sections
MORE

വീട്ടിൽ ഒരുക്കാം ആരും കൊതിക്കുന്ന ലാൻഡ്സ്കേപ്പ്; ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക

exterior-landscaping-1
SHARE

മനോഹരമായ ഒരു പൂന്തോട്ടം സാക്ഷാത്കരിക്കാൻ എല്ലാവർക്കും ഏറെ താത്പര്യമുണ്ടാകും. എന്നാൽ പ്രസ്തുത ഗാർഡൻ നേരെ ചൊവ്വേ പരിചരിക്കുക വളരെ ശ്രമകരമാണ്.  ലാൻഡ്സ്കേപ്പ് ഗാർഡൻ രൂപകല്പനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.

1. പുൽത്തകിടി

traditional-landscaping

ലോണ്‍ ഏരിയ വേണമോ എന്ന് ആദ്യം ചിന്തിക്കണം. പരിച രണം കുറഞ്ഞ ലാൻഡ്സ്കേപ് എന്ന ആശയത്തിൽ പുൽത്തകിടി പരമാവധി കുറയ്ക്കുക എന്ന നിർദേശമാണ് വയ്ക്കാനുളളത്. കാരണം ലാൻഡ് സ്കേപ്പിങ്ങിൽ ഏറ്റവും ചെലവു കൂടിയതും ആവർത്തിച്ചുള്ള പരിചരണം ആവശ്യമായതും പുൽത്തകിടിക്കാണെന്നുള്ള കാര്യം മനസ്സിലാക്കണം. കൂടാതെ, ഏറ്റവും കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് ലോൺ പച്ചപ്പോടെ നിർത്താൻ വേണ്ടിയുമാണ്. 

പരിചരണം കുറഞ്ഞതും ആകർഷണം കൂടിയതുമായ ഒട്ടേറെ ബദൽ മാർഗങ്ങൾ ഉൾപ്പെടുത്തി ലോണിന്റെ അഭാവം പരിഹരിക്കാം. ഗ്രൗണ്ട് കവറിങ് സസ്യങ്ങൾ, പെബിൾസ്, സ്റ്റോൺ ചിപ്സ് എന്നിവ ഉപയോഗിച്ചുള്ള സെൻഗാർഡനും കളർഫുൾ ആയ ടിംബർ ചിപ്സ് പോലുള്ള ഒട്ടേറെ മാധ്യമങ്ങളും ലോണിനു പകരം വയ്ക്കാം. മോസ് ലോൺ, ക്ളോവർ ലോൺ, മിനി യേച്ചർ ഫോളിയേജസ് തുടങ്ങിയ സസ്യങ്ങൾ കൊണ്ടു തന്നെ ലോണിൽ പച്ചപ്പ് സൃഷ്ടിക്കാം.

എന്നാൽ ലോൺ നിർബന്ധമായും വേണമെന്നുണ്ടെങ്കിൽ ലോണിന്റെ പരിചരണം കുറയ്ക്കുന്ന മുൻകരുതലുകൾ എടുത്ത് ലോൺ സാക്ഷാത്കരിക്കാം. ജലത്തിന്റെ ഉപയോഗം കുറയ്ക്കാനും പച്ചപ്പ് നിലനിർത്താനും പ്രകൃതിദത്തമായ ജിയോബ്ലാങ്കറ്റ് സഹായിക്കും. അതുമാത്രമല്ല, ജിയോബ്ലാങ്കറ്റ് ഉപയോഗിച്ച് ലോൺ പിടിപ്പിച്ചാൽ 50 ശതമാനം വെള്ളം ലാഭിക്കാം. എന്നതിനുമപ്പുറം ഒട്ടേറെ ഗുണങ്ങൾ ലോണിൽ ലഭ്യമാക്കാം. വളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്താം, കള ഒരുപരിധിവരെ നിയന്ത്രിക്കാം, നല്ല പച്ചപ്പുള്ള ലോൺ ആസ്വദിക്കാം എന്നിവയും അതിന്റെ ഗുണങ്ങളാണ്. 

2. ഗ്രൗണ്ട് കവറിങ്

new-landscaping-trends

ലാൻഡ്സ്കേപ്പിങ് ഗ്രൗണ്ട് പല തലങ്ങളായി വേർതിരിക്കാം. അതായത്, വാഹനം കയറാനുള്ള വഴി (drive way), നടപ്പാത (pedestrian path), കുട്ടികൾക്കുള്ള സ്ഥലം, റിഫ്രഷ്മെന്റ് ഏരിയ (gazebo, pergola) തുടങ്ങിയവ. ഈ വ്യത്യസ്ത ഏരിയ കൾ ഏതെല്ലാം മാധ്യമങ്ങൾ ഉപയോഗിച്ച് കവർ ചെയ്യാം എന്നത് പല ഘടകങ്ങളെയും പരിഗണിച്ചു വേണം. 

പ്ലേ ഏരിയയിൽ ആറ്റുമണൽ വിരിക്കാം. സ്റ്റോൺ ചിപ്സ് മൈക്രോസൈസ് തുടങ്ങിയ അക്യുപങ്ചർ ഇഫക്ട് കിട്ടുന്ന ഏതു പ്രകൃതിക്കിണങ്ങിയ സാധനങ്ങളും പ്രയോജനപ്പെ ടുത്താം. ഏതു രീതിയിലുള്ള സ്റ്റോൺ ചിപ്സും വിരിക്കുന്ന തിനു മുമ്പ് ഗ്രൗണ്ട് ശരിക്കും ഉറപ്പിക്കണം. എന്നിട്ട് ഗ്രൗണ്ടിൽ സിന്തറ്റിക് അഗ്രോ ഷേഡ് നെറ്റ് വിരിച്ച് അതിന്മേൽ രണ്ടിഞ്ചു കനത്തിൽ വിരിച്ചാൽ ചിപ്സ് ദീർഘനാൾ മണ്ണിൽ ലയിച്ചു പോകാതെ നിലനിൽക്കുകയും പെയ്തിറങ്ങുന്ന മഴവെള്ളം താഴേക്ക് ഭൂമി വലിച്ചെടുക്കുകയും ചെയ്യും. റിഫ്രഷ്മെന്റ് ഏരിയയിൽ കഴിവതും പേവേഴ്സ് ആയിരിക്കും നല്ലത്. മരം കൊണ്ടുള്ള ഡെക്കിങ്, വെതർപ്രൂഫ് ചെയ്തു വിരിച്ചാൽ പരിചരണം ഇല്ലാതെ ഏറെനാൾ ഭംഗിയായി നിലനിർത്താൻ കഴിയും. 

3. സെറിസ്കേപ്പിങ് (Xeriscaping)

exterior-landscaping-3

പരിചരണം കുറഞ്ഞ ഗാർഡനെക്കുറിച്ചു ചിന്തിച്ചാൽ ആദ്യം മനസ്സിൽ വരിക സെറിസ്കേപ്പ് ആണ്. വരണ്ട, തികച്ചും വന്യമായ ഒരു ഗാർഡൻ. ജലം വളരെ പരിമിതമായി മാത്രം ആവശ്യമുള്ള, എത്ര വരണ്ട കാലാവസ്ഥയെയും അതിജീവിക്കുന്ന സസ്യങ്ങളും അതിനു യോജിക്കുന്ന വിധത്തിൽ വ്യത്യസ്ത അലങ്കാരകല്ലുകൾകൊണ്ട് അലംകൃതമാക്കിയ പരവതാനിയും. റോക്ക് ഗാർഡന്റെയും കാക്റ്റസിന്റെയും സക്കുലന്റ്സിന്റെയും (cactus, succulents) ഒരു ബ്ലെൻഡ് ഗാർഡൻ എന്ന് ഇതിനെ വിശേഷിപ്പിക്കാം. 

4. കണ്ടെയ്നർ ഗാർഡൻ (Container garden) 

പ്രധാനമായും അകത്തളത്തിൽ സസ്യങ്ങൾ വളർത്താൻ ഏറ്റവും അഭികാമ്യമായ രീതിയാണിത്. കണ്ടെയ്നർ ഫിക്സ് ചെയ്ത് ഡ്രിപ് ഇറിഗേഷൻ അല്ലെങ്കിൽ സെൽഫ് ടവറിങ് സിസ്റ്റം ഘടിപ്പിച്ചു നിർമിച്ചാല്‍ പരിചരണം കുറയും. കുറച്ചു ദിവസങ്ങൾ വീട്ടിൽ നിന്നു മാറിനിന്നാൽ ചെടികൾക്കു കോട്ടം തട്ടില്ല എന്നത് ഈ സിസ്റ്റത്തിന്റെ ഗുണമാണ്. അകത്തളങ്ങളിൽ ആവശ്യത്തിനുള്ള വെളിച്ചം ക്രമീകരിക്കേണ്ടതും പ്രകൃതിദത്ത വെളിച്ചം ഇല്ലെങ്കിൽ ആർട്ടിഫിഷ്യൽ വെളിച്ചം ഏർപ്പെടുത്തേണ്ടതുമാണ്. എൽഇ‍ഡി ലൈറ്റുകളിൽ സൂര്യവെളിച്ചത്തിനു സമാനമായ വിബ്ജിയോർ വികിരണങ്ങൾ പ്രദാനം ചെയ്യുന്ന ഇൻഡോർ പ്ലാന്റ് ലൈറ്റിങ് വിദേശത്തു കിട്ടും. 

അകത്തളങ്ങളിലെ ചെടികൾക്ക് വെള്ളത്തിന്റെ അപര്യാപ്തത കുറയ്ക്കാൻ വാട്ടർ സേവിങ് ജെൽ അല്ലെങ്കിൽ പ്രകൃതിദത്ത ഉത്പന്നങ്ങളായ കൊക്കോപിറ്റ്, മോസ്പിറ്റ്, ജിയോബ്ലാങ്കറ്റ് തുടങ്ങിയ ഉപയോഗിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA