ADVERTISEMENT
Low Cost Veedu

വിവാഹം, വീടുപണി..ഇതുരണ്ടും ഒരാളുടെ മോശം സമയത്താണ് നടക്കുന്നത് എന്നുപറയാറുണ്ട്. രണ്ടിലും ഉൾപ്പെട്ട ചെലവായിരിക്കാം കാരണം. വീടുപണി എന്നാല്‍ ചെലവുകളുടെ കാലമാണ്. കയ്യിൽനിന്ന് പൈസ പോകുന്ന വഴി അറിയില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. എന്നാൽ കൃത്യമായ പ്ലാനിങ്ങോടു കൂടി വീടു പണിതാൽ ചെലവു ഗണ്യമായി കുറയ്ക്കാം. ചെലവു ചുരുക്കുക എന്നതുകൊണ്ട് സൗകര്യങ്ങൾ വേണ്ടെന്നു വയ്ക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് എല്ലാ സൗകര്യങ്ങളും അവരവരുടെ ബജറ്റിനനുസരിച്ച് ചെയ്യുക എന്നതാണ്.

1. വീടു പണിയാനിറങ്ങുമ്പോൾ ഒരു കണക്കുപുസ്തകം സൂക്ഷിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. വീടുപണിയുടെ ആദ്യദിനംമുതൽ അതാതു ദിവസത്തെ ചെലവുകൾ എഴുതിയിടാൻ മറക്കരുത്. അപ്പോൾ ചെലവിൽ ഒരു നിയന്ത്രണം വരും. 

2. ചെലവ് കുറയ്ക്കാനായി പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോള്‍ അത് പൊതുവായുള്ള ട്രെൻഡിന് സ്വീകാര്യമാണോ എന്നന്വേഷിക്കുന്നത് നന്നായിരിക്കും. അതല്ലെങ്കിൽ ഭാവിയില്‍ വീട് വിൽക്കണമെന്നു തോന്നിയാൽ റീസെയിൽ വാല്യു കുറവായിരിക്കും.

3. നാട്ടുകാരും ബന്ധുക്കളുമെല്ലാം പല അഭിപ്രായങ്ങളും പറയും. അതെല്ലാം കേൾക്കാൻ പോയാൽ ചെലവ് വിചാരിച്ചിടത്തൊന്നും നിൽക്കില്ല. ഉപയോഗമില്ലാത്ത ഒരു സ്പേസ് പോലും വീട്ടിൽ വേണ്ട എന്നു തീരുമാനിക്കുക. കഴിവതും ഒന്നില്‍ കൂടുതൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന രീതിയിൽ മുറികൾ ഡിസൈൻ ചെയ്യുക.

budget-house-kodungalloor

4. പ്ലോട്ട് തിര‍ഞ്ഞെടുക്കുന്നതും വളരെ പ്രധാനമാണ്. താഴ്ന്ന സ്ഥലമാണെങ്കിൽ മണ്ണിട്ടു നികത്തേണ്ടി വരും. അതുപോലെ വെള്ളക്കെട്ടുള്ളതോ ഉറപ്പില്ലാത്തതോ ആയ സ്ഥലമാണെങ്കിൽ അടിത്തറ ഉറപ്പിക്കേണ്ടി വരും. ഇതിനൊക്കെ ഇരട്ടി ചെലവുവരും.

5. മുറികളുടെ വലുപ്പം കുറച്ചാൽ മൊത്തം വിസ്തീർണം കുറയുമെങ്കിലും ചെലവിൽ വലിയ കുറവൊന്നും വരുന്നില്ല. ചെലവ് കുറയണമെങ്കിൽ മുറികളുടെ വലുപ്പമല്ല, എണ്ണമാണ് കുറയ്ക്കേണ്ടത്. ഉദാഹരണത്തിന് ഒരു മുറിയുടെ നീളവും വീതിയും 12 അടി വീതമാണെങ്കിൽ അതിന്റെ വിസ്തീർണം 144 ചതുരശ്രയടി ആണ്. ഇങ്ങനെയൊരു മുറിക്ക് ഒരു ചതുരശ്രയടിക്ക് 1000 രൂപ എന്ന നിരക്കിൽ കണക്കാക്കിയാൽ 1,44,000 രൂപ ചെലവുവരും. എന്നാൽ നീളവും വീതിയും 10 അടി വീതമാക്കിയാൽ വിസ്തീർണം 100 ചതുരശ്രയടിയായി ചുരുങ്ങും. അതിനു വരുന്ന ചെലവ് ഏകദേശം 1,25,000 രൂപ ആയിരിക്കും. അല്ലാതെ 1,00,000 രൂപ മതിയാകില്ല. ജനലുകളുടെയും വാതിലുകളുടെയും എണ്ണത്തിലും മറ്റ് ക്രമീകരണങ്ങളിലും സ്ട്രക്ചർ പണിയിലും വലിയ വ്യത്യാസമില്ലാത്തതുകൊണ്ട് മൊത്തം വിസ്തീർണത്തിന്റെ അളവ് കുറയ്ക്കുമെങ്കിലും മൊത്തം ചെലവിനെ കാര്യമായി കുറയ്ക്കില്ല.

6. വീടുപണിക്കിടയിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതു മുൻകൂട്ടികണ്ട്, ഓരോ ദിവസത്തെയും ജോലികൾ, ഏതു ജോലി കഴിഞ്ഞാല്‍ ഏതൊക്കെ പണികൾ ആരംഭിക്കാം, ഏതൊക്കെ പണികൾ ഒരുമിച്ചു നടത്താം എന്നുമൊക്കെ കൃത്യമായി പ്ലാൻ ചെയ്തു വയ്ക്കണം. അപ്പോൾ ഓരോ ഘട്ടത്തിലും എത്ര രൂപ കൈയിൽ വയ്ക്കണമെന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കും. സമയബന്ധിതമായി പണി തീരുന്നുണ്ടോ ഇല്ലയോ എന്നും മനസ്സിലാക്കാം.

wayanad-budget-home

7. വീടുപണിക്കു മുമ്പേ തീരുമാനം എടുക്കേണ്ട പ്രധാന കാര്യമാണ് ബജറ്റിങ്. മൊത്തം എത്ര തുക വീടുപണിക്കായി ചെലവാക്കാം, എങ്ങനെ, എപ്പോൾ ലഭ്യമാക്കാം എന്നിവയ്ക്കനുസരിച്ചു മാത്രമേ നിർമാണ പ്രവര്‍ത്തനങ്ങൾ തുടങ്ങുകയും തുടർന്നു പോവുകയും ചെയ്യാവൂ. പരിചയസമ്പന്നനായ ആർക്കിടെക്ടിനെയോ എൻജിനീയറെയോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പൂർണമായും തൃപ്തിയാകുന്നതു വരെ പ്ലാനിൽ മാറ്റങ്ങൾ വരുത്താം. പ്ലാൻ അന്തിമമായി തയാറായതിനു ശേഷം മാത്രം പണിയാരംഭിക്കുക. പണി തുടങ്ങിയതിനു ശേഷം പ്ലാനിൽ മാറ്റങ്ങൾ വരുത്താതിരിക്കുകയാണ് ഉചിതം.

8. ഓരോ പണിയുടെയും തുടക്കത്തിൽ തന്നെ ഓരോന്നും എങ്ങനെ, ഏതുതരത്തിൽ ചെയ്യണം, എത്ര സാധനങ്ങൾ ഏതൊക്കെ തരത്തിൽ ലഭിക്കും, ഏതു രീതിയിൽ ചെയ്താൽ സാമ്പത്തികനേട്ടം ലഭിക്കും എന്നിവയെക്കുറിച്ച് അവലോകനം നടത്തിയതിനു ശേഷം മാത്രം പണിയാരംഭിക്കുക.

9. ഫൗണ്ടേഷൻ മുതൽ വാർപ്പ് വരെ നിർമാണ സാമഗ്രികള്‍ തിര‍ഞ്ഞെടുക്കുമ്പോൾ ഗുണമേന്മയ്ക്കായിരിക്കണം പ്രാധാന്യം. എന്നാൽ അതിനുശേഷം ചെലവ് നിയന്ത്രിക്കാം. ഏതു മികച്ച ബ്രാൻഡും ബേസിക് കാറ്റഗറിയിൽ തുടങ്ങിയാണ് ലക്ഷ്വറിയിലെത്തുന്നത്. സൂക്ഷിച്ചു തിരഞ്ഞെടുത്താൽ ലാഭമുണ്ടാക്കാം.

10. ജിപ്സം, ഫെറോസിമന്റ് എന്നിവകൊണ്ടുള്ള വീടുകൾക്ക് ഇപ്പോൾ പ്രചാരമേറുന്നുണ്ട്. ഇവ എളുപ്പത്തിൽ പണി തീർക്കുകയും ചെലവു കുറയ്ക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com