ADVERTISEMENT

വീടിനു മുകളില്‍ ഒരുഗ്രന്‍ ഫിഷ്‌ ഫാം ഒന്ന് സങ്കൽപിച്ചു നോക്കൂ? ആസാമിലെ ഗുവാഹത്തി സ്വദേശി ഡോക്ടര്‍ അമര്‍ജ്യോതി കശ്യപിന്റെ വീട്ടില്‍ ഇത്തരത്തിലൊരു കാഴ്ചയുണ്ട്. തന്റെ രണ്ടുനില വീട്ടിന്റെ മുകള്‍നിലയിലാണ് ഡോക്ടറുടെ ഫിഷ്‌ ഫാം. തീര്‍ന്നില്ല, സ്വന്തം വീട്ടിലെ അടുക്കള മാലിന്യം കൊണ്ട് ജൈവവളം നിര്‍മ്മിച്ചാണ് ഡോക്ടര്‍ കൃഷി നടത്തുന്നതും.

 

കുറച്ചു മാസങ്ങളെ ആയുള്ളൂ മീൻകൃഷി തുടങ്ങിയിട്ട്. ചുരുങ്ങിയ സ്ഥലത്ത് എങ്ങനെ അക്വാകള്‍ച്ചര്‍ നടത്താം എന്നാണ് അദ്ദേഹം ഇതുവഴി കാണിച്ചു തരുന്നത്. മാലിന്യസംസ്കരണത്തെ കുറിച്ച് ബോധവത്കരണം നടത്തുന്ന ഒരു സ്ഥാപനത്തിന്റെ സാരഥി കൂടിയാണ് ഇദ്ദേഹം. 50,000 രൂപ മുടക്കിയാണ് അദ്ദേഹം ആദ്യം ഈ സംരംഭം ആരംഭിക്കുന്നത്. 1,000 ചത്രുരശ്രയടിയില്‍ 14 അടി വീതിയില്‍, 28 അടി നീളത്തില്‍ നാലടി ആഴത്തിലാണ് അദ്ദേഹം മൽസ്യക്കുളം നിർമിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ കാര്‍പ്പ് ഇനത്തില്‍ പെട്ട മത്സ്യമാണ് ഇവിടെ വളര്‍ത്തുന്നത്. 

 

മുന്‍ അധ്യാപകനായ കശ്യപ് തന്റെ വേസ്റ്റ് അസിമിലേറ്റര്‍ എന്ന കണ്ടെത്തലിനു അവാര്‍ഡ്‌ ലഭിച്ച വ്യക്തിയാണ്. 2005-ലാണ് അദ്ദേഹം ഇത് നിര്‍മ്മിച്ചത്. വീട്ടിലെ സോളിഡ് ഓര്‍ഗാനിക് വേസ്റ്റ് ഒരുദിവസം കൊണ്ട് വെര്‍മികമ്പോസ്റ്റ് ആയും പെസ്റ്റ് റിപ്പല്ലന്റ് ആയും മാറ്റുന്ന വിദ്യയാണ് ഇതിലുള്ളത്. ഇന്ന് ഏകദേശം  12,000  പേര്‍ ഈ വേസ്റ്റ് അസിമിലെറ്റര്‍ ഉപയോഗിക്കുന്നുണ്ട്. 

 

ഒരു പ്ലാസ്റ്റിക്  ബിന്‍ ആണ് വേസ്റ്റ് അസിമിലെറ്റര്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. വീട്ടിലെ മാലിന്യത്തിന്റെ തോത് അനുസരിച്ച് ഇതിന്റെ വലിപ്പം നിര്‍ണ്ണയിക്കാം. ഇത് ഒരു വീട്ടില്‍ ബാല്‍ക്കണിയില്‍ പോലും വയ്ക്കാം. രണ്ടു വേസ്റ്റ് അസിമിലെറ്റര്‍ ആണ് സാധാരണ വേണ്ടത്. ഒന്ന് നിറയുമ്പോള്‍ മറ്റൊന്ന് ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത്. ഇതിലൂടെ ലഭിക്കുന്ന ലിക്വിഡ് വേസ്റ്റ് ജൈവകീടനാശിനി കൂടിയാണ്. അതുകൊണ്ട് തന്നെ കീടങ്ങള്‍ വന്നു കൃഷി നശിപ്പിക്കാതെ ഇത് സംരക്ഷിക്കും. വീടിന്റെ മുകളില്‍ ഫിഷ്‌ ഫാം കൂടാതെ ജൈവകൃഷിയും ഉണ്ട് ഡോക്ടര്‍ക്ക്. ആസാമിലെ കാലാവസ്ഥ തേയിലകൃഷിക്ക് മികച്ചതാണല്ലോ. അതുകൊണ്ട് ഇനി റൂഫില്‍ തേയില കൂടി കൃഷി ചെയ്തു നോക്കാന്‍ തയ്യാറെടുക്കുകയാണ് കശ്യപ്. അതിനുള്ള വളമായി തന്റെ വെര്‍മികമ്പോസ്റ്റ്,വെര്‍മി വാഷ് ഒക്കെ ധാരാളം എന്നും അദ്ദേഹം പറയുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com