sections
MORE

വീട് കെട്ടിപ്പൊക്കിയാൽ മാത്രം പോര; ഈ 5 കാര്യങ്ങൾ മറക്കല്ലേ

kerala-luxury-house-kuttiadi-landscape
SHARE

1. ലൈറ്റിങ്

വീടിന്റെ പുറം ലൈറ്റിങ്ങിൽ, ലാൻഡ്സ്കേപ്പ് ലൈറ്റിങ്ങിനും കെട്ടിടത്തിന്റെ ലൈറ്റിങ്ങിനും ഒരുപോലെ പ്രാധാന്യമുണ്ട്. വീടിന്റെ ഹൈലൈറ്റുകൾ എടുത്തു കാണിക്കുന്നവിധം വേണം ലൈറ്റിങ് ചെയ്യാൻ. പുറത്തുനിന്ന് കാണുന്നവർക്ക് കെട്ടിടം ദൃശ്യമാകുന്ന രീതിയിൽ വേണം പ്രകാശവിതാനം നടത്തേണ്ടത്. താഴെ നിന്ന് മുകളിലേക്ക് പ്രകാശം ചൊരിയുന്ന രീതിയിലുള്ള വോൾ വാഷറുകളാണ് ഇപ്പോൾ ട്രെൻഡ്. രാത്രി ഒമ്പത് മണി വരെ യാഡ് ലൈറ്റിങ്ങിനും അതിനുശേഷം കെട്ടിടത്തിന്റെ ലൈറ്റിങ്ങിനുമാണ് പ്രാമുഖ്യം എന്നു മനസിലാക്കി ലൈറ്റിങ് ചെയ്യുക. പുറത്തെ ലാംപ്ഷേഡുകളും വീടിന്റെ ഡിസൈനിന് ഇണങ്ങുന്നവ നോക്കി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

2. പെയിന്റ്

ഇളം നിറങ്ങൾ കൂടൂതൽ ഇടങ്ങളിൽ നൽകി, ഹൈലൈറ്റ് ചെയ്യേണ്ട സ്ഥലങ്ങളിൽ മാത്രം കടുംനിറങ്ങൾ നൽകുന്നതാണ് വീടിന്റെ പുറംചുവരുകളുടെ പെയിന്റിങ്ങിലെ ട്രെൻഡ്. വെള്ള, പച്ച, നീല, ഇളം മഞ്ഞ എന്നീ നിറങ്ങൾ പുറംഭിത്തിയിൽ കൂടൂതൽ സ്ഥലത്ത് പരീക്ഷിക്കാം. പുറംചുവരുകളും പുട്ടിയിട്ട് പെയിന്റ് ചെയ്യുന്നതാണ് പുതിയ പ്രവണത. ചെലവു കൂടുമെങ്കിലും കാണാൻ ഗംഭീരമായിരിക്കുമെന്നുറപ്പ്. 

3. പേവ്മെന്റ്

Muvattupuzha house

പേവ്മെന്റിലുള്ള ശ്രദ്ധ ഗേറ്റിനു പുറത്തുനിന്നേ തുടങ്ങണം. പുറത്തെ വഴിയിൽ നിന്ന് പ്രവേശിക്കുന്നിടത്തുതന്നെ തുടങ്ങുന്നു പേവ്മെന്റിന്റെ പ്രസക്തി. ലാൻഡ്സ്കേപ്പിന്റെയും വീടിന്റെയും ഡിസൈനും നിറവുമായി യോജിക്കുന്നതാകണം പേവ്മെന്റ്. കോൺക്രീറ്റ് ടൈൽ, കല്ല് തുടങ്ങിയവ പൊതുവേ ഉപയോഗിക്കുന്നു. പേവ്മെന്റ് മെറ്റീരിയലിന്റെ നിറം,ഡിസൈൻ, ഫാഷൻ, പാറ്റേൺ എല്ലാത്തിലും ശ്രദ്ധ പാലിക്കണം. പോർച്ചിലെ ടൈലുമായി ഇണങ്ങുന്നതാകാണം പേവ്മെന്റ്. അല്ലെങ്കിൽ ഇവ രണ്ടും സ്ട്രിപ് കൊടുത്ത് തിരിച്ച് കോൺട്രാസ്റ്റ് ആയും പാകാം. ഗേറ്റ്, തൂണുകൾ എന്നിവയോടും യോജിക്കണം. മുറ്റം മുഴുവൻ ടൈൽ പാകാതെ ലാൻഡ്സ്കേപ്പിലെ ലോണുമായി ഇടകലർത്തി നൽകാം. നടന്നു പോകാൻ മാത്രമായി  പേവ്മെന്റ് ചെയ്യാം. അടുക്കളയിലേക്ക് പോകാൻ സർവീസ് പേവ്മെന്റ് കൊടുക്കുന്നവരുമുണ്ട്.

4. ഗാർഡൻ ആക്സസറീസ്

ചെറുതും വലുതുമായ ഉദ്യാനങ്ങളിൽ ഗാർഡൻ ആക്സസറീസിന് സ്ഥാനം കണ്ടെത്താം. ശില്പങ്ങൾ , ചെറിയ പാറക്കെട്ടുകൾ, പലതരം പൂക്കൂടകൾ തുടങ്ങി പൂന്തോട്ടം മനോഹരമാക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഫെറോസിമന്റ്, വേലിക്കല്ല്, സെറാമിക്, ടെറാക്കോട്ട  തുടങ്ങിയവയിലുള്ള സാമഗ്രികളാണ് ഉദ്യാനം മോടിപിടിപ്പിക്കാൻ ഉപയോഗിക്കുന്നത്. അല്പം ശ്രദ്ധിച്ചാൽ വീടിന്റെ പുറംകാഴ്ചയ്ക്ക്  ഇണങ്ങുന്ന വിധം ഗാർഡൻ ആക്സസറീസ് ഒരുക്കാം. 

5. കിണർ 

 വീടിനു മുന്നിലാണ് കിണറിന്റെ സ്ഥാനമെങ്കിൽ ശ്രദ്ധിക്കണം. കിണറിന്റെ സ്ഥാനം ലാൻഡ്സ്കേപ്പിന്റെ ഭാഗമായി വരുന്ന വിധം ഡിസൈൻ ചെയ്യണം. വീടിന്റെ മൊത്തത്തിലുള്ള കാഴ്ചയെ ബാധിക്കുന്ന വിധത്തിലാകരുത് കിണർ. വീടിന്റെ ശൈലിക്കനുസരിച്ച് വേണം കിണറും. പരമ്പരാഗത ശൈലിയിലുള്ള  വീടിന് അതിനോടിണങ്ങുന്ന രീതിയിൽ വെട്ടുകല്ലും തടിയുമൊക്കെ ഉപയോഗിച്ചു ഡിസൈൻ ചെയ്ത കിണർ നൽകാം. ഉരുളിപോലെ പരമ്പരാഗത ശൈലിക്കിണങ്ങുന്ന രൂപങ്ങളിലും കിണർ ഒരുക്കാം. കണ്ടംപററി ശൈലിയിലുള്ള വീടിന് യോജിക്കുന്ന അമിതാലങ്കാരങ്ങളില്ലാത്ത കിണർ രൂപകല്പന ചെയ്യാം. ക്ലാഡിങ് ചെയ്ത് കിണർ മനോഹരമാക്കാം. പൂക്കൂടയുടെയും മറ്റു രൂപത്തിൽ കിണർ ഡിസൈൻ ചെയ്യുന്നവരുണ്ട്. അങ്ങനെ ചെയ്യുമ്പോൾ അതു വീടിന്റെ പുറംകാഴ്ചയ്ക്ക് ഇണങ്ങുന്നതാണോ എന്ന്  ആലോചിക്കണം. മാത്രമല്ല, അലങ്കാരങ്ങൾ കൂടിപ്പോയാൽ കാഴ്ചയിൽ കിണർ മുഴച്ചു നിൽക്കാനും സാധ്യതയുണ്ട്. സ്ഥലം കുറവാണെങ്കിൽ കിണറിന്റെ അധികം പരീക്ഷണങ്ങൾ നടത്താതിരിക്കുകയാണു നല്ലത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA