ADVERTISEMENT

പ്രളയജലം ഇറങ്ങി വീട്ടിലേക്കു മടങ്ങിയെത്തിയപ്പോൾ കണ്ട കാഴ്ച അതിഭീകരമായിരുന്നു. പോർച്ചിൽ കിടന്ന കാർ പൂർണമായും വെള്ളം കയറി. വീട്ടുസാധനങ്ങൾ ചെളിയും വെള്ളവും കയറി ഇനി ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ നശിച്ചിരിക്കുന്നു. വീട്ടുസാധനങ്ങൾക്കും കാറിനും ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കുകയേ നിർവാഹമുള്ളൂ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കാമോ? 

മോട്ടർ വാഹന ഇൻഷുറൻസ്, കന്നുകാലി ഇൻഷുറൻസ്, വീടിനും വീട്ടുപകരണങ്ങൾക്കും ഉള്ള ഇൻഷുറൻസ്, അപകട ഇൻഷുറൻസ് തുടങ്ങിയ ജനറൽ ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുള്ള വീട്ടുടമസ്ഥർക്ക് മഴക്കെടുതികളും പ്രളയവും കാരണം ഉണ്ടായിട്ടുള്ള കഷ്ടനഷ്ടങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കാം. സാധാരണ രീതിയിൽ ക്ലെയിമുകൾ ഉണ്ടാകുമ്പോൾ സമർപ്പിക്കേണ്ട കടലാസുകളും നഷ്ടം സംബന്ധിച്ച തെളിവുകളും പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭം മൂലം നഷ്ടം സംഭവിക്കുമ്പോൾ നൽകാൻ കഴിയാതെ വരുന്നത് സ്വഭാവികം. പ്രളയത്തിൽ നഷ്ടം സംഭവിച്ചിട്ടുള്ള പോളിസി ഉടമകൾക്ക് ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ സ്വീകരിക്കുന്നതിനും അടിയന്തരമായി സർവേയും മറ്റും നടത്തി നഷ്ട പരിഹാരത്തുക കാലതാമസം വരുത്താതെ വിതരണം ചെയ്യുന്നതിനും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇൻഷുറൻസ് കമ്പനികളെ ചുമതലപ്പെടുത്തി ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ക്ലെയിം നടപടികൾ ത്വരിതഗതിയിൽ പൂർത്തീകരിക്കുന്നതിനും പൊതുമാനദണ്ഡങ്ങൾ അനുസരിച്ച് ഏകപക്ഷീയ തീരുമാനങ്ങളെടുത്ത് ക്ലെയിം നിരസിക്കുന്നത് ഒഴിവാക്കാനുമായി കമ്പനികൾ നോഡൽ ഓഫിസറെ നിയമിച്ചിട്ടുണ്ട്. പ്രളയ നഷ്ടം കൂടുതൽ ഉണ്ടായ ജില്ലകളിൽ കലക്ടർമാർ ഇൻഷുറൻസ് കമ്പനികളിലെ നോഡൽ ഓഫിസർമാരുമായി ഏകോപന സംവിധാനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. 

ഉദാര സമീപനം 

ഒഴുകിപ്പോയ വളർത്തുമൃഗങ്ങളുടെ ഇൻഷുറൻസ് ക്ലെയിം നൽകുമ്പോൾ, മൃഗങ്ങളുടെ നഷ്ടപ്പെട്ട ടാഗ് നമ്പരുകൾ, മൃതശരീരാവശിഷ്ടങ്ങൾ എന്നിവ പരിശോധനയ്ക്കായി നൽകാൻ കഴിയാതെ വരുന്നു. വെള്ളത്തിൽ മുങ്ങിപ്പോയ വാഹനങ്ങൾക്ക് എൻജിൻ ഉൾപ്പെടെ ഉണ്ടാകുന്ന നഷ്ടം വാഹനം വീണ്ടും സ്റ്റാർട്ടാക്കാൻ ശ്രമിച്ചതുമൂലമാണെന്ന് വിധി എഴുതി ക്ലെയിം നിഷേധിക്കുന്ന അവസരങ്ങളും ഉണ്ടാകുന്നു. ആവശ്യത്തിന് സർവേയർമാരെ നിയോഗിച്ചും പ്രത്യേക ക്ലെയിം ക്യാംപുകൾ സംഘടിപ്പിച്ചും അർഹമായ ക്ലെയിമുകളിലെല്ലാം ഉടൻ തീർപ്പ് കൽപ്പിച്ച് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ മിക്ക കമ്പനികളും സ്വീകരിച്ചിട്ടുണ്ട്. 

കലക്ടറേറ്റ്, ദുരന്ത നിവാരണ സംവിധാനങ്ങൾ, പൊതു വെബ്‌സൈറ്റുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവകളിൽ ലഭ്യമായ വിവരങ്ങളും രേഖകളും തേടിയെടുത്ത് അർഹതപ്പെട്ടവർക്ക് ക്ലെയിം നൽകാൻ സർവേയർമാർക്കും ഇൻഷുറൻസ് കമ്പനികൾക്കും ചുമതലയുണ്ട്. ക്ലെയിം നിരസിക്കുന്ന അവസരങ്ങളിൽ അതിന്റെ കാരണങ്ങൾ പോളിസി ഉടമയെ എഴുതി അറിയിക്കണം. ഇൻഷുറൻസ് കമ്പനിയുടെ തീരുമാനങ്ങളിൽ പരാതി ഉള്ളവർക്ക് കമ്പനിയുടെ നോഡൽ ഉദ്യോഗസ്ഥനെയോ കലക്ടറെയോ അറിയിക്കാവുന്നതാണ്. പരാതികളിൽ പരിഹാരം തേടുന്നതിന് ഇൻഷുറൻസ് ഓംബുഡ്‌സ്മാന്റെ സേവനവും ഉപകാരപ്പെടുത്താം. 

 

സമയബന്ധിത നടപടികൾ 

നഷ്ടം സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികൾക്ക് വിവരം നൽകിയാൽ 72 മണിക്കൂറിനുള്ളിൽ സർവേയറെ നിയമിക്കേണ്ടതും 48 മണിക്കൂറിനുള്ളിൽ സർവേയർമാർ തങ്ങളുടെ പ്രവർത്തനം ആരംഭിക്കേണ്ടതുമാണ്. സർവേയർമാർ ഇടക്കാല റിപ്പോർട്ട് 15 ദിവസത്തിനുള്ളിലും അന്തിമ റിപ്പോർട്ട് 30 ദിവസത്തിനുള്ളിലും നൽകണം. സർവേ റിപ്പോർട്ട് ലഭിച്ചശേഷം, ക്ലെയിം തുക വിതരണം ചെയ്യാൻ 30 ദിവസത്തിലേറെ കാലതാമസം ഉണ്ടായാൽ ബാങ്കുകൾ നൽകുന്ന പലിശ നിരക്കിൽനിന്ന് 2% ഉയർന്ന നിരക്കിൽ പിഴപ്പലിശ നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്. പോളിസി ഉടമ അധികമായി രേഖകളോ തെളിവുകളോ നൽകേണ്ടതുണ്ടെങ്കിൽ ക്ലെയിം ഉയർത്തി 7 ദിവസത്തിനുള്ളിൽ ആവശ്യമുള്ള എല്ലാ വിവരങ്ങളും കൂടി ഒരുമിച്ച് ആവശ്യപ്പെടേണ്ടതാണ്. 

 

പോളിസി നഷ്ടപ്പെട്ടവർ 

പ്രളയക്കെടുതിയിൽ പോളിസികൾ തന്നെ പലർക്കും നഷ്ടപ്പെട്ടിട്ടുണ്ട്. മിക്ക ജനറൽ ഇൻഷുറൻസ് പോളിസികളും ഡിജിറ്റൽ പോളിസികളായതിനാൽ, ക്ലെയിം സമർപ്പിക്കാനായി ഒറിജിനൽ പോളിസി പേപ്പറുകൾ ആവശ്യമായി വരുന്നില്ല. പോളിസി ഉടമയുടെ പേര്, അഡ്രസ് എന്നിവ ഉപയോഗിച്ച് കമ്പനിയുടെ വിവരശേഖരത്തിൽനിന്ന് പോളിസികൾ കണ്ടെത്താവുന്നതാണ്. 

വാഹന പോളിസികളിൽ വണ്ടി നമ്പർ നൽകിയാൽ മതിയാകും. ബാങ്കുകളിൽനിന്ന് വായ്പ എടുത്തിട്ടുള്ളവർക്ക് വായ്പയുമായി ബന്ധപ്പെട്ട പോളിസികളുടെ വിവരങ്ങൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനാകും.

വിവരങ്ങൾക്ക് കടപ്പാട്- സി.എസ് രഞ്ജിത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com