ADVERTISEMENT

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ അട്ടപ്പാടി പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കൂരകൾ തകർന്നു. വീടുകൾ വെള്ളം കയറി. ഇത് അട്ടപ്പാടിയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന ഉമാ പ്രേമൻ എന്ന സാമൂഹികപ്രവർത്തകയ്ക്ക്, പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന വീടുകളെപ്പറ്റി പഠനം നടത്താൻ പ്രചോദനമായി. കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ട് നിർമിക്കാവുന്ന പ്രീഫാബ് വീടുകളിലേക്കാണ് അവരുടെ അന്വേഷണം ചെന്നെത്തിയത്. ഒരു വർഷത്തിനിപ്പുറം വീണ്ടും പ്രളയം വന്നപ്പോൾ ഇത്തരത്തിൽ നിർമിച്ച വീടുകൾ പ്രളയത്തിന്റെ ആഘാതം കുറയ്ക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട് എന്ന് ഉമ പറയുന്നു. തറനിരപ്പിൽ നിന്നും നാലോ അഞ്ചോ അടി ഉയരത്തിൽ നിർമിച്ച ഇത്തരം വീടുകളിൽ ഇത്തവണ വെള്ളം കയറിയില്ല.

5-lakh-prefab-house-attapadi

ഒരു സുഹൃത്താണ് വഴിയാണ് തായ്‌ലൻഡിൽ നിന്നും ഇറക്കുമതി ചെയ്യുന്ന TPI ബോർഡുകളെ കുറിച്ചറിയുന്നത്. മേൽത്തരം ഫൈബർ സിമന്റ് ബോർഡാണിത്. ഒരു വീടിന്റെ വിവിധ ഭാഗങ്ങളായി മാറ്റിയെടുക്കാൻ കഴിയുംവിധം ബോർഡുകൾ ക്രമീകരിക്കാൻ സാധിക്കും. വീടിന്റെ അടിത്തറ, ചുവരുകൾ, മേൽക്കൂര എന്നിവയ്‌ക്കെല്ലാം TPI ബോർഡുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 50 വർഷം വാറന്റിയുമുണ്ട്. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിൽ ബോർഡുകൾ ഇറക്കുമതി ചെയ്തു. കേവലം പത്തു ദിവസം കൊണ്ട് വീട് തയാറായി. ചെലവായത് വെറും അഞ്ചു ലക്ഷം രൂപയും! ഇപ്പോൾ ഉമയുടെ വീടാണ് ഓഫിസായും പ്രവർത്തിക്കുന്നത്  ഇപ്പോൾ ഉമയുടെ വീടായും ഓഫിസായും പ്രവർത്തിക്കുന്നത് ഈ നിർമിതിയാണ്.

uma-preman

സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ടു കിടപ്പുമുറികൾ, ഒരു അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം. ഇത്രയുമാണ് 400 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ജനലുകളും അടുക്കളയുടെ കബോർഡുകളും മുറിയുടെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു. 

prefab-house-attapadi-inside

 

നിർമാണ രീതി

  • വലിയ കുഴികളിൽ വീപ്പ ഇറക്കിവച്ച് കോൺക്രീറ്റ് ചെയ്തു. 
  • അതിനുമുകളിൽ ജിഐ ഫ്രയിമുകൾ നാട്ടി സ്ട്രക്ചർ ഒരുക്കി. 
  • ഇതിനു മുകളിൽ TPI ബോർഡ് വിരിച്ചു അടിത്തറ ഒരുക്കി. 
  • ചുവരുകൾ TPI ബോർഡ് സ്ക്രൂ ചെയ്ത് ഉറപ്പിച്ചു. ശേഷം മേൽക്കൂര TPI ബോർഡ് സ്ക്രൂ ചെയ്ത് ഉറപ്പിച്ചു.
5-lakh-house-attappadi-kitchen

 

വീടിന്റെ വിവിധ ഭാഗങ്ങളായി മാറ്റാൻ കഴിയും വിധം കനവ്യത്യാസമുള്ള ബോർഡുകൾ ലഭിക്കും എന്നതാണ് TPI ബോർഡുകളുടെ സവിശേഷത. ടൈൽ വിരിക്കാനും മറ്റു ഫർണിഷിങ്ങിനും ഒരു ലക്ഷം ചെലവായി. അധിക ഭംഗിക്കുവേണ്ടി മാത്രമാണ് ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്ത ഓണ്ടുവില്ല റൂഫിങ് ടൈൽസ് മേൽക്കൂരയിൽ  വിരിച്ചത്. സാധാരണഗതിയിൽ നാലു ലക്ഷം രൂപയ്ക്ക് നിർമാണം പൂർത്തിയാക്കാം.  ഇത്തരത്തിൽ ഭൂമിക്ക് ഭാരമാകാതെ നിർമിക്കുന്ന വീടുകളാണ് പരിസ്ഥിതിലോല പ്രദേശങ്ങൾ ആവശ്യപ്പെടുന്നതെന്ന് വീണ്ടുമെത്തി പ്രളയം നമ്മെ ഓർമിപ്പിക്കുന്നു.

സവിശേഷതകൾ

  • ഭൂനിരപ്പിൽ നിന്നും ഉയർത്തി പണിയുന്നതിനാൽ പ്രളയത്തെ പ്രതിരോധിക്കുന്നു.
  • കുറഞ്ഞ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാം. വിദഗ്ധ തൊഴിലാളികൾ ആവശ്യമില്ല. ചെലവും കുറവ്.
  • ആവശ്യാനുസരണം അകത്തളങ്ങൾ പുനർക്രമീകരിക്കാം.
  • ആവശ്യമെങ്കിൽ അഴിച്ചു മാറ്റി, മറ്റൊരിടത്ത് പുനർനിർമിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com