ADVERTISEMENT

ലക്ഷങ്ങൾ പൊടിച്ച് കൊട്ടാരങ്ങൾ പോലെ വീടുണ്ടാക്കിയ പലരും പിന്നീട് പരിതപിക്കുന്നത് കേട്ടിട്ടുണ്ട്. യമണ്ടൻ വീടുണ്ടാക്കിയ ശേഷം തനിക്കുണ്ടായ പൊല്ലാപ്പുകൾ രസകരമായി വിവരിക്കുകയാണ് ഷഫീഖ് മുസ്തഫ. ഇദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവച്ച അനുഭവം വാരിക്കോരി പണം ചെലവഴിച്ച് വീട് പണിയാൻ ആഗ്രഹിക്കുന്നവർക്കുള്ള ഗുണപാഠം കൂടിയാണ്. ഷഫീഖിന്റെ കുറിപ്പ് വായിക്കാം...

എത്രയൊക്കെ പൈസ മുടക്കി വീടുവെച്ചാലും ചില അബദ്ധങ്ങളൊക്കെ പറ്റും. ഇവിടെ എന്റെ കാര്യമെടുത്താൽ ഞാൻ ദിവസവും എഴുന്നേൽക്കുന്നതുതന്നെ ഈ വീടിന്റെ ഡിസൈനറെ മനസ്സിൽ ചീത്തപറഞ്ഞുകൊണ്ടാണ്. കാരണം, പത്രം വായിക്കാൻ വേണ്ടിയുള്ള മുറി അയാൾ അസ്ഥാനത്താണ് കൊണ്ടുവച്ചിരിക്കുന്നത്. എന്റെ പഴയ വീട് ചെറുതായിരുന്നെങ്കിലും അവിടെ ഇങ്ങനെയൊരു പ്രശ്നമില്ലായിരുന്നു. രാവിലെ ഉറക്കച്ചടവോടെ എഴുന്നേറ്റ് മുറിതുറന്ന് കോലായിലേക്ക് ഇറങ്ങുമ്പോൾ അവിടെ പത്രം കിടപ്പുണ്ടാവും. അതെടുത്ത് തൊട്ടടുത്തുകിടക്കുന്ന ചാരുകസേരയിലേക്ക് ചാഞ്ഞിരുന്ന് വായിക്കുകയേ വേണ്ടൂ. ഇതിപ്പോ അങ്ങനെ മറ്റോ ആണോ? എന്റെ കിടപ്പുമുറിയിൽ നിന്ന് രാവിലെ പത്രം കൊണ്ടുവന്നിടുന്ന സ്ഥലം വരെ ഓട്ടോ പിടിച്ചു പോകാനുള്ള ദൂരമുണ്ട്. അത്രയൊന്നുമില്ലെങ്കിലും വെളുപ്പാങ്കാലത്തെ അവിടം വരെ നടന്നെത്തുമ്പോൾ നമുക്ക് അങ്ങനെ തോന്നും. പിന്നെ അവിടെനിന്നു പത്രമെടുത്തിട്ട് വായനാമുറിയിലേക്ക് വീണ്ടും നടക്കണം. ഇതെല്ലാം കൂടി ചില്ലറ ദൂരമൊന്നുമല്ല ഉള്ളത്!

ഈ വീട് ഡിസൈൻ ചെയ്യുന്ന ഘട്ടത്തിൽ എന്റെയും ഭാര്യയുടേയും, ബഹ്റൈനിലും ദുബായിലും ജോലിചെയ്യുന്ന മക്കളുടേയും അവരുടെ ഭാര്യമാരുടേയുമെല്ലാം അഭിപ്രായങ്ങൾ ആരാഞ്ഞ് ഞങ്ങൾ എല്ലാവരുടേയും ആഗ്രഹങ്ങളെ നിവർത്തിക്കാൻ ഡിസൈനർ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. എത്രയോ മുറികൾ അയാൾ കൃത്യമായിത്തന്നെ സജ്ജീകരിച്ചു. നമുക്ക് അത്ര പരിചയമില്ലാത്തവർ വന്നാൽ ഇരിക്കാനുള്ള ഇടം, കുറച്ചു പരിചയമുള്ളവർ വന്നാൽ സ്വീകരിക്കാനുള്ള ഇടം, നല്ല പരിചയമുള്ളവർക്കുള്ള ഇടം, ബന്ധുക്കളെ ആനയിച്ചിരുത്താനുള്ള ഇടം, സ്ത്രീകൾക്ക് സൊറ പറയാനുള്ള ഇടം, കുട്ടികൾക്ക് കളിക്കാനുള്ള ഇടം, പതിനഞ്ചു പേരെയെങ്കിലും ഉൾക്കൊള്ളുന്ന നമസ്കാരമുറി ഇങ്ങനെ എത്രയോ ഇടങ്ങൾ അയാൾ യോജിച്ച സ്ഥലങ്ങളിൽത്തന്നെ ക്രമീകരിച്ചു. അതിനിടയിൽ പത്രം വായിക്കാനുള്ള ഇടം കുറച്ചങ്ങോട്ടു മാറിപ്പോയി എന്ന കാര്യത്തിൽ ഡിസൈനറെ ചീത്തവിളിക്കുന്നതും ശരിയല്ല. ഈ മുറികൾ എല്ലാം കൂടെ ചേർന്ന് വീട് ഉദ്ദേശിച്ചതിനേക്കാൾ ഒരല്പം വലുതായെങ്കിലും താക്കോൽ കയ്യിൽ വാങ്ങുമ്പോൾ നിറഞ്ഞ സംതൃപ്തിയായിരുന്നു.

വീടുതാമസത്തിനു കൂടാൻ വന്ന ബന്ധുക്കളിൽ ചിലർ ‘എന്തിനാണ് ഇത്രയും മുറികളും ഇടനാഴികളുമെന്ന്’ കുശുകുശുക്കുന്നുണ്ടായിരുന്നു. കൂട്ടത്തിലൊരുത്തൻ നന്നായിക്കിടക്കുന്നത് സഹിക്കാത്ത ആളുകൾ എല്ലാ കുടുംബങ്ങളിലും കാണുമല്ലോ. എന്നാലോ, നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങളെ, അത് ചെറുതാണെങ്കിലും അംഗീകരിക്കുന്ന ആളുകളും ഉണ്ട്. 

ഒരു ദിവസം ടിവിയിൽ നിന്ന് ആളുകൾ വന്നിരുന്നു. അന്ന് ദുബായിൽ നിന്ന് ഫിറോസും ഭാര്യയും കുട്ടികളും വെക്കേഷന് ഇവിടെയുള്ള സമയമാണ്. ഫിറോസാണ് കൂടുതലും ടിവിക്കാരോട് സംസാരിച്ചത്. ‘പ്രകൃതിയെ വീടിനു ഉള്ളിലേക്ക് കൊണ്ടുവന്നുകൊണ്ടുള്ള ഒരു ഡിസൈൻ ആയിരിക്കണം എന്ന ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ’ എന്ന് ഡിസൈനർ പറഞ്ഞുകൊടുത്തതുപോലെ തന്നെ ഫിറോസ് ടിവിക്കാരോട് പറഞ്ഞു. വീടിനെപ്പറ്റിയുള്ള കൂടുതൽ കാര്യങ്ങളും ഡിസൈനറാണ് വിശദീകരിച്ചത്. വീടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള കാഴ്ചകൾ അവർ ഷൂട്ടുചെയ്തുകൊണ്ടുപോയി. എല്ലാം കൂടി എഡിറ്റ് ചെയ്ത് ടിവിയിൽ വന്നപ്പോൾ നന്നായിരുന്നു. എഡിറ്റിങ് ഒരു കലതന്നെയാണെന്ന് മനസ്സിലാകുന്നത് അപ്പോഴാണ്. പ്രകൃതിയെ വീടിനുള്ളിലേക്ക് കൊണ്ടുവരണം എന്നു പറയുന്ന സന്ദർഭത്തിൽ നമ്മൾ ടിവിയിൽ കാണുന്നത് തേക്ക് ഇൻലേ ചെയ്ത കമാനാകൃതിയുള്ള ഇടനാഴി തെക്കുവശത്തെ പുഴയിലേക്കു തുറക്കുന്നതാണ്. മനോഹരമായിരുന്നു ആ ദൃശ്യം. ആ സമയത്ത് പുഴയിൽ കുറച്ചു വെള്ളം കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു എന്നു തോന്നാതെയിരുന്നില്ല.

പ്രകൃതി ഉള്ളിലേക്ക് വന്നിട്ടുള്ള ഏറ്റവും നല്ല ഇടമായി എനിക്കു തോന്നിയിട്ടുള്ളത് പക്ഷേ ആ ഇടനാഴിയല്ല; എന്റെ കിടപ്പുമുറിയോടു ചേർന്നുള്ള ടോയ്‌ലറ്റാണ്. അവിടെ ഡിസൈനർ വളരെ തന്ത്രപൂർവ്വം പുറത്തുനിന്നുള്ള കാഴ്ചയും വെളിച്ചവും എത്തിച്ചിട്ടുണ്ട്. പ്രകൃതിയെ കണ്ടുകൊണ്ട് ശോധന നടത്താനുള്ള ഈ സൗകര്യം മറ്റു ടോയ്‌ലറ്റുകൾക്കൊന്നിനും ഇല്ല. ഇതിലിരുന്ന് സാധിക്കുമ്പോൾ ഒരു വെളിമ്പ്രദേശം ഫീൽ ഉണ്ടാകുന്നുണ്ട്. സത്യം പറയാല്ലോ, അപ്പോൾ എനിക്ക് പത്തിരുപത്തഞ്ച് വർഷം മുമ്പുള്ള എന്റെ ചെറുപ്പകാലം ഓർമ്മവരും. മുന്നിൽ തഴച്ചു വളർന്നു നിന്നിരുന്ന തുമ്പച്ചെടികളിൽ നിന്ന് പൂക്കളെ നുള്ളിനുള്ളി വെളിക്കിറങ്ങിയിരുന്ന കാലം. 

Corner
Representative Image

വീട്ടിൽ അടിച്ചിരിക്കുന്ന ഏതോ ഒരു പെയിന്റിന്റെ മണവും എനിക്കിഷ്ടമല്ല. അത് ഭിത്തിയിൽ അടിച്ചതാണോ അതോ ഫർണിച്ചറിൽ അടിച്ച പോളിഷുകളാണോ അതോ ഫാൾസ് സീലിങ്ങിലെ ജിപ്സം പേസ്റ്റിന്റേതാണോ എന്നൊന്നും കൃത്യമല്ല. പെയിന്റിന്റെ ഗന്ധം പോകുന്നതുവരെ മതിലിനപ്പുറത്ത് കൂനിക്കൂടിയിരിക്കുന്ന എന്റെ പഴയ വീട്ടിൽ കഴിഞ്ഞാലോ എന്നാണ് ഇപ്പോൾ മുറ്റത്തെ ചാരുകസേരയിൽ വെറുതേയിരിക്കുമ്പോൾ ഞാൻ ചിന്തിക്കുന്നത്. 

പുതിയ വീടിന്റെ പണി നടക്കുമ്പോൾ സ്റ്റോക്കു ചെയ്ത സാധനങ്ങളുടെ ബാക്കിയും പിന്നെ പഴയ കുറേ ഫർണിച്ചറുകളും അതിൽ നിറച്ചിട്ടുണ്ട്. ഒക്കെ എടുത്തുമാറ്റി ക്ലിയർ ചെയ്താൽ ‘അസ്ക്യതകൾ’ ഒഴിവാക്കാം. അതു ഭേദമില്ലാത്തൊരു ഐഡിയയല്ലേ എന്ന രീതിയിൽ ഞാനെന്റെ പഴയ വീടിനെ നോക്കി. അത് ഒരു വിനീത വിധേയനെപ്പോലെ എന്റെ മുന്നിൽ തലകുനിച്ചു നിൽക്കുന്നു. എന്റെ ഉള്ളിൽ നിന്ന് ഒഴിഞ്ഞുപോയ കാരണവർ ഭാവം തിരികെ വന്ന ഒരു സന്ദർഭമാണിത്.

ഇവിടെ ഇങ്ങനെ കാരണവരായി ഞാനിരിക്കുന്നത് മതിലിനപ്പുറത്തെ പുതിയ വീടിന് ഇഷ്ടമല്ല. തല ഉയർത്തി തെല്ലഹങ്കാരത്തോടെ അത് എന്നെ നോക്കുന്നത് ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത് എന്നെക്കൊണ്ട് എത്രയെത്ര ജോലികളാണ് ദിവസവും ചെയ്യിക്കുന്നത്. എത്രയെത്ര കക്കൂസുകളാണ് എന്നെക്കൊണ്ട് കഴുകിക്കുന്നത്. എപ്പോഴും അതിനെ ഞാൻ തൂത്തും തലോടിയും നിൽക്കണം. അയൽപ്പക്കത്തെ മരങ്ങളിൽ നിന്നു മുറ്റത്തേക്ക് പാറി വീഴുന്ന ഇലകൾ പെറുക്കിക്കളയാൻ തന്നെ ഒരു ദിവസം മുഴുവൻ വേണം. പടീറ്റതിലെ വലിയ ആഞ്ഞിലിമരത്തിൽ നിന്ന് ടെറസ്സിന്റെ പുറത്തേക്ക് ചക്ക വീണു തെറിക്കുന്നതാണ് ഒട്ടും സഹിക്കാനാവാത്തത്. ആ മരമൊന്നു വെട്ടിക്കളയാൻ ഷൈജലിനോട് പറഞ്ഞിട്ട് ഇപ്പോൾ മാസം രണ്ടുകഴിഞ്ഞു. അത്യാവശ്യം പ്രകൃതിയെയൊക്കെ ഡിസൈനർ ഉള്ളിൽ എത്തിച്ചിട്ടുണ്ട്. അതിന്റെ കൂടെ ആഞ്ഞിലിച്ചക്കകൂടി വേണ്ട!

വീട്ടുജോലികളെക്കുറിച്ച് ആലോചിച്ചു തീർന്നില്ല. അപ്പോഴേക്കും പുതിയ വീടിന്റെ മൂന്നാമത്തെ അടുക്കളയുടെ ജനാല തുറന്ന് മതിലിനു പുറത്തേക്ക് ദൃഷ്ടി നീട്ടി ഭാര്യ വിളിച്ചു പറയുന്നു : “അതേയ്, സുമയ്യായും കെട്ട്യോനും കെട്യോന്റെ ആൾക്കാരും വീടുകാണാൻ വരുന്നുണ്ട്.. നിങ്ങൾ ഇതിനകമൊക്കെ ഒന്നുകൂടി വൃത്തിയാക്കി അവർക്കു കഴിക്കാൻ വേണ്ടത് പെട്ടെന്നു വാങ്ങിക്കൊണ്ടുവന്നേ.. ഞാൻ ഈ അടുക്കളയൊക്കെ ഒന്നു ഒതുക്കിവെക്കട്ടെ..”

സുമയ്യ എന്നുപറഞ്ഞത് ഭാര്യയുടെ അനിയത്തിയുടെ മകളാണ്. അവരും ദുബായിലാണ്. അതുകൊണ്ട് വീടുതാമസത്തിനു കൂടാൻ കഴിഞ്ഞില്ല. വെക്കേഷനു വന്നിട്ട് ഇപ്പോൾ നെടുമ്പാശ്ശേരിക്ക് തിരിച്ചു പോകുന്ന വഴിയാണ്. ‘വീടും കാണാം എന്തെങ്കിലും കഴിക്കുകയും ചെയ്യാം’ എന്നായിരിക്കും ഉദ്ദേശ്യം.. നാഷണൽ ഹൈവേയുടെ അടുത്തുതന്നെ വീടുവെച്ചാൽ ഇങ്ങനെ ചില പ്രശ്നങ്ങളൊക്കെയുണ്ട്. എന്തായാലും വരട്ടെ. അവളുടെ കെട്ട്യോനെ രണ്ടുവർഷം മുമ്പ് കല്യാണത്തിനു കണ്ടതാണ്. പുയ്യാപ്ലയുടെ ആൾക്കാരെയൊന്നും എനിക്കൊട്ടു പരിചയവുമില്ല. 

ഡിസൈനറുടെ പ്ലാൻ പ്രകാരം സുമയ്യായെ സൊറ പറയുന്ന മുറിയിലും കെട്ട്യോനെ പരിചയക്കാരുടെ മുറിയിലും കെട്ട്യോന്റെ ആൾക്കാരെ പരിചിതരല്ലാത്തവരുടെ മുറിയിലും ഇരുത്തി സ്വീകരിക്കേണ്ടിവരും. അതു നല്ലൊരു തമാശയായിരിക്കും. വിരുന്നിനു വരുന്നവരിൽ കുട്ടികളൊന്നും ഉണ്ടാവരുതേ എന്ന പ്രാർഥനയേ ഇപ്പോഴുള്ളൂ. ചില കാലുപിറന്ന പിള്ളേരുണ്ട്; വന്നുകഴിഞ്ഞാൽ പിന്നെ അവർക്ക് കളിക്കാൻ ഉണ്ടാക്കിയ സ്ഥലത്തു പോയി കളിക്കില്ല. സെറ്റു ചെയ്തിട്ടിരിക്കുന്ന സോഫകളിലും കസേരകളിലുമെല്ലാം കയറി മറിയും. ഭിത്തിയിൽ അഴുക്കു പറ്റിക്കും. നമുക്കാകട്ടെ അവരെ നോക്കി നെടുവീർപ്പിടാനല്ലാതെ മറ്റൊന്നിനും സാധിക്കുകയില്ലതാനും!.

വീടിന്റെ ഉമ്മറവും ഇടനാഴിയുമെല്ലാം അത്യാവശ്യം ഓടിച്ചിട്ട് ഒന്നു ക്ലീൻ ചെയ്തു. ബെഡ്റൂമുകളിൽ എന്റെ റൂമിലെ മാത്രമേ ബെഡ്ഷീറ്റുകൾ നേരേയാക്കി ഇടേണ്ടി വന്നുള്ളൂ. മറ്റുള്ള റൂമുകളിൽ ചാനലുകാർ വന്ന സമയത്ത് ഒരുക്കിവെച്ചത് അതുപോലെതന്നെയുണ്ട്. അതുകൊണ്ട് ആ ഭാഗങ്ങളിൽ അധികം അധ്വാനം വേണ്ടിവന്നില്ല. ഇനി അവർക്കു വാങ്ങാനുള്ള സാധനത്തിന് ഓടണം. വിളിച്ചു പറഞ്ഞാൽ കൊണ്ടുത്തരുന്ന ഒന്നു രണ്ടു റസ്റ്ററന്റുകൾ അപ്പുറത്തുണ്ട്. ഇന്നെന്തോ അവന്മാർ എടുക്കുന്നില്ല. ഒരു റസ്റ്ററന്റു കൂടി വീടിനുള്ളിൽ ഉൾപ്പെടുത്താൻ ഡിസൈനറോട് പറയേണ്ടതായിരുന്നു. എന്തായാലും ഒരു ഷർട്ടെടുത്തിട്ട് കുറച്ച് പൊറോട്ടായും അല്ലറചില്ലറ കറികളും വറുത്തതും പൊരിച്ചതും ഒക്കെ വാങ്ങാമെന്നു കരുതി പുറത്തേക്കു നടന്നു. ഗേറ്റ് തുറന്നതും വീടിന്റെ രണ്ടാം നിലയുടെ ടെറസിനോടു ചേർന്നുള്ള പർഗോളകളിൽ രണ്ടെണ്ണം നീണ്ടുവന്ന് എന്റെ പിൻകഴുത്തിനു പിടിച്ചു പൊക്കിയിട്ടു പറഞ്ഞു :

“പേഴ്സ് എടുക്കാൻ മറന്നു; അതുകൂടി എടുത്തിട്ടു പോ..”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com