ADVERTISEMENT

മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടുമെത്തിയ മഴക്കെടുതിയിൽ തരിച്ചു നിൽക്കുകയാണ് കേരളം. എന്നാൽ മഴയുടെ ശക്തി കുറഞ്ഞതും ജലനിരപ്പ് കുറയുന്നതും ആശ്വാസകരമാണ്. പ്രളയത്തിൽ വീടുവിട്ടിറങ്ങിയവർ തിരികെ ചെല്ലുമ്പോൾ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക..

A housewife from Vaikom shifting essentials to higher spots as the floodwater has reached her house in Ettadi area on Saturday. Photo: Gibi Sam
A housewife from Vaikom shifting essentials to higher spots as the floodwater has reached her house in Ettadi area on Saturday. Photo: Gibi Sam

 

ഒറ്റയ്ക്കു വീട്ടിലേക്കു മടങ്ങരുത്. മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ചു പോകണം. ആദ്യമായി വീട്ടിലേക്കു മടങ്ങുമ്പോൾ കുട്ടികളെ കൊണ്ടുപോകരുത്. ഒരു കാരണവശാലും രാത്രി വീട്ടിലേക്കു ചെല്ലരുത്. വീടിനകത്തു പാമ്പുമുതൽ പാചകവാതക ചോർച്ചവരെ ഉണ്ടാകും. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം. വീട്ടുമതിലുള്ളവർ ശ്രദ്ധിക്കണം. ഗേറ്റ് ശക്തമായി തള്ളിത്തുറക്കുമ്പോൾ മതിലിടിഞ്ഞ് അപകടമുണ്ടാകാം.ചെളിയിൽ തെന്നി വീഴാതെ നോക്കണം. ജനാലകൾ തുറന്നിട്ട് കുറച്ചുസമയം കഴിഞ്ഞുവേണം അകത്തു പ്രവേശിക്കാൻ. 

 

 

വീട്ടിൽ പ്രവേശിക്കുന്നതിനു മുൻപ് മെയിൻ സ്വിച്ച് ഓഫ് ചെയ്യണം. പൈപ്പ് വഴിയാണ് ഗ്യാസ് എത്തുന്നതെങ്കിൽ, അഥവാ സിലിണ്ടർ വീടിനു വെളിയിലാണെങ്കിൽ അത് ഓഫ് ചെയ്യണം.

വാതിൽ തുറക്കുക ശ്രമകരമായേക്കും, ബലം പ്രയോഗിക്കേണ്ടി വരും. പഴയ വീടാണെങ്കിൽ ഭിത്തിയോ മേൽക്കൂരയോ തകരാറിലായേക്കാം. ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക ഗന്ധം തോന്നിയാൽ വാതിൽ തുറന്ന് നല്ല വായുസഞ്ചാരമുണ്ടായിട്ട് അകത്തുകയറിയാൽ മതി. റഫ്രിജറേറ്ററിലെ ഭക്ഷ്യപദാർഥങ്ങൾ കേടായിട്ടുണ്ടാകും. വലിയ ഫ്രീസർ ആണെങ്കിൽ മത്സ്യമാംസാദികൾ അഴുകി മീഥേൻ ഗ്യാസ് ഉണ്ടാകാൻ വഴിയുണ്ട്. ഫ്രീസർ തുറക്കുമ്പോൾ ഈ ഗ്യാസ് ശക്തിയായി പുറത്തേക്കടിച്ചേക്കാം.

 

 

ഒരു കാരണവശാലും വീടിനകത്ത് തീ ഉപയോഗിക്കരുത്. സിഗരറ്റോ മെഴുകുതിരിയോ കത്തിക്കരുത്. ഒരു മാസ്ക് ഉപയോഗിക്കണം; അല്ലെങ്കിൽ ഒരു തോർത്ത് മൂക്കിനു മുകളിലൂടെ ചുറ്റിക്കെട്ടണം. കട്ടിയുള്ള കയ്യുറകൾ ഉണ്ടെങ്കിൽ നല്ലത്. വീട്ടുവളപ്പിൽ മനുഷ്യരുടെയോ മൃഗങ്ങളുടെയോ  മൃതദേഹം കണ്ടാൽ കൈകൊണ്ടു തൊടരുത്. 

 

 

വീട്ടിൽ ഫ്ലഷും പൈപ്പും പരിശോധിക്കുക. വരുന്നതു ശുദ്ധജലമാണോ മലിനജലമാണോ എന്നു ശ്രദ്ധിക്കുക. വീടിന്റെ നാലു ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങൾ എടുത്തുവയ്ക്കണം. വെള്ളം എവിടെവരെ എത്തി എന്ന അടയാളം ഉൾപ്പെടെ. വാതിലും ജനാലയും വെയിലുള്ളപ്പോൾ തുറന്നിടുക; ശുദ്ധമായ വായു പ്രവഹിക്കട്ടെ.

വിവരങ്ങൾക്ക് കടപ്പാട്- മുരളി തുമ്മാരുകുടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com