sections
MORE

ഇനിയില്ല നോത്രദാം, വിശ്വാസം വരാതെ കണ്ണീരടക്കി ലോകം

France Notre Dame Fire
SHARE

നോത്രദാം കത്തീഡ്രല്‍ തീപിടിച്ചു നശിച്ച വാര്‍ത്ത ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്. ചരിത്രത്താളുകളില്‍ മാത്രമല്ല ആർക്കിടെക്ചറിലും സാഹിത്യത്തിലും  ഇടംപിടിച്ച കത്തീഡ്രല്‍ ലോകത്തിന്റെ വിങ്ങലാകുകയാണ്. കത്തീഡ്രലുകളുടെ രാജ്ഞിയെന്നാണ് നോത്രദാം (Notre Dame) അറിയപ്പെടുന്നത് തന്നെ. 1163ൽ അലക്സാണ്ടർ മൂന്നാമൻ പാപ്പാ ശിലാസ്ഥാപനം നടത്തിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന കത്തീഡ്രല്‍ ഏകദേശം ഇരുനൂറുവര്‍ഷങ്ങള്‍ കൊണ്ടാണ് പണികഴിപ്പിച്ചത്. ഏകദേശം 52 ഏക്കറിലെ മരങ്ങളുപയോഗിച്ചാണ് കത്തീഡ്രല്‍ നിർമിച്ചത്. 13 മില്യന്‍ സഞ്ചാരികളാണ് ഒരു വര്‍ഷം ഇവിടം സന്ദര്‍ശിക്കുന്നത് എന്നാണ് കണക്ക്.

എ‍ഡി 1210 നും 1250 നും ഇടയിലാണ് 223 അടി ഉയരമുള്ള കത്തീഡ്രലിന്റെ ഗോപുരങ്ങൾ പണിതത്. 1345 ൽ ഔദ്യോഗികമായി പൂർത്തിയാക്കപ്പെട്ട, ഗോഥിക് ശൈലിയിലുള്ള കത്തീഡ്രൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു ഏപ്രിൽ 15ന് പുനരുദ്ധാരണത്തിനിടയിൽ തീ പിടിച്ചതായി ചരിത്രം പറയുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു ഏപ്രില്‍ മാസത്തില്‍ പള്ളിയെ വീണ്ടും അഗ്നി വിഴുങ്ങിയിരിക്കുന്നു. വിഖ്യാത എഴുത്തുകാരന്‍ വിക്ടർ ഹ്യൂഗോയുടെ "നോത്രദാമിലെ കൂനൻ'  (The hunchback of notre dame) എന്ന ക്ലാസിക് കൃതി 1831 ലാണ് പ്രസിദ്ധീകരിച്ചത്. ഇത് നോത്രദാമിനു ലോകത്തിനു മുന്‍പില്‍ നല്‍കിയ പരിവേഷം കുറച്ചൊന്നുമല്ല. 

FRANCE-NOTREDAME/

1790 ലെ ഫ്രഞ്ച് വിപ്ലവത്തിനും രണ്ടു മഹായുദ്ധങ്ങള്‍ക്കും ഈ കത്തീഡ്രല്‍ സാക്ഷ്യം വഹിച്ചു. ഒരുകാലത്ത്, നോത്രദാമിൽ അഭയം പ്രാപിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നൊരു നിയമമുണ്ടായിരുന്നത്രേ. 1431 ൽ ഇംഗ്ലണ്ടിലെ രാജാവ് ഹെൻട്രി ആറാമന്റെ കിരീടധാരണം കത്തീഡ്രലിൽ വച്ചായിരുന്നെന്ന് ചരിത്രരേഖകള്‍ പറയുന്നുണ്ട് . അതുപോലെ നെപ്പോളിയൻ 1802-ൽ രാജാവായി കിരീടധാരണം നടത്തിയതും ഇവിടെ വച്ചുതന്നെ. ഇതില്‍ നിന്നുതന്നെ കത്തീഡ്രല്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്നൂഹിക്കാം.

പാരിസിനെപ്പറ്റി വര്‍ണ്ണിക്കുമ്പോള്‍ നോത്രദാമിലെ കത്തീഡ്രലിനെ കുറിച്ചു പറയാതെ അതൊരിക്കലും പൂര്‍ത്തിയാകില്ല എന്നാണു പറയാറ്. ചരിത്രത്തിന്റെ ഭാഗമായ അനവധി കലാരൂപങ്ങള്‍, വിശിഷ്ടമായ നിക്ഷേപങ്ങള്‍, ക്രിസ്തു ക്രൂശിക്കപ്പെട്ട  കുരിശിന്റെ ഭാഗം, ക്രിസ്തു ധരിച്ച മുൾക്കിരീടം എന്നിവ ഇവിടെ സൂക്ഷിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. "നോത്രദാം ഡി പാരിസ്" എന്ന് ഫ്രഞ്ചു ഭാഷയിൽ പറയുന്ന ഈ കത്തീഡ്രൽ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രശേഷിപ്പുകളില്‍ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ നോത്രദാമിലെ കത്തീഡ്രല്‍ പുനരുദ്ധരിച്ച് പഴയ പ്രൗഢിയിലേക്കു തിരിച്ചെത്തണമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസിസമൂഹവും കലാസ്വാദകരും മോഹിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA