ADVERTISEMENT

മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും എത്തിയ മഴ ഏറ്റവും നാശം വിതച്ചത് വയനാട്ടിലും മലപ്പുറത്തുമാണ്. മലയോരപ്രദേശങ്ങളിൽ ഉരുൾപൊട്ടി നിരവധി വീടുകളും കൃഷിസ്ഥലവും മനുഷ്യജീവനുകളും നഷ്ടമായി. എന്നാൽ അവയ്ക്കിടയിൽ പ്രതീക്ഷ നൽകുന്ന ചില കാഴ്ചകളുമുണ്ട്.  

കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം, ഭൂമിക്ക് ഭാരമാകാത്ത, പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന വീടുകളാണ് ഇത്തരം പ്രദേശങ്ങളിൽ ആവശ്യമെന്നു തിരിച്ചറിഞ്ഞ തണൽ എന്ന സന്നദ്ധ സംഘടന, ഉർവി ഫൗണ്ടേഷനുമായി കൈകോർത്ത്, വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന വീടുകൾ നിർമിച്ചു തുടങ്ങി. ആദ്യമൊക്കെ പലർക്കും ഇത്തരം വീടുകളുടെ കെട്ടും മട്ടും ഇഷ്ടമായില്ല. പലരും മുൻവിധിയോടെയാണ് ഇത്തരം വീടുകളുടെ ഗുണഭോക്താക്കളായത്. എന്നാൽ ഇപ്പോൾ അവർ തിരിച്ചറിയുന്നു- ആ വീട് ഒരു ശരി ആയിരുന്നുവെന്ന്...

flood-resistant-stilt-home-view

അത്തരത്തിൽ നിർമിച്ച ഒരു വീട് മണ്ണിടിച്ചിലിനെ പ്രതിരോധിച്ച് നിൽക്കുന്ന കാഴ്ച ഇത്തരം വീടുകളുടെ സാംഗത്യത്തിന്റെ നേർസാക്ഷ്യമാവുകയാണ്. കുത്തിയൊലിച്ചു വന്ന മണ്ണും ജലവും വീടിന് ഒരു പോറൽ പോലുമേൽപ്പിക്കാതെ താഴെക്കൂടെ ഒഴുകിപ്പോയി. വെറും രണ്ടാഴ്ച കൊണ്ട് നിർമിച്ച ഈ വീടിന്റെ നിർമാണച്ചെലവ് എട്ടു ലക്ഷം രൂപയിൽ താഴെയാണ്!

flood-resistant-home-wayanad-mud-slide

480 ചതുരശ്രയടി വിസ്‌തീർണമുള്ള വീട്ടിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, കിച്ചൻ, ഹാൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഭൂനിരപ്പിൽ നിന്നും ഒന്നരമീറ്റർ (ഏകദേശം അഞ്ചടി) ഉയർത്തി പില്ലർ നൽകിയാണ് വീടിന്റെ അടിത്തറ നിർമിച്ചത്. വീടിന്റെ ചട്ടക്കൂട് മുഴുവൻ ജിഐ ഫ്രയിമുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ ഫൈബർ സിമന്റ് ബോർഡുകൾ ഘടിപ്പിക്കുന്ന റാപിഡ് കൺസ്ട്രക്ഷൻ രീതിയാണ് ഇവിടെ അവലംബിച്ചത്. 

flood-resistant-home-wayanad

ഫൈബർ സിമന്റ് ബോർഡാണ് ഭിത്തികൾക്ക് ഉപയോഗിച്ചത്. ഭാരം കുറവ്, ഈർപ്പത്തെ പ്രതിരോധിക്കുന്നു എന്നീ ഗുണങ്ങളുമുണ്ട് ഇതിന്. വെള്ളപ്പൊക്കം വന്നാൽ കേടുവരാത്ത ഇത്തരം നൂറോളം പ്രീഫാബ് വീടുകൾ കേരളത്തിന്റെ പുനർനിർമിതിക്കായി ഒരുക്കുകയാണ് തണൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com