ADVERTISEMENT

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഏറ്റവും നാശം സംഭവിച്ചത് വീടുകൾക്കാണ്. വീണ്ടും ഒരു മഴക്കാലം എത്തുമ്പോൾ നമ്മുടെ വീടുകൾ കരുതലോടെ സംരക്ഷിക്കാൻ തയാറെടുക്കാം. ജൂൺമാസം മുതൽ ആരംഭിക്കുന്ന മൺസൂൺ സീസണിനു മുൻപായി വീടിനും പരിസരങ്ങൾക്കും അൽപ്പം ശ്രദ്ധ കൊടുത്താൽ വീടിന് കാലദൈർഘ്യവും മേന്മയും വർധിക്കുന്നു. 

gutters-on-home-in-rain

മഴക്കാലം കഴിയുമ്പോൾ പല കോൺക്രീറ്റ് വീടുകളും ചോർന്നൊലിക്കുന്നതും, കമ്പി തുരുമ്പിച്ച് അടിപ്പാളികൾ സ്ലാബിൽ നിന്നും അടർന്ന് വീഴുന്നതും പതിവാണ്. റൂഫ് ടെറസിൽ, സ്ലാബ് ടോപ്പിൽ മഴക്കാലത്തിനു മുൻപേ ചില കാര്യങ്ങൾ പ്രധാനമായി ശ്രദ്ധിക്കണം. റൂഫ് ടോപ്പിൽ അടിഞ്ഞു കിടക്കുന്ന കരിയിലയും, പായലും, ചെളിയും മറ്റും നീക്കം ചെയ്യണം, പറ്റുമെങ്കിൽ വയർ ബ്രഷ് ഉപയോഗിച്ച് തന്നെ ക്ലീൻ ചെയ്യണം. ഇത്തരം ക്ലീനിങ് പ്രവൃത്തികൾ ചെയ്യുമ്പോൾ സ്ലാബ് നല്ല വണ്ണം നനച്ച് നോക്കി, എവിടെയെങ്കിലും ലീക്ക് ഉണ്ടോ എന്നു പരിശോധിക്കുകയും ആവാം. അത്തരം ലീക്കേജുകൾ കണ്ടെത്തിയാൽ സ്ലാബിൽ ആ സ്ഥലം മാർക്ക് ചെയ്ത് ഗ്രൗ‍ട്ടിങ്ങും, വാട്ടർ പ്രൂഫിങ്ങും ചെയ്ത ടെറസ് റൂഫ് ഫിനിഷ് ചെയ്യണം. ടെറസിൽ വെള്ളമൊഴുകി പോകാനാവശ്യമായ സ്ലോപ്പ് (ചെരിവ്) നൽകിവേണം ഫിനിഷിങ് പൂർത്തീ കരിക്കാൻ. ഫ്ളാറ്റ് റൂഫിലെ പാരപ്പെറ്റ് വാളില്‍ മിനിമം മൂന്ന് ഇഞ്ച് വ്യാസമുള്ള പൈപ്പ് കൊടുത്തു വേണം ടെറസിൽ നിന്നും വെള്ളം നീക്കം ചെയ്യാൻ. ചെറിയ പൈപ്പ് ഔട്ട്‍ലറ്റായി നൽകിയാൽ മഴക്കാലത്ത് കാറ്റടിച്ച് ഇലയും മറ്റും വീണ് പെട്ടെന്നുതന്നെ അടഞ്ഞു പോകാൻ സാധ്യതയുണ്ട്. വർഷത്തിൽ ഒരിക്കലെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ കോൺക്രീറ്റ് ലൈഫ് കൂട്ടുവാൻ സാധിക്കും. 

rain-roof

ഭിത്തിയിൽ പൊതുവെ ഈർപ്പം കാണാറുണ്ടെങ്കിൽ മഴക്കാലത്തിനു മുൻപ് ശ്രദ്ധിക്കണം. ശരിയായ രീതിയിൽ ഷെയിഡ് നൽകാത്ത ഭിത്തിയാണെങ്കിൽ അവിടം ഷെയിഡിങ് ചെയ്യണം. കോൺക്രീറ്റ് ചെയ്യാതെ തന്നെ ജിഐ പൈപ്പുപയോഗിച്ച് ചെരിഞ്ഞ ഷെയിഡ് സ്ട്രക്ചർ ചെയ്ത് മേച്ചിൽ ഓടിട്ടാൽ ചെലവ് കുറയും. കോൺക്രീറ്റ് ചെരിവ് ഷെയിഡിനടിവശം നനയുന്നുണ്ടെങ്കിൽ ഓട് മാറ്റ്, സിമന്റ് മോർട്ടാറിൽ പിടിപ്പിച്ച പട്ടികയടക്കം പരിശോധിക്കണം. ഓട് പൊട്ടിയിട്ടുണ്ടെങ്കിൽ വിടവിലൂടെ വെള്ളമിറങ്ങി ചെരിവ് ഷെയിഡിന് ചോർച്ച വരുവാൻ സാധ്യത കൂടുതലാണ്. പൊട്ടിയ ഓടുകൾ മാറുകയും റീപ്ലാസ്റ്ററിങ് ചെയ്തു ഷെയിഡുകളും മഴക്കാലത്തിനു മുൻപുതന്നെ സംരക്ഷിക്കണം.

വെള്ളക്കെട്ട് കൂടുതലുള്ള സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നതെങ്കിൽ ബെയ്സ്മെന്റ് വഴി ഭിത്തിയിലേക്കും ഈർപ്പം കടന്നു വരും. അത്തരം മുൻകാല അനുഭവമുണ്ടെങ്കിൽ ബെയ്സ്മെന്റിന് ചുറ്റും രണ്ടടി വീതിയിൽ നാല് ഇഞ്ച് കനത്തിൽ പി.സി.സി 1:3:6 ചെയ്യണം. അതിനുമേൽ വേണമെങ്കിൽ എക്സ്റ്റീരിയർ ടൈൽസും പതിക്കാം. അത്തരം ബെയ്സ്മെന്റ് പ്രൊട്ടക്ടർ കോൺക്രീറ്റിനും ചെറിയ ചെരിവ് പുറത്തേക്ക് നൽകാൻ ശ്രദ്ധിക്കണം. ഇത്തരം ബെയ്സ്മെന്റ് പ്രൊട്ടക്ഷൻ നൽകുന്നതിലൂടെ ഒരു പരിധിവരെ ഭിത്തിയിലെ ഈർപ്പം നിയന്ത്രിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com