ADVERTISEMENT

ജിഎസ്ടി നിയമത്തിൽ ഈ മാസം ഒന്നു മുതൽ റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കുന്ന മാറ്റങ്ങളുണ്ടായല്ലോ. അവയെക്കുറിച്ച് വിശദമാക്കാമോ?

റസിഡൻഷ്യൽ കോംപ്ലക്സ് നിർമ്മാണ സേവനങ്ങൾക്കുള്ള ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽനിന്നു 7.5 ശതമാനമാക്കി കുറച്ചു (3.75% സിജിഎസ്ടിയും 3.75 എസ്ജിഎസ്ടിയും ചേർത്താണ് 7.5%)– വിജ്ഞാപനം 3/2019 സെൻട്രൽ ടാക്സ് (റേറ്റ്) തീയതി: 29–3–2019.

ഭൂമിയുടെ അവിഭജിത അവകാശം കൈമാറുന്നതിനും കൂടി ചേർത്താണ് തുകയെങ്കിൽ മൊത്തം മൂല്യത്തിന്റെ മൂന്നിലൊന്ന് ഭൂമി വിലയായി കണക്കാക്കും. അതായത് നിരക്ക് 7.5 ശതമാനമെങ്കിലും മൂന്നിലൊന്ന് ഭൂമി വിലയെ ഒഴിവാക്കുമ്പോൾ ഫലത്തിൽ നിരക്ക് 5 ശതമാനം ആയിരിക്കും.

മെട്രോ നഗരങ്ങളിൽ 60 ചതുരശ്ര മീറ്ററിൽ താഴെ, മറ്റിടങ്ങളിൽ 90 ചതുരശ്ര മീറ്ററിൽ താഴെ കാർപറ്റ് ഏരിയ ഉള്ള, അഫോഡബിൾ ഹൗസിന്റെ വിഭാഗത്തിൽ പെടുന്ന അപ്പാർട്മെന്റ് നിർമാണ സേവനങ്ങൾക്ക് 1.5 ശതമാനമാണു നിരക്ക് (അവിഭജിത ഭൂമി വിലയുൾപ്പെടുന്നുണ്ടെങ്കിൽ മൂന്നിലൊന്ന് ഭൂമിവിലയായി കണക്കാക്കുമ്പോൾ ഫലത്തിൽ ജിഎസ്ടി നിരക്ക് 1% ആകും.

പ്രധാന വ്യവസ്ഥകൾ

1. പുതിയ നിരക്കിൽ ജിഎസ്ടി അടയ്ക്കുമ്പോൾ ബിൽഡർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ അർഹതയില്ല.

2. റജിസ്ട്രേഷനില്ലാത്തവരിൽനിന്നു സിമന്റ് വാങ്ങിയാൽ റിവേഴ്സ് ചാർജിൽ ബിൽഡർ സിമന്റിന് ജിഎസ്ടി അടയ്ക്കേണ്ടി വരും.

3. റജിസ്ട്രേഷനില്ലാത്തവരിൽനിന്നു ക്യാപ്പിറ്റൽ ഗുഡ്സ് വാങ്ങിയാൽ അതിൻമേൽ റിവേഴ്സ് ചാർജിൽ ബിൽഡർ ജിഎസ്ടി അടയ്ക്കണം.

4. ഒരു പ്രോജക്ടിനാവശ്യമായ ഇൻപുട്ട് സേവനങ്ങളുടെ ചുരുങ്ങിയത് 80% റജിസ്ട്രേഷനുള്ളവരിൽനിന്നു വാങ്ങിയതാകണം/ സ്വീകരിച്ചതാകണം. 80 ശതമാനത്തിൽ കുറവു വരുന്നപക്ഷം, കുറവു വരുന്ന തുകയ്ക്ക് 18% നിരക്കിൽ ബിൽഡർ റിവേഴ്സ് ചാർജ് സമ്പ്രദായത്തിൽ ജി.എസ്ടി അടയ്ക്കണം. ഉദാഹരണത്തിന് മൊത്തം ഇൻപുട്ട്/ഇൻപുട്ട് സേവനങ്ങൾ ഒരു കോടി രൂപയുണ്ട് എന്നു കരുതുക. ഇതിൽ 50 ലക്ഷം (50%) റജിസ്ട്രേഷനില്ലാവത്തവരിൽ നിന്നു വാങ്ങിയത്/സ്വീകരിച്ചത്  ആണെങ്കിൽ  30 ശതമാനത്തിന് (30 ലക്ഷം രൂപയ്ക്ക്) 18% നിരക്കിൽ ബിൽഡർ ജിഎസ്ടി നൽകണം.

gst-flat-housing-price

റജിസ്ട്രേഷനില്ലാത്തവരിൽനിന്നു 15 ലക്ഷം രൂപയ്ക്ക് സിമന്റ് വാങ്ങിയിട്ടുണ്ടെങ്കിൽ സിമന്റിന് റിവേഴ്സ് ചാർജിലെ നികുതി കുറച്ച് ബാക്കി 15 ലക്ഷം രൂപയ്ക്ക് റിവേഴ്സ് മാർജിൻ നികുതി അടച്ചാൽ മതി.

വൈദ്യുതി, പെട്രോൾ ഡീസൽ, നാച്ചുറൽ ഗ്യാസ് എന്നിവ ഇൻപുട്ട്/ഇൻപുട്ട് സർവീസിൽ ഉൾപ്പെടുത്തേണ്ടതില്ല. അതുപോലെ ഭൂമിയുടമ കൈമാറുന്ന ഡവലപ്മെന്റ് അവകാശവും ഉൾപ്പെടുത്തേണ്ടതില്ല. 2019 ഏപ്രിൽ ഒന്നിനു ശേഷം ടൈം ഓഫ് സപ്ലൈ ഉള്ള പ്രോജക്ടുകളിലെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള അനക്സറിൽ പറയുന്ന വിധത്തിൽ കണക്കാക്കി ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന് തുല്യമായ തുക ബിൽഡർ അടയ്ക്കണം. 15 ശതമാനത്തിലധികം കൊമേഴ്സ്യൽ അപ്പാർട്മെന്റുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്ടിനും 15 ശതമാനത്തിൽ താഴെ കമേഴ്സ്യൽ അപ്പാർട്മെന്റുള്ള റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് പ്രോജക്ടിനും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കണക്കാക്കാൻ പ്രത്യേകം മാർഗനിർദേശങ്ങളുണ്ട്.

2019 ഏപ്രിലിന് മുൻപു തുടങ്ങിയ പ്രോജക്ടുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റോടു കൂടി 12 ശതമാനം നിരക്കിൽ അടയ്ക്കാൻ അവസരമുണ്ട്. ഇതിനായി വിജ്ഞാപനം 3/2019 ലെ ആനക്സർ IV പ്രകാരമുള്ള  അപേക്ഷ മേയ് 10–നകം നൽകണം. ഏപ്രിൽ 2019 നു മുൻപ് പ്രോജക്ട് തുടങ്ങിയതിന് സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. 

ചുരുങ്ങിയത് ഒരു ഇൻസ്റ്റാൾമെന്റ് എങ്കിലും മാർച്ച് 31–നകം  ലഭിച്ചിട്ടുണ്ടാവണം, സൈറ്റ് പ്രിപ്പറേഷനു വേണ്ടി എർത്ത് വർക്ക് പൂർത്തിയാക്കി ഫൗണ്ടേഷനുള്ള എർത്ത് വർക്ക് ഏപ്രിൽ 2019 –നു മുൻപ് ആരംഭിച്ചിട്ടുണ്ടാവണം, കംപ്ലീഷൻ സർട്ടിഫിക്കറ്റ് /ഫസ്റ്റ് ഒക്കുപ്പേഷൻ നടന്നിട്ടുണ്ടാവരുത്.

മേൽപറഞ്ഞ പ്രകാരം അപേക്ഷ നൽകിയില്ലെങ്കിൽ  പുതിയ സമ്പ്രദായത്തിൽ അതായത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റില്ലാതെ 7.5% അഥവാ 1.5%  (ഭൂമിയുൾപ്പെടെ എങ്കിൽ  യഥാക്രമം 5%, 1%) നിരക്കിൽ ജിഎസ്ടി അടയ്ക്കാൻ തെരഞ്ഞെടുത്തതായി പരിഗണിക്കും.

ഏപ്രിൽ ഒന്നു മുതൽ പ്രൊമോട്ടർ ഡവലപ്പർ ഭൂവുടമയിൽ നിന്നു ലഭിക്കുന്ന ഡവലപ്മെന്റ് റൈറ്റിന് റിവേഴ്സ് ചാർജ്  സമ്പ്രദായത്തിൽ ജിഎസ്ടി അടയ്ക്കണം. ഭൂവുടമയ്ക്ക്  വേണ്ടി നടത്തുന്ന നിർമാണത്തിനും ബിൽഡർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് അഥവാ ഫസ്റ്റ് ഒക്കുപ്പേഷൻ സമയത്ത്  ജിഎസ്ടി അടയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com