ADVERTISEMENT

ചില വീടുകൾ  ഒറ്റനോട്ടത്തിൽ  തന്നെ കാഴ്ചക്കാരെ മടുപ്പിച്ചുകളയും . മറ്റു ചിലതാകട്ടെ ആദ്യകാഴ്ചയിൽ തന്നെ അനുരാഗവിലോചരാക്കുകയും ചെയ്യും. ചേരുവകൾ കൃത്യമായി ചേരുമ്പോഴാണ് രുചികരമായ ഭക്ഷണമുണ്ടാകുന്നത്. അതുപോലെ വീടിന്റെ പുറംകാഴ്ചയെ സ്വാധീനിക്കുന്ന പല ഘടകങ്ങളുമുണ്ട്. അവ കൃത്യമായ അളവിലും അനുപാതത്തിലും ചേർത്ത് രൂപകല്പന ചെയ്യുമ്പോഴാണ് ഒറ്റനോട്ടത്തിൽ തന്നെ ആരുടെയും മനസ്സു കവരുന്ന വീട് ജന്മമെടുക്കുന്നത്. 

 

1. റൂഫ്

വീടിന്റെ തലയെടുപ്പ് എന്നത് മേൽക്കൂരയുടെ ഭംഗിയെ ആശ്രയിച്ചിരിക്കുന്നു. കന്റെംപ്രറി ശൈലിക്ക് പരന്നത് ട്രഡീഷണൽ ശൈലിക്ക് ഓടിട്ടത്, കൊളോണിയൽ ശൈലിക്ക് ചരിഞ്ഞത് എന്നിങ്ങനെ ഓരോ ശൈലിക്കനുസരിച്ചും മേൽക്കൂര വ്യത്യസ്മായിരിക്കും. മുറ്റത്തെ ലാൻഡ്സ്കേപ്പിനും പേവ്മെന്റിനും ഇണങ്ങുന്നതായിരിക്കണം മേൽക്കൂരയുടെ ഫിനിഷിങ് മെറ്റീരിയൽ. പരമ്പരാഗത ശൈലിയിലുള്ള വീടുൾക്ക് ട്രസ് ഇട്ട് ഓട്  ഇടുന്നതാണ് ഇപ്പോൾ ഫാഷൻ. ചോർച്ചയും ചൂടും തടയാൻ സഹായിക്കുമെന്നതാണ് ട്രസിന്റെ ഉപയോഗം വർധിക്കാൻ കാരണം. ഓടിനു പകരം പ്ലൈവുഡ് അടിച്ച് ഷിംഗിൾസ് മേയാറുണ്ട്. അലുമിനിയം പൗഡർ കോട്ടഡ് ഷീറ്റും ഓടിന് പകരക്കാരനാണ്. റൂഫ് പണിയുമ്പോൾ ചോർച്ചയ്ക്കുള്ള മുൻകരുതലെടുക്കണം. പരന്ന മേൽക്കൂരയ്ക്കു ചൂടു കുറയ്ക്കാൻ അലുമിനിയം ഫോയിൽ വിരിച്ചശേഷം തെർമോടൈൽ ഒട്ടിക്കാം 

 

2. ക്ലാഡിങ്

വീടിന്റെ പുറംചുവരുകളിൽ ക്ലാഡിങ് ചെയ്യുന്നത് വർധിച്ചിട്ടുണ്ട്. പുറംഭംഗിയിൽ ഇതു ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കിയതുകൊണ്ടാണ്  ക്ലാഡിങ്ങിന്റെ ജനപ്രീതി കൂടിയത്. ഹൈലൈറ്റ് ചെയ്യേണ്ട തൂണുകൾ ചുവരുകൾ തുടങ്ങിയ ഇടങ്ങളിൽ വേണം ക്ലാഡിങ് ചെയ്യാൻ. ക്ലാഡിങ് കൂടിപ്പോയാൽ  അഭംഗിയാകാൻ സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധിച്ചു ചെയ്യണം. നാച്വറൽ സ്റ്റോൺ ആണ് ക്ലാഡിങ്ങിലെ താരം. പല തരം നാച്വറൽ സ്റ്റോണുകൾ പല ഫിനിഷിൽ ലഭ്യമാണ്. അലുമിനിയം ക്ലാഡിങ് ഷീറ്റ്, ഗ്ലാസ് സ്ട്രിപ് സിമന്റ് ബേസ്ഡ് ക്ലാഡിങ് ഉൽപന്നങ്ങൾ തുടങ്ങി ക്ലാഡിങ് ഉൽപന്നങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. ഇവ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ ഗുണനിലവാരമുള്ളതായിരിക്കാൻ ശ്രദ്ധിക്കുക. ചില ഉൽപന്നങ്ങൾ ഒട്ടിക്കാതെ ഡ്രിൽ ചെയ്ത് ബോൾട്ട് ഇടുകയും ചെയ്യാറുണ്ട്. ജോയിന്റുകൾ വികസിക്കാൻ സാധ്യതയുണ്ടെന്നതും ചില സാഹചര്യങ്ങളിൽ വാട്ടർപ്രൂഫിങ് ചെയ്യേണ്ടതുണ്ടെന്നതും ശ്രദ്ധിക്കണം.

 

3. സിറ്റ് ഔട്ട്

സിറ്റ് ഔട്ട് ഇല്ലാത്ത  വീടുകളും ഇപ്പോൾ  കണ്ടുവരുന്നുണ്ട്. അപരിചിതരായ അതിഥികളെ സ്വീകരിക്കാനുള്ള ഇടമാണ് പ്രധാനമായും സിറ്റ്ഔട്ട്. മഴക്കാലത്ത് നനഞ്ഞകാലുമായി നേരെ ലിവിങ് റൂമിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാം എന്നതും സിറ്റ്ഔട്ടിന്റെ ഉപയോഗമാണ്. ഷൂ റാക്കിനുള്ള സ്ഥാനവും സിറ്റ്ഔട്ടിൽ നൽകാവുന്നതാണ്. വീടിന് ഒരു വശത്തായും വീടിന്റെ മധ്യത്തിലായും ഒക്കെ സിറ്റ്ഔട്ട് ഡിസൈൻ ചെയ്യാം. 

 

4. വരാന്ത

ഏതു ശൈലിയിലുള്ള വീടിനും  ഇണങ്ങുന്ന വിധം വരാന്ത രൂപകല്പന ചെയ്യാം. മലയാളിക്ക് വരാന്തയോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്. മുന്നിൽ മാത്രം , നാലു ചുറ്റും, മുന്നിലും വശങ്ങളിലും എന്നിങ്ങനെ പലവിധത്തിൽ വരാന്തകൾ നൽകാം. വരാന്തയിൽ ചെടികൾ വച്ച് മനോഹരമാക്കുകയും ആകാം. 

 

5. മുൻ ജനാലകൾ 

എലിവേഷന്റെ ശൈലിയനുസരിച്ചു വേണം മുൻജനാലകൾ പരിഗണിക്കേണ്ടത്. ദൂരെ നിന്നു നോക്കുമ്പോൾ ആകർഷകമാകുന്ന വിധത്തിൽ വേണം ജനലുകൾ ഡിസൈൻ ചെയ്യാൻ. വീടിന്റെ വലുപ്പത്തിന് ആനുപാതികമായിരിക്കണം ജനാലകളുടെ വലുപ്പവും. ഇരുനില വീടുകളിൽ മുന്നിലെ ജനലുകൾ ഡബിൾ ഹൈറ്റിൽ നൽകുന്നത് ഭംഗിയേകും. ഫ്രഞ്ച്, ഫുൾ, ഡോർമൽ, ആർച്ച്, സ്ളോപി, ഫ്ളാറ്റ്, തുടങ്ങി പല ആകൃതികളിലുള്ള ജനലുകളുണ്ട്. വെർട്ടിക്കൽ (ലംബം), റിബൺ (തിരശ്ചീനം) എന്നിങ്ങനെയും ജാലകങ്ങൾ നൽകാം. മുഴുവൻ ഗ്ലാസ് ഇട്ടു വേണമെങ്കിലും ജനൽ പണിയാം. ഇത് എലിവേഷന്റെ ഭംഗി വർധിപ്പിക്കും. 

 

6. ചുറ്റുമതിൽ & ഗേറ്റ്

പുറമേ നിന്ന് വീട് കാണാനാകാത്ത വിധം ഒരാൾപൊക്കമുള്ള ചുറ്റുമതിൽ കൊടുത്തിരുന്നതൊക്കെ പഴയകഥ. ഇത് ഡിസൈനർ മതിലുകളുടെ കാലമാണ്. മതിലിന്റെ പൊക്കം കുറഞ്ഞു. മതിലിനിടയ്ക്ക് പല പല ഡിസൈനുകൾ നൽകിയാണ് ഇപ്പോൾ ഫാഷണബിൾ ആക്കുന്നത്.

ഗേറ്റിലാണ് ഇന്ന് അധികവും പരീക്ഷണങ്ങൾ അരങ്ങേറുന്നത്.പഴയകാലത്തെ ഭീമൻ ഗേറ്റുകൾ ഇന്ന് കാണാനില്ല. ഗേറ്റിലും മിനിമലിസ്റ്റിക് തരംഗമാണ്. ലളിതസുന്ദരമായ ഗേറ്റുകൾക്കാണ് ആരാധകർ. പക്ഷേ, എല്ലാത്തിലുമെന്നതുപോലെ ഇവിടെയും ശൈലിയനുസരിച്ചാണ് ഗേറ്റിന്റെ ഡിസൈൻ തീരുമാനിക്കുന്നത്. ട്രഡീഷണൽ  ശൈലിയിലുള്ള വീടുകൾക്ക്പടിപ്പുരയും മറ്റും നൽകുന്നവരുമുണ്ട്. നമ്മുടെ കാലവസ്ഥയിൽ മഴയ്ക്കു  പ്രാധാന്യം ഉള്ളതുകൊണ്ട് മഴയേറ്റാലും പ്രശ്നമില്ലാത്ത തരം സാമഗ്രികളാണ് ഗേറ്റിനുവേണ്ടത്. ഇഷ്ട നിറങ്ങൾ നൽകാവുന്നതും ആവശ്യമെങ്കിൽ തടിയുടെ ഫിനിഷ് ലഭിക്കുന്നതുമായ  സിമന്റ് ബേസ്ഡ്സ് ട്രിപ്പുകൾ വിപണിയിൽ ലഭ്യമാണ്. അവ സ്റ്റീൽ ഫ്രെയിമിൽ ഉറപ്പിച്ചാൽ മതി. 

 

7. കാർപോർച്ച് /ഗരാജ്

ചെറിയ സ്ഥലത്തും വലിയ സ്ഥലത്തും ഭംഗിയായി കാർപോർച്ച് ഒരുക്കാൻ സാധിക്കും. സ്ഥലമുള്ളവർക്ക് വീടിനു തൊട്ടുമുന്നിലല്ലാതെ അല്പം മാറിയും കാർപോർച്ച് നൽകാം. ഫൈബർ ഗ്ലാസ്, കോംപാക്ട്ഷീറ്റ് (സുതാര്യമായ ഈ ഷീറ്റ് 10 അടി നീളത്തിലും നാല് അടി വീതിയിലും വാങ്ങാൻ കിട്ടും.) മാംഗ്ലൂർ /കോൺക്രീറ്റ് ടൈൽസ് തുടങ്ങിയ നിരവധി ആധുനികവും പരമ്പരാഗതവുമായ ഉത്പന്നങ്ങൾ ഉപയോഗിച്ച് കാർപോർച്ച് ഭംഗിയാക്കാൻ സാധിക്കും . കാൽസ്യം സിലിക്കേറ്റ് ബോർഡിനു മുകളിൽ ഷിംഗിൽസ് നിരത്തിയും പോർച്ച് ആകർഷകമാക്കാം. ടഫൻഡ് ഗ്ലാസ്  സ്റ്റെയിൻലെസ് സ്റ്റീലീൽ സ്റ്റഡ് ചെയ്ത് നിർമിക്കുന്ന കാർപോർച്ചിന് ചെലവേറുമെങ്കിലും കാണാൻ ചന്തമുണ്ടാകും.

ഗരാജും പോർച്ചും തമ്മിൽ വിത്യാസമുണ്ട്. വാഹനം അടച്ചു സൂക്ഷിക്കാൻ ഉള്ള ഇടമാണ് ഗരാജ്. ചരിവുള്ള സ്ഥലമാണെങ്കിൽ താഴെ ഗരാജും മുകളിൽ പോർച്ചും നൽകാം. വിദേശങ്ങളിൽ വർക് ഏരിയയ്ക്ക് അടുത്തായി ഗരാജ് നൽകാറുണ്ട്. വാങ്ങിവരുന്ന സാധനങ്ങൾ  നേരെ വർക് ഏരിയയിലെത്തിക്കാമെന്നതാണ് ഗുണം. 

തുടരും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com