ADVERTISEMENT
solar-house-night

കോഴിക്കോട് കാക്കൂരിലുള്ള മനോഹറിന്റെ വീടിനു 6300 ചതുരശ്രയടിയുണ്ട്. അകത്തേക്ക് കയറിയാലോ നിരവധി ലൈറ്റുകള്‍, ഫാന്‍, എസി എല്ലാമുണ്ട്. വിശാലമായ ഉദ്യാനം നനയ്ക്കാന്‍ തന്നെ 5 മോട്ടറുകളുണ്ട്‍, ഗാര്‍ഹിക ആവശ്യത്തിനു 2 മോട്ടറുകള്‍ വേറെയും. രാത്രിയാകുമ്പോള്‍ വീട് ലൈറ്റുകളുടെ പ്രഭാവലയത്തില്‍ കുളിച്ചു നില്‍ക്കും. പുറമേ പോകുന്ന ആരും അസൂയയോടെ ആത്മഗതം ചെയ്യും, കറന്റ് ബില്‍ വരുമ്പോള്‍ പഠിച്ചോളും എന്ന്.. അവിടെയാണ് ട്വിസ്റ്റ്. ഈ വീട്ടില്‍ കറന്റ് കണക്ഷന്‍ എടുത്തിട്ടില്ല! പൂര്‍ണമായും സൗരോര്‍ജത്തിലാണ് വീട് പ്രവര്‍ത്തിക്കുന്നത്. ആ കഥ മനോഹര്‍ പങ്കുവയ്ക്കുന്നു..

പ്രചോദനം...

കണ്ണൂര്‍ ഇരിക്കൂര്‍ എന്ന സ്ഥലത്ത് ഞാന്‍ ഒരു സ്കൂള്‍ നടത്തുന്നുണ്ട്. സ്കൂളിലെ ഒരു കെട്ടിടം പൂര്‍ണമായും സോളാര്‍ വൈദ്യുതിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്. ഏകദേശം പത്തു ക്ലാസ് മുറികളിലെ ലൈറ്റ്, ഫാന്‍, കംപ്യൂട്ടര്‍ ലാബ്‌..എല്ലാം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം സൂര്യനില്‍ നിന്നും ലഭിക്കുന്നു. ഈ ബ്ലോക്കില്‍ കെഎസ്ഇബി കണക്ഷന്‍ എടുത്തിട്ടില്ല. എട്ടു കൊല്ലം മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത പദ്ധതിയുടെ വിജയമാണ് പുതുതായി വീടു പണിതപ്പോള്‍ പൂര്‍ണമായി സോളാറിലേക്ക് മാറാന്‍ പ്രചോദനമായത്. 

എന്റെ പഴയ വീട്ടിലും കറന്റ് കണക്ഷനൊപ്പം സോളാര്‍ വൈദ്യുതി ഉപയോഗിച്ചിരുന്നു. ഇക്കഴിഞ്ഞ പ്രളയകാലത്താണ് സോളാര്‍ വൈദ്യുതിയുടെ ഗുണം പലരും തിരിച്ചറിഞ്ഞത്. ദിവസങ്ങളോളം കറന്റ് ഇല്ലാതെ ഫോണും ടിവിയുമെല്ലാം നിശ്ചലമായി. ഉറ്റവരെ വിളിക്കാന്‍ കഴിയാതെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ആളുകള്‍ നെട്ടോട്ടമോടി. ഇതെല്ലാം പൂര്‍ണമായും സോളാറിലേക്ക് മാറാന്‍ പ്രചോദനമായി.

ഉല്‍പാദനം

10 KW ഉത്പാദനശേഷിയുള്ള പാനലുകളാണ് സ്ഥാപിച്ചത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും കൈപ്പറ്റാതെയാണ് പ്ലാന്റ് സ്ഥാപിച്ചത്. ഏകദേശം 6.5 ലക്ഷം രൂപയായി. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാഞ്ഞതുകൊണ്ടാണ് ചെലവ് കൂടിയത്. 

rooftop-solar

പാനസോണിക്കിന്റെ പാനലുകളും MROTech ഇന്‍വെര്‍ട്ടറുമാണ് സ്ഥാപിച്ചത്. മൂന്ന് ലക്ഷം രൂപയില്‍ ഈ സംഭരണശേഷിയുള്ള ചെറുകിട കമ്പനികളുടെ പാനലും ഇന്‍വേര്‍ട്ടറും സ്ഥാപിക്കാന്‍ കഴിയും. പുരപ്പുറത്ത് വീഴുന്ന വെള്ളം സംഭരിക്കാനും കിണര്‍ റീചാര്‍ജ് ചെയ്യാനുമുള്ള സൗകര്യങ്ങളും മാലിന്യ സംസ്കരണ സംവിധാനവും വീട്ടില്‍  ഒരുക്കിയിട്ടുണ്ട്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ലാഭകരമാണ്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ഗ്രിഡ് സംവിധാനത്തിലൂടെ മിച്ചം വരുന്ന വൈദ്യുതി കെ എസ് സി ബി ക്ക് നല്‍കി പണം നേടുകയും ചെയ്യാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി സബ്സിഡിയും ലഭിക്കും.

solar-house-interior

ഗുണങ്ങള്‍

വര്‍ഷം മുഴുവന്‍ മുടങ്ങാത്ത ഊര്‍ജ ലഭ്യത. പ്രകൃതി സൗഹൃദമായ, മലിനീകരണം ഇല്ലാത്ത ഊര്‍ജം. സോളാര്‍ വൈദ്യുതി താരതമ്യേന സുരക്ഷിതമാണ്. ഇടിമിന്നല്‍, ഷോര്‍ട്ട് സര്‍ക്യൂട്ട്, വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ എന്നിവയില്‍ നിന്നും സുരക്ഷിതമാണ്. ഗാര്‍ഹിക കണക്ഷന്‍ പോകുന്ന വഴിയില്‍ ഫാക്ടറികളും മറ്റും ഉണ്ടെങ്കില്‍ വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ പതിവാണ്. സോളാറിലേക്ക് മാറിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ നല്ലൊരുപരിധിവരെ ഒഴിവാക്കാം.

പരിപാലനം..

സോളാര്‍ പാനലുകളിലെ പൊടി തുടച്ചു വൃത്തിയാക്കണം. ഇത് പാനലുകളുടെ കാര്യക്ഷമത നിലനിര്‍ത്താന്‍ അനിവാര്യമാണ്. നാലോ അഞ്ചു മാസം കൂടുമ്പോള്‍ ബാറ്ററിയിലെ വെള്ളത്തിന്റെ അളവ് പരിശോധിച്ചുറപ്പ്‌ വരുത്തണം. നിരവധി ആളുകള്‍ തന്റെ വീടിന്റെ മാതൃക പിന്തുടര്‍ന്ന് സൗരോര്‍ജത്തിലേക്ക് മാറിയെന്നു പറയുമ്പോള്‍ മനോഹറിന്റെ കണ്ണുകളില്‍ ചാരിതാര്‍ത്ഥ്യം നിറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com