ADVERTISEMENT

കുറച്ചുകാലം മുൻപു വരെ കോസ്റ്റ് ഫോർഡ്, ബേക്കർ മോഡൽ ശൈലിക്കനുസൃതമായി പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന തേക്കാത്ത ഭിത്തികളുള്ള വീടുകളുടെ നിർമാണവും ആവശ്യക്കാരും ധാരാളമായിരുന്നു. ചുടുകട്ട, മൺകട്ട, ഇന്റർലോക്ക്, ഹുരുഡീസ്, വെട്ടുകല്ല് തുടങ്ങിയ ഭിത്തി നിർമാണവസ്തുക്കളായിരുന്നു തേപ്പ് ഒഴിവാക്കിയുള്ള വീടുപണിക്ക് ഉപയോഗിച്ചു വന്നത്. ഇന്നും ഇത്തരം നിർമാണരീതിക്ക് കേരളത്തിൽ ആരാധകർ നിരവധിയുണ്ട്.

എന്നാൽ കേരളത്തിലെ നിലവിലുള്ള കാലാവസ്ഥയ്ക്ക് തേക്കാത്ത ഭിത്തികൾ എത്രത്തോളം അനുയോജ്യമാണെന്ന് മറിച്ച് ചിന്തിക്കുന്നവരും കുറവല്ല. മഴക്കാലത്ത് പുറംഭിത്തികളിൽ ഈർപ്പവും, നനവും കൂടുതൽ അനുഭവപ്പെടുന്നതിനാൽ പ്ലാസ്റ്റർ ചെയ്ത ഭിത്തികൾക്ക് കൂടുതൽ ഉറപ്പും ഈടും ലഭിക്കുന്നു. നിരന്തരമായി വെള്ളം നനഞ്ഞ് ഭിത്തികളിൽ ബലക്ഷയം സംഭവിക്കാനുള്ള സാധ്യതയും കണക്കിലെടുക്കേണ്ടതുണ്ട്. ബെയ്സ്മെന്റിന്റെ ഉയരക്കുറവും, പുറം ഷെയിഡുകളുടെ അഭാവവും തേക്കാത്ത വീടുകളുടെ ബലക്ഷയത്തിന് ആക്കം കൂട്ടുകയും ചെയ്യും. ഈർപ്പം കൂടുതലായി വരുമ്പോൾ വീടിന്റെ മെയിന്റനൻസ് ചെലവും കൂടുതലാകുന്നു. ഇത്തരം അവസ്ഥയിലാണ് പ്ലാസ്റ്ററിങ്ങിന്റെ ആവശ്യകതയുടെ പ്രാധാന്യമേറുന്നത്.

വീടിന്റെ വാർക്ക പൂർത്തിയായതിനുശേഷം തട്ട് പൊളിച്ച് നീക്കി ഭിത്തിയിലെ കൺസീൽഡ് വയറിങ് ജോലി പൂർത്തിയാക്കിയതിനുശേഷമാണ് പ്ലാസ്റ്ററിങ് ജോലികൾ ആരംഭിക്കുന്നത്.

475979680

പുതുകാലത്ത് പണിയുന്ന വീടുകളുടെയെല്ലാം വാർക്കയുടെ തട്ടിനായി ഉപയോഗിക്കുന്നത് ജി.ഐ.ഷീറ്റുകളാണ്. 4 x 2, 3 x 2 എന്നിങ്ങനെയുള്ള ഷീറ്റുകൾ സ്പാനിൽ നിരത്തി പിടിപ്പിച്ചാണ് കമ്പി കെട്ടി വാർക്കപ്പണികൾ പൂർത്തിയാക്കുക. കരി ഓയിലോ ഡീസലോ അടിച്ചാണ് ജി.ഐ. ഷീറ്റുകൾ പാകുക. തട്ട് പൊളിച്ചു കഴിയുമ്പോൾ അതിനാൽതന്നെ തട്ടിനടിവശം മൃദു (smooth) ആയി കാണപ്പെടുന്നു. ഇത്തരം തട്ടുകളിൽ പ്ലാസ്റ്ററിങ് ചെയ്യുന്നതിനു മുൻപേ റഫ് ആയി മണലും സിമന്റും മിശ്രിതം പിടിപ്പിച്ചിട്ടാൽ, പിന്നീട് തട്ട് പ്ലാസ്റ്റിങ്ങ് സമയത്ത് കൂടുതൽ ബലവും തട്ടുമായി കൂടുതൽ പിടിത്തവും (bonding) ലഭിക്കും.

റഫ് ഫിനിഷിങ് പ്രതലം നൽകാതെ പ്ലാസ്റ്ററിങ് ചെയ്താൽ ഭാവിയിൽ തേപ്പ് പൊളിഞ്ഞിളകുന്നതിനോ, പൊള്ളപ്പ് വരാനോ സാധ്യതയുണ്ട്. അങ്ങനെയുള്ള തേപ്പാണ് ചില സ്ഥലങ്ങളിൽ പൊളിഞ്ഞിളകി താഴെ വീഴുന്നത്. പ്ലാസ്റ്ററിങ്ങിന്റെ സിമന്റ് അനുപാതം കുറഞ്ഞാലും, നനയ്ക്കൽ വേണ്ട രീതിയിൽ നടത്തിയില്ലെങ്കിലും പൊളിഞ്ഞിളകുവാന്‍ സാധ്യത കൂടും. പലക അടിച്ച് വാർത്താൽ, തട്ട് പൊളിക്കുമ്പോൾ സ്വാഭാവികമായി റഫ് ഫിനിഷ് ലഭിക്കുമെന്നതിനാൽ തേപ്പിനു മുൻപുള്ള ഇത്തരം മുൻകരുതലുകൾ ആവശ്യമില്ല.

പ്ലാസ്റ്ററിങ് ചെയ്യുന്ന മുറികളിൽ തീർച്ചയായും നല്ല വെളിച്ചം ഉറപ്പാക്കണം. നിഴൽ വീഴാത്ത ഒരേ രീതിയിൽ പ്രകാശം വിതാനം ചെയ്യുന്ന മാർഗങ്ങൾ അവലംബിച്ചാൽ പ്ലാസ്റ്ററിങ്ങിന്റെ ഗുണമേന്മ നന്നായി നടപ്പിൽ വരുത്താൻ സാധിക്കും. പിന്നീട് പുട്ടി ഇടുമ്പോഴും വെളിച്ചം ഉറപ്പാക്കിയാൽ ഗൃഹനിർമാണം പൂർത്തിയായാലും ലെവൽ വ്യത്യാസം, നിഴൽ വീഴ്ച എന്നിവ ഒഴിവാക്കാൻ കഴിയും. കഴിവതും ട്യൂബ് ലൈറ്റുകളുടെ വെളിച്ചമാണ് പ്ലാസ്റ്ററിങ് ചെയ്യുന്ന മുറികളിൽ വേണ്ടത്. തേപ്പു പലകയും, കരണ്ടിയും, മുഴക്കോലും ഉപയോഗിച്ച് തേപ്പ് ജോലികൾ പൂർത്തീകരിക്കുമ്പോൾ മേൽപ്പറഞ്ഞ വെളിച്ച ക്രമീകരണം ഏറെ സഹായകരമാകും.

വീടിന്റെ ഉൾവശമാണ് കൺസീൽഡ് വയറിങ്ങിനുശേഷം ആദ്യം തേച്ച് തീർക്കേണ്ടത്. ചെറിയ തരികളുള്ള പ്ലാസ്റ്ററിങ് പി.സാൻഡ്/ പുഴമണൽ ആണ് തേപ്പിന് അനുയോജ്യം. ഒരേ ടൈപ്പ് സിമന്റ് തന്നെ പ്ലാസ്റ്ററിങ്ങിന് ഉപയോഗിച്ചാൽ വിവിധ ബ്രാൻഡുകളുടെ നിറവ്യത്യാസം ഒഴിവാക്കാൻ കഴിയും. ഒരു ചാക്ക് സിമന്റ് ഒന്നിച്ചെടുത്ത് മണലുമായി മിക്സ് ചെയ്യാതെ രണ്ട് പ്രാവശ്യമായി മിക്സ് ചെയ്താൽ പ്ലാസ്റ്ററിങ്ങിന് കൂടുതൽ ഗുണമേന്മ ഉറപ്പാക്കാനാവും. പ്ലാസ്റ്ററിങ് കനം 12 എം.എം. കനത്തിലാണ് ചെയ്യേണ്ടത്. എങ്കിലും പലപ്പോഴും അകത്തെ ഭിത്തികളിൽ നേരിയ കനവ്യത്യാസം കട്ടയുടെ ലെവൽ വ്യത്യാസം മൂലം വന്നുകാണാറുണ്ട്. അതിനാൽ പ്ലാസ്റ്ററിങ്ങിന്റെ ചെലവ് നിയന്ത്രണം, കട്ട കെട്ടിന്റെ പണി മേന്മയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിലയിരുത്താം. തൂക്കുമറിവ്, ലെവൽ വ്യത്യാസം എന്നിവ സംഭവിച്ച കട്ടകെട്ടിന് പ്ലാസ്റ്ററിങ് ചെലവ് കൂടുമെന്നതിന് സംശയമില്ല. പിന്നീടുള്ള പുട്ടി ജോലികൾക്കും പണി കൂടുതലും സാമഗ്രി ചെലവും അധികരിക്കും. സ്ലാബിന്റെ അടിവശം ഷെയ്ഡ് എന്നിവയ്ക്ക് 1:4 മിക്സും, ഭിത്തികൾക്ക് 1:5 മിക്സുമാണ് ഉത്തമം. ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന 53 ഗ്രേഡ് സിമന്റു കൾക്ക് ഈ മിക്സാണ് അനുയോജ്യം.

വാതിലുകളുടെയും, ജനലുകളുടെയും കോണുകൾ ലെവൽ വ്യത്യാസം വരാതെ, തൂക്ക് കട്ടയും, തേപ്പ് കോലും ഉപയോഗിച്ചുതന്നെ ഫിനിഷ് ചെയ്യണം. കോണുകളിൽ പ്ലാസ്റ്ററിങ്ങിന് പുറമെ ഗ്രൗട്ട് തേച്ച് ഫിനിഷ് ചെയ്യാറുമുണ്ട്.

പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികൾ രാവിലെയും വൈകിട്ടും കുറഞ്ഞത് ഏഴു ദിവസം വരെ നനച്ചു കൊടുക്കണം. പക്ഷേ പെയിന്റിങ് ആദ്യഘട്ട ജോലികൾക്ക് മുൻപ് ഭിത്തിയുടെ പ്ലാസ്റ്ററിങ് നന്നായി ഉണങ്ങി എന്ന് ഉറപ്പാക്കിയിട്ടേ ചെയ്യാവൂ. നന്നായി ഉണങ്ങാത്ത പ്ലാസ്റ്ററിങ്ങിന് മുകളിൽ പെയിന്റ് ചെയ്താൽ പൊളിഞ്ഞിളകലും, പൂപ്പലും കടന്നുവരാൻ സാധ്യത കൂടുതലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com