ADVERTISEMENT

വീടു പണി കഴിഞ്ഞ് വൈദ്യുതി കണക്‌ഷനും വാട്ടർ കണക്‌ഷനും ഗ്യാസ് കണക്‌ഷനുമൊക്കെ എടുക്കാൻ വരട്ടെ. ഇക്കണ്ട കാര്യങ്ങൾക്കൊക്കെ അപേക്ഷിക്കണമെങ്കിൽ ആദ്യം വേണ്ടത് വീട്ടു നമ്പറാണ്. നിങ്ങൾ വീടു വച്ചത് പഞ്ചായത്ത് /മുനിസിപ്പാലിറ്റി/കോർപ്പറേഷൻ അതിർത്തിക്കുള്ളിലാണെങ്കിൽ പ്രസ്തുത തദ്ദേശഭരണ സ്ഥാപനത്തിലാണ് വീട്ടു നമ്പറിനായി സമീപിക്കേണ്ടത്.

അപേക്ഷ കൊടുക്കും മുമ്പ് വേറെ ചില പുലിവാലുകൾ കൂടിയുണ്ട്. പ്ലാനിൽ പറഞ്ഞിരിക്കുന്ന എല്ലാ ചട്ടങ്ങളും പാലിച്ചു കൊണ്ടാണോ നിങ്ങൾ വീടുവച്ചിരിക്കുന്നതെന്ന് അധികൃതർ വന്ന് പരിശോധിക്കും. നഗരപ്രദേശത്തിൽ രണ്ടും മൂന്നും സെന്റിൽ വീടു വയ്ക്കുന്നവർ നാലു ചുറ്റും നിശ്ചിത സ്ഥലം വിട്ടു വേണം തറകെട്ടാൻ എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. തൊട്ടടുത്ത പുരയിടത്തിലേക്ക് പുരപ്പുറത്തെ വെള്ളം വീഴാതിരിക്കുകയാണ് ലക്ഷ്യം. എന്നാൽ മിക്കപ്പോഴും തറയുടെ കാര്യത്തിൽ ചട്ടം പാലിക്കുകയും മേൽക്കൂര കെട്ടുമ്പോൾ ഇറക്കിക്കെട്ടുകയും ചെയ്യാറുണ്ട്. പരിശോധനയ്ക്കിടയിൽ ഇതു ശ്രദ്ധയിൽപ്പെട്ടാൽപ്പിന്നെ നിങ്ങളുടെ വീട്ടുനമ്പറിനു മുകളിൽ കുരുക്കു വീണതു തന്നെ. ഇതുപോലെയാണ് അനുമതി വാങ്ങിയ പ്ലാൻ മാറ്റി പരിഷ്കരിച്ച പ്ലാൻ പ്രകാരം വീടുവച്ചാലത്തെ സ്ഥിതിയും, ഫലമോ, വെള്ളവും വെളിച്ചവും കിട്ടാൻ വഴിയില്ലാതെ പുതിയ വീട് ഒരു ചോദ്യചിഹ്നമായി നിങ്ങള്‍ക്കു മുന്നിൽ നിൽക്കുന്നു.

ഇതു കൂടാതെ മറ്റു ചില നടപടിക്രമങ്ങൾകൂടി പാലിക്കാനുണ്ട്. വീട് എത്ര വലുതായാലും അതിൽ ഒരു കുടുംബം മാത്രമേ താമസമുള്ളൂ. എങ്കിൽ ഒരു നമ്പർ മതിയാകും. എന്നാൽ രണ്ടു മുറി മാത്രമുള്ള വീടാണെങ്കിലും അവിടെ രണ്ടു കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിൽ രണ്ടു നമ്പർ ഇടേണ്ടിവരും. വീടിനോട് വിട്ടുപണിത കന്നുകാലിത്തൊഴുത്തിന് വീട്ടു നമ്പറിന്റെ ബ്രായ്ക്കറ്റിൽ മറ്റൊരു നമ്പർ ഇടുന്നു. ഇരുനില വീട്ടിൽ രണ്ടു കുടുംബങ്ങളാണെങ്കിലും രണ്ടാമത്തെ വീടിന് ബ്രായ്ക്കറ്റിൽ നമ്പറിടുകയാണ് ചെയ്യാറ്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വീട്ടു നമ്പറിനായി അപേക്ഷ നൽകുമ്പോൾ വീടിന്റെ അംഗീകൃത പ്ലാനും ഒപ്പം ഹാജരാക്കണം. പരിശോധനയിൽ കുഴപ്പങ്ങളൊന്നുമില്ലെന്നു കണ്ടാൽ രണ്ടോ മൂന്നോ ആഴ്ചയ്ക്കകം തന്നെ നടപടികൾ പൂർത്തിയാക്കി വീട്ടു നമ്പർ അനുവദിച്ചു കിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com