽ 15 രൂപ വരെ ചാർജ് വരാറുണ്ട്.

പണി പൂർത്തിയായ വീടുകളിൽ ഇത്തരം ട്രീറ്റ്മെന്റ് ചെയ്യാവുന്നതാണ്. ഭിത്തികൾ ചേരുന്ന സ്ഥലത്ത് ഇൻജക്ഷൻ ഹോളുകളെടുത്ത് 15 സെ.മീ. ആഴത്തിൽ മിശ്രിതം നിറയ്ക്കും. ടെർമിനേഷൻ പ്രോസസ് എന്നറിയപ്പെടുന്ന രീതിയും നിലവിലുള്ള വീടുകളിൽ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. സ്ക്വയർഫീറ്റിന് 11 രൂപയാണ് നിരക്ക്.

ഇന്ന് മിക്ക വീടുകളിലും തലവേദനയായിക്കൊണ്ടിരിക്കുന്ന പല്ലി, എട്ടുകാലി, പാറ്റ തുടങ്ങിയവയെ നശിപ്പിക്കുന്ന ട്രീറ്റ്മെന്റിനെ ജനറല്‍ പെസ്റ്റ് കണ്‍ട്രോൾ എന്നു വിളിക്കുന്നു. മനുഷ്യനെ കൂടുതൽ ദോഷകരമായി ബാധിക്കുന്ന പെസ്റ്റ് കൺട്രോൾ പ്രവൃത്തികൾ ചെയ്യുമ്പോൾ മനുഷ്യവാസം ഒഴിവാക്കണം. ഫ്ലോറും ഭിത്തിയും സ്പ്രേ ചെയ്താണ് പണികൾ പൂർത്തീകരിക്കുന്നത്. 48 മണിക്കൂർ പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റിനുശേഷം മുറികൾ അടച്ചിടണം. പിന്നീട് ആറു മണിക്കൂറെങ്കിലും ജനലും കതകും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കി താമസം ആരംഭിക്കാം. ഒരു വർഷം വാറന്റിയുള്ള ട്രീറ്റ്മെന്റിന് സ്ക്വയർഫീറ്റിന് 1.50 മുതൽ 2.50 രൂപവരെ ചെലവാകും.

വിവരങ്ങൾക്ക് കടപ്പാട് 

ശ്രീകാന്ത് പാങ്ങപ്പാട്

എൻജിനീയർ, പിജി ഗ്രൂപ് ഓഫ് ഡിസൈൻസ്

Mob- 7560984081

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com