ADVERTISEMENT

ബാംഗ്ലൂര്‍ കെംപഗൗഡ ഗാര്‍ഡനിലേക്ക് എത്തുന്നവര്‍ക്ക് ശരവണന്റെ വീട് കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ല. കാരണം ദൂരെ നിന്ന് നോക്കുമ്പോള്‍ തന്നെ വീടിന്റെ ടെറസില്‍ കറങ്ങുന്ന കാറ്റാടിയന്ത്രം കണ്ടാല്‍ ഉറപ്പിക്കാം അത് ശരവണന്റെ വീട് തന്നെയെന്ന്.. എൻജിനീയറിങ് ഡിപ്ലോമ ഹോള്‍ഡറായ ശരവണന്റെ ഒന്‍പതുപേരടങ്ങിയ കുടുംബം നോര്‍ത്ത് ബെംഗളൂരുവിൽ വീട് വയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ അത് പ്രകൃതിസൗഹൃദമാകണം എന്ന് തീരുമാനിച്ചിരുന്നു.

 

തൂണുകള്‍ ഇല്ലാതെ എങ്ങനെ നല്ലൊരു വീട് നിര്‍മ്മിക്കാം എന്നാണ് അദ്ദേഹം ആദ്യം ചിന്തിച്ചത്. തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലും പോകുമ്പോള്‍ തൂണുകള്‍ ഇല്ലാതെ തന്നെയുള്ള പഴയകാലനിര്‍മ്മാണശൈലിയെ കുറിച്ച് അദ്ദേഹം ശ്രദ്ധിച്ചിരുന്നു.  ചെളി കൊണ്ടുള്ള കട്ടകള്‍ സ്വയം നിര്‍മ്മിച്ചെടുത്താണ് ശരവണന്‍ വീടുപണി ആരംഭിച്ചത്. സിമന്റും കട്ടയും ഒന്നും വാങ്ങാതെയുള്ള ഈ ശൈലിയെ പലരും കുറ്റം പറഞ്ഞെങ്കിലും ശരവണന്‍ ഒന്നിനും ചെവി കൊടുത്തില്ല. 11.5 കിലോ ചെളിയാണ് ഒരു ബ്ലോക്ക്‌ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിനു ഉറപ്പ് ലഭിക്കാന്‍ വേപ്പെണ്ണയും ചുണ്ണാമ്പും ചേര്‍ക്കും. ശേഷം നന്നായി ഇത് കംപ്രസ് ചെയ്തു വെയിലില്‍ ഉണക്കും. കാര്‍ബണ്‍ ഉല്‍പ്പാദനം പരമാവധി കുറയ്ക്കുക എന്നതായിരുന്നു ഇതുവഴി  ശരവണന്റെ ലക്ഷ്യം. തമിഴ്നാട്ടിലെ അന്തഗുഡി ഗ്രാമത്തിലെ ഒരു കുടുംബം ഹാന്‍ഡ്‌മെയിഡ് തറയോടുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് സരവണനു അറിയാമായിരുന്നു. അവിടെ നിന്നും അദ്ദേഹം അത് വാങ്ങി തന്റെ വീട്ടില്‍ തറപാകി. ഇത് വീടിനുള്ളില്‍ നല്ല തണുപ്പും മനോഹാരിതയും ഒരേസമയം നല്‍കി. 

 

തീര്‍ന്നില്ല ടെറസില്‍ ഒരു വിന്റ്മില്‍ കൂടി സ്ഥാപിച്ചതോടെ വൈദ്യതിയും യഥേഷ്ടം പ്രകൃതിയില്‍ നിന്ന് തന്നെ ശരവണന്‍ വാങ്ങാന്‍ തുടങ്ങി. വര്‍ഷത്തില്‍  200 ദിവസം ഇതില്‍ നിന്നാണ് വീട്ടിലേക്ക് വൈദ്യുതി. ബാക്കി ദിവസങ്ങളില്‍ സോളര്‍ എനര്‍ജിയും ഉപയോഗിക്കും.  ബയോഗ്യാസ് പ്ലാന്റ് , മഴവെള്ളസംഭരണി എന്നിവയും ഇവിടെയുണ്ട്. ആറുമാസം കൊണ്ട്  30 ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച ഈ വീടിന്റെ ഗ്യാരന്റ്റി കുറഞ്ഞത്‌  90 വര്‍ഷമാണ്‌ എന്നും ശരവണന്‍ അഭിമാനത്തോടെ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com