sections
MORE

ഇനിയും നാം വിഷം തിന്നണോ? വീടിന്റെ മട്ടുപ്പാവിൽ ഒരുക്കാം കൃഷിത്തോട്ടം; പിന്തുടരാം ഈ എളുപ്പവഴികൾ

terrace-farming-1
SHARE

കാൻസർ പോലുള്ള മാരകരോഗങ്ങൾ കേരളത്തിൽ അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികൾ തിന്നുകൂട്ടുന്ന കൊടുംവിഷമടങ്ങിയ പച്ചക്കറികൾ തന്നെയായിരിക്കും ഇത്തരം മഹാവ്യാധികളുടെ പ്രധാന കാരണക്കാര്‍. നമുക്കു വേണ്ട പച്ചക്കറികൾ നാം തന്നെ ഉത്പാദിപ്പിക്കുക എന്ന ഒറ്റ മാർഗമേ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമായി കാണാനാകൂ.

ടെറസിൽ പച്ചക്കറികൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് താഴെ പറയുന്ന കാര്യങ്ങളാണ്.

terrace-farming-2

സ്റ്റെപ് 1 : മേൽക്കൂരയിലേക്കു വെള്ളമിറങ്ങുന്നതു തടയാൻ ടെറസ് മുഴുവൻ മൂടത്തക്ക നിലയിൽ പോളിത്തീൻ ഷീറ്റ് വിരിക്കുക. പോളിത്തീൻ ഷീറ്റ് കാറ്റത്ത് പറക്കാതിരിക്കാൻ മുകളിൽ മണലോ ചരലോ ചെറിയ കനത്തിൽ വിരിക്കുന്നതു നന്നായിരിക്കും. 

സ്റ്റെപ് 2: കൃഷിഭവൻ മുഖേനയോ മറ്റേതെങ്കിലും പ്രമുഖ കമ്പനികൾ മുഖേനയോ ലഭ്യമായ ആരോഗ്യമുള്ള പച്ചക്കറി വിത്തുകൾ നടുക. തൈകൾ ഉണ്ടാക്കി പറിച്ചു നടാന്‍ സാധിക്കുന്നില്ലെങ്കിൽ വിത്ത് നേരിട്ട് മണ്ണു നിറച്ച ചട്ടികളിൽ നടുകയുമാകാം. വിപണിയിൽ ലഭ്യമായ നടീൽ മിശ്രിതം ഉപയോഗിക്കാം. അല്ലെങ്കിൽ താഴെ പറയുന്ന രീതിയിൽ നടീൽ മിശ്രിതം വീട്ടിൽത്തന്നെ തയാറാക്കാം.

മണൽ, മേൽമണ്ണ്, ജൈവവളം (ഏതെങ്കിലും കംപോസ്റ്റ്), കൊക്കോപിറ്റ് (ചകിരിച്ചോർ സംസ്കരിച്ച് അമർത്തിയെടുത്തത്) ഇവയോരോന്നും തുല്യ അളവിൽ എടുക്കുക. എല്ലാം കൂട്ടിക്കലർത്തി ആവശ്യാനുസരണം ചട്ടികളിൽ നിക്ഷേപിക്കാം. ഉപ്പിന്റെ സാന്നിധ്യമുണ്ടാകുമെന്നതുകൊണ്ട് സാധാരണ ചകിരിച്ചോറ് ഈ ഉപയോഗത്തിന് അനുയോജ്യമല്ല. അതിനാൽ ഏതെങ്കിലും മികച്ച ബ്രാൻഡുകൾ വേണം ഉപയോഗിക്കാൻ. ചട്ടികൾക്കു പകരമായി ചെടി വളർത്താനുള്ള പ്രത്യേക പ്ലാസ്റ്റിക് കവറുകൾ ലഭ്യമാണ്. അൾട്രാവയലറ്റ് രശ്മികളെ നിയന്ത്രിക്കുന്ന ഇത്തരം കവറുകൾ ഭാരം കുറവും കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്. മാത്രമല്ല, മൂന്നോ നാലോ വർഷം കേടുകൂടാതെയിരിക്കുകയും ചെയ്യും. 

സ്റ്റെപ് 3 : ഒരു ചട്ടിയിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് ബാഗിൽ രണ്ടോ മൂന്നോ വിത്ത് ഇടാവുന്നതാണ്. രാവിലെയും വൈകിട്ടും നനയ്ക്കുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ വിത്തു മുളയ്ക്കും. പോട്ടിങ് മിശ്രിതത്തിൽ ഉള്ള കൊക്കോ പിറ്റിന് ജലത്തെ ശേഖരിച്ചു വയ്ക്കാൻ കഴിവുള്ളതിനാൽ കൂടുതൽ നനയ്ക്കുന്നത് ഒഴിവാക്കണം. തൈകൾ മുളച്ചാൽ അവയിലെ ആരോഗ്യം കുറഞ്ഞവ പിഴുതുമാറ്റി നല്ല തൈകൾ മാത്രം നിലനിർത്തുക. 

terrace-farming-1

ജൈവവളവും രാസവളവും ഒരു പ്രത്യേക അനുപാതത്തിൽ അനുക്രമമായി ചെടികൾക്കു നൽകുന്നതാണു നല്ലത്. ചെടിയുടെ നേരെ ചുവട്ടിൽ വളപ്രയോഗം നടത്തിയാൽ ചെടി കരിഞ്ഞു പോകാൻ ഇടയുണ്ട്. അതുകൊണ്ട് കടയ്ക്കൽ നിന്ന് അല്പം മാറ്റി വേണം വളമിടാൻ. വളമിട്ട് ഉടനെതന്നെ വെള്ളമൊഴിക്കാനും ശ്രദ്ധിക്കണം. തുള്ളിനനയിലൂടെ (ഡ്രിപ് ഇറിഗേഷൻ) വളപ്രയോഗം നടത്താം. ദ്രാവകരൂപത്തിലുള്ള വളമോ വെള്ളത്തിൽ ലയിപ്പിച്ചെടുക്കാവുന്ന വളമോ ഇതിനായി ഉപയോഗിക്കേണ്ടിവരുമെന്നു മാത്രം. 

bean-farming-terrace

കീടങ്ങളെ തുരത്താൻ വിഷാംശമുള്ള കീടനാശിനികൾ പ്രയോഗിക്കരുത്. വെളുത്തുള്ളി കഷായമോ വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനകൾ മാത്രം തളിക്കുക. റെഡി–ടു–യൂസ് ജൈവകീടനാശിനികൾ ഇപ്പോള്‍ വിപണിയിൽ ലഭ്യമാണ്. പാക്കറ്റിലെ നിര്‍ദേശങ്ങൾക്കനുസരിച്ച് ഇത് ഉപയോഗിക്കണം. 

കൃഷി ചെയ്യുമ്പോൾ ഓർക്കാൻ 

terrace-farming-planting-board

∙ തൈ പറിച്ചു നടുന്ന മണ്ണ് നന്നായി ഇളകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ചെടിയുടെ വേരുകൾക്കിടയിൽ വായു സഞ്ചാരമുണ്ടാക്കാൻ മണ്ണിളക്കുന്നതു സഹായിക്കും. 

∙ഒരു ഇസി (Electro Conductivity) യിൽ താഴെ ലവണാംശമുള്ള, മികച്ച കമ്പനികൾ ഉത്പാദിപ്പിക്കുന്ന കൊക്കോപിറ്റ് മാത്രം ഉപയോഗിക്കുക. കളിമണ്ണിന്റെ അംശമുള്ള മണ്ണിൽ 25 ശതമാനം കൊക്കോപിറ്റ് മതിയാകും. എന്നാൽ മണലാണെങ്കിൽ 40 ശതമാനം വരെ കൊക്കോപിറ്റ് ചേർക്കേണ്ടി വരും. വേരിലേക്കുള്ള വായു സഞ്ചാരം വർധിപ്പിക്കാനും വെള്ളം കൂടുതൽ സമയത്തേക്കു പിടിച്ചു വയ്ക്കാനും കൊക്കോപിറ്റിനു സാധിക്കും. 

∙ധാരാളം ജൈവവളങ്ങൾ വിപണിയിൽ ലഭിക്കും. എന്നാൽ മികച്ച കമ്പനികളുടേതു മാത്രമേ വാങ്ങാവൂ. നല്ല കമ്പനികളുടെ ഉത്പന്നത്തിൽ അവയിൽ അടങ്ങിയ എൻപികെ, സൂക്ഷ്മ മൂലകങ്ങൾ, എൻസൈമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ േരഖപ്പെടുത്തിയിട്ടുണ്ടാകും. ഇവയെല്ലാം കൃത്യമായ അളവിലുള്ളതു വേണം തിരഞ്ഞെടുക്കാൻ.

∙കൃത്യമായി കളകളെ നശിപ്പിക്കണം. തേങ്ങയുടെ തൊണ്ട് ഉപയോഗിച്ച് പുതയിടുന്നത് കളകളെ നിയന്ത്രിക്കും. ചെടിയുടെ ചുവട്ടിലെ ജലാംശം നഷ്ടപ്പെടുന്നതു തടയും. 

∙ഏതെങ്കിലും ചെടിക്ക് കീടബാധ്യതയുണ്ടെങ്കിൽ ആ ചെടി യെ കടയോടെ പിഴുതു കത്തിക്കുക. രോഗം മറ്റു ചെടികളിലേക്കു പടരാതിരിക്കാൻ സഹായിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA