തുടർച്ചയായ രണ്ടാമത്തെ പ്രളയത്തെയും തോൽപിച്ച് ഈ പൊയ്ക്കാൽ വീട്; ചെലവ് 10 ലക്ഷം

pillar-house
SHARE

കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ കുട്ടനാട്ടിലെ 90 ശതമാനം വീടുകളും വെള്ളത്തിലായി. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. പക്ഷേ തുടർച്ചയായ രണ്ടാമത്തെ പ്രളയത്തെയും തോൽപിച്ച് തലയുയർത്തി നിൽക്കുകയാണ് മാരാരിയിലുള്ള ഈ പൊയ്ക്കാൽ വീട്. തറനിരപ്പിൽ നിന്നും ആറടിയോളം ഉയരത്തിൽ പ്രീഫാബ് ശൈലിയിൽ നിർമിച്ചതാണ് തുണയായത്. 

floating-house-kuttanad

നഗരത്തിരക്കുകളിൽ നിന്നും ഓടിയൊളിക്കാനുള്ള ഇടമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. സുനിൽ കുട്ടനാട്ടിലെ മാരാരിയിൽ കൃഷിഭൂമി മേടിച്ചത്. കുട്ടനാടിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് ദിവസങ്ങൾ ചെലവഴിക്കാൻ ഒരു ചെറു ഫാം ഹൗസും ഇവിടെ നിർമിച്ചു. ആറേക്കറോളം വിസ്തൃതിയിലുള്ള കൃഷിഭൂമിയിൽ വെറും 600 ചതുരശ്രയടിയിലാണ് ഫാം ഹൗസ് നിർമിച്ചത്. ഭൂപ്രതലത്തിൽ നിന്നും ജിഐ ഫ്രയിമുകൾ കൊണ്ട് പില്ലർ നൽകിയാണ് അടിത്തറ കെട്ടിയത്. ഹുരുഡീസ് കൊണ്ടാണ് ഭിത്തികൾ നിർമിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ  ചെയ്താണ് ജനാലകളും രണ്ടു ബാൽക്കണികളും നിർമിച്ചത്. സാധാരണ ടൈലുകളാണ് അകത്തളങ്ങളിൽ വിരിച്ചത്.

farm-house-bed

വെള്ളമില്ലാത്ത സമയത്തു താഴത്തെ സ്ഥലം ബാർബിക്യൂ സ്‌പേസ് ആക്കിമാറ്റുകയും ചെയ്യാം. അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള രണ്ടു കിടപ്പുമുറികളും മൾട്ടിപർപ്പസ് ഹാളുമാണ് വീടിനുള്ളിൽ ഉള്ളത്. സ്ട്രക്ചറും ഫർണിഷിങ്ങും അടക്കം 10 ലക്ഷം രൂപ മാത്രമാണ് വീടിനു ചെലവായത്. ഡിസൈനർ വാജിദ് റഹ്മാനാണു വീട് നിർമിച്ചുനൽകിയത്. 

farm-house-elevation

ഇതുപോലെ പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന വീടുകളാണ് തങ്ങൾക്കാവശ്യം എന്ന തിരിച്ചറിവ് കഴിഞ്ഞ പ്രളയത്തോടെ കുട്ടനാട്ടുകാർക്ക് വന്നിട്ടുണ്ട്. ഇതേ മാതൃകയിലുള്ള നിരവധി വീടുകൾ ഇപ്പോൾ കുട്ടനാട്ടിൽ നിർമിച്ചു കഴിഞ്ഞു. പലതും നിർമാണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA