ADVERTISEMENT

ഈ മാസം 1 മുതൽ പാർപ്പിടങ്ങളുടെ ജിഎസ്ടി നികുതി നിരക്ക് കുറഞ്ഞിട്ടുണ്ട്; പക്ഷേ വില കൂടുന്നു. കെട്ടിട നിർമാതാക്കൾക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് നൽകുന്നതു നിർത്തലാക്കിയതാണു കാരണം. ഇതുമൂലം ഫ്ളാറ്റും വീടും ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ അടിസ്ഥാന വില ഉയരും. അതനുസരിച്ച് ജിഎസ്ടിയും ചേർത്തുള്ള ആകെ വിലയും കൂടും.

മാർച്ച് 31 വരെ വിലയേറിയ പാർപ്പിടങ്ങൾക്ക് 12%, ബജറ്റ് പാർപ്പിടങ്ങൾക്ക് 8% എന്നിങ്ങനെയായിരുന്നു നിരക്ക്. ഏപ്രിൽ മുതൽ നിരക്ക് യഥാക്രമം 5 ശതമാനവും 1 ശതമാനവുമായി. പക്ഷേ ബിൽഡർക്ക് നേരത്തേ ഇൻപുട് ടാക്സ് ക്രെഡിറ്റ് (ഐടിസി)കിട്ടിയിരുന്നു. ഒരു ചാക്ക് സിമന്റിന് 350 രൂപയെങ്കിൽ സിമന്റിന്റെ ജിഎസ്ടി നിരക്കായ 28% ഈടാക്കിയാലും ബിൽഡർക്ക് ഒരു ചാക്ക് സിമന്റിനു വില 275 രൂപയിൽ താഴയേ വരൂ. കാരണം ഐടിസി കിട്ടുന്നു. കമ്പിയും ടൈലും ഉൾപ്പടെ സർവ സാധനങ്ങൾക്കും ഇങ്ങനെ ഐടിസി കിട്ടുമെന്നു മാത്രമല്ല അത് ഉപയോക്താവിനു കൈമാറുകയും വേണം. അങ്ങനെ പാർപ്പിടത്തിന്റെ അടിസ്ഥാന വിലയിൽ കുറവു വന്നിരുന്നു.

gst-flat-housing-price

ഇനി ഐടിസി ഇല്ലാത്തതിനാൽ സിമന്റിനു വില 350 തന്നെ കണക്കാക്കി കെട്ടിട നിർമാണച്ചെലവു നിർണയിക്കണം. സർവ സാധനങ്ങൾക്കും ഐടിസി കിട്ടാതെ യഥാർഥ വില തന്നെ കണക്കാക്കിയാൽ ചതുരശ്രയടിക്ക് 400 രൂപ മുതൽ 550 രൂപ വരെ നിർമാണ ചെലവിൽ വർധന വരും. അങ്ങനെ അടിസ്ഥാന വില ഉയരും. ഉയർന്ന അടിസ്ഥാന വിലയുടെ 5% നികുതി നിരക്ക് ഉപയോക്താവ് നൽകുമ്പോൾ ആകെ വില കൂടുകയാണ്, കുറയുകയല്ലെന്നു ബിൽഡർമാർ വ്യക്തമാക്കുന്നു.

ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം. 1500 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ളാറ്റിന് ചതുരശ്രയടിക്ക് 4000 രൂപയെങ്കിൽ ആകെ വില 60 ലക്ഷം രൂപ. മുമ്പ് 12% ജിഎസ്ടി നിരക്കിൽ ഉപയോക്താവ് നൽകേണ്ടത് 7.2 ലക്ഷം രൂപ. ആകെ വില 67.2 ലക്ഷം. 

ഇനി ഐടിസി ലഭിക്കാതാകുമ്പോൾ അടിസ്ഥാനവില ചതുരശ്രയടിക്ക് 400 രൂപയെങ്കിലും കൂടും. അങ്ങനെ ചതുരശ്രയടിക്ക് 4400 രൂപ നിരക്കിൽ  അടിസ്ഥാനവില 66 ലക്ഷമായി ഉയരുന്നു. അതിന്റെ 5% ജിഎസ്ടി നൽകണം. 3.3 ലക്ഷം ജിഎസ്ടി. രണ്ടും ചേരുമ്പോൾ ആകെ വില 69.3 ലക്ഷം രൂപ. ഏപ്രിലിനു മുൻപ് 67.2 ലക്ഷം രൂപ നൽകിയിരുന്ന സ്ഥാനത്താണിത്. ജിഎസ്ടി നിരക്ക് കുറഞ്ഞെങ്കിലും ഉപഭോക്താവ് 2.1 ലക്ഷം രൂപ അധികം നൽകേണ്ടിവരുന്നു.

അഫോഡബിൾ ഹൗസിങ് വിഭാഗത്തിൽ ( ഉദാ. അടിസ്ഥാനവില 45 ലക്ഷത്തിൽ താഴെ) ഉള്ളവർക്കും ആകെ വില കൂടുകയല്ലാതെ കുറയുന്നില്ല. 40 ലക്ഷത്തിന്റെ പാർപ്പിടത്തിന് നേരത്തേ 8% നിരക്കിൽ നൽകേണ്ടിയിരുന്നത് 3.2  ലക്ഷം രൂപ. ആകെ വില 43.2 ലക്ഷം. ഐടിസി ഇല്ലാത്തതിനാൽ അടിസ്ഥാനവില 44 ലക്ഷമായി വർധിച്ചാൽ 1% നിരക്കിൽ 44000 രൂപ ജിഎസ്ടി നൽകിയാൽ മതിയാകുമെങ്കിലും അതും ചേർത്ത് ആകെ വില 44.4 ലക്ഷമാകുന്നു. കൂടുതൽ നൽകേണ്ടത് 1.24 ലക്ഷം രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com