ADVERTISEMENT

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിരവധി വീടുകൾ തകർന്നപ്പോൾ അതിവേഗം പുനരധിവാസം സാധ്യമാക്കിയതിൽ ജിപ്സം പാനൽ വീടുകൾ വഹിച്ച പങ്കു ചെറുതല്ല. ഈ വർഷം വീണ്ടും പ്രളയമെത്തിയപ്പോൾ മലയാളികളുടെ ഭവനസങ്കൽപത്തിൽ നിർണായക സ്വാധീനമായി മാറുകയാണ് ഈ നിർമാണവസ്തു. കുപ്പയിലെ മാണിക്യം എന്നു പറയുന്നതു പോലെയാണ് ജിപ്സത്തിന്റെ കാര്യം. വ്യാവസായിക മാലിന്യമായി ഒരിക്കൽ ഫാക്ടറികളിൽ കുന്നുകൂടി കിടന്നിരുന്ന ജിപ്സത്തെ അതിവേഗത്തിലും കുറഞ്ഞ ചെലവിലും വീടുകൾ നിർമ്മിക്കാനുള്ള സാമഗ്രിയായി മാറ്റിയത് ചെന്നൈ ഐഐടിയിലെ ഗവേഷണ വിദ്യാർഥികളായിരുന്നു. ഒരു വീടിന്റെ മിക്ക ഭാഗങ്ങളും (സീലിങ്, ഫ്ലോർ, സ്റ്റെയർ, റൂഫ്) ഇതുവഴി നിർമിക്കാം എന്ന വിപ്ലവകരമായ കണ്ടുപിടിത്തമായിരുന്നു അത്. അതോടെ ആർക്കും വേണ്ടാതെ കിടന്ന ജിപ്സത്തിനു ഇപ്പോൾ സെലിബ്രിറ്റി പദവിയാണ് നിർമാണമേഖലയിൽ.

ദിവസങ്ങൾക്കുള്ളിൽ വീടുപണി തീർക്കാം എന്നതാണ് ജിഎഫ്ആർജി പാനലിന്റെ ഏറ്റവും പ്രധാന സവിശേഷത. ജോലി സമയം കുറവാണെന്നതിനാൽ പണിക്കൂലി ഇനത്തിലും ഗണ്യമായ ലാഭം നേടാൻ കഴിയും. 

 

എന്താണ് ജിഎഫ്ആർജി പാനൽ?

ഗ്ലാസ് ഫൈബർ റീഇൻഫോഴ്സ് ജിപ്സമെന്നതാണ് GFRGയുടെ പൂർണരൂപം. ബ്രിക്കിനു പകരം ഗ്ലാസ് ഫൈബർ റീഇൻഫോഴ്സ്ഡ് ജിപ്സം ഉപയോഗിച്ചതിനാലാണ് ഈ നിർമാണരീതിക്ക് ജിഎഫ്ആർജി എന്ന പേരു വന്നത്. 

‘റാപിഡ് വോൾ’ എന്നറിയപ്പെടുന്ന അതിവേഗ ഭിത്തി നിർമാണത്തിന് ഉപയോഗിക്കുന്ന ‘പ്രീ ഫാബ്രിക്കേറ്റഡ് ലോഡ് ബെയറിങ് പാനൽ’ ആണ് ജിഎഫ്ആർജി. ഫാക്ടിന്റെ കൊച്ചി അമ്പലമുകളിലുള്ള ഫാക്ടറിയിലാണ് ജിഎഫ്ആർജി വോൾ പാനൽ നിർമിക്കുന്നത്. 12 മീറ്റർ നീളവും മൂന്നു മീറ്റർ പൊക്കവുമാണ് പാനലിനുള്ളത്. 124 എംഎം അതായത് അഞ്ച് ഇഞ്ച് ആണ് കനം. ഇത്തരത്തിലുള്ള ഒരു പാനലിന് 1.6 മെട്രിക് ടൺ ആണ് ഭാരം. ഏത് അളവിലും പാനൽ മുറിച്ച് ലഭിക്കും. സ്ക്വയർ മീറ്ററിന് ഏകദേശം 999 രൂപയാണു വില. ഒരു പാനലിന് ഏകദേശം 36,000 രൂപ വില വരും. 

 

നിർമാണം ഇങ്ങനെ

അടിത്തറയ്ക്കുമേൽ അങ്ങിങ്ങായി കമ്പികൾ ഉയർന്നു നിൽക്കുന്ന രീതിയിൽ കോൺക്രീറ്റ് ബെൽറ്റ് നിർമിച്ച ശേഷം ക്രെയിനിന്റെ സഹായത്തോടെ ജിഎഫ്ആർജി പാനൽ ബെൽറ്റിന് മുകളിലേക്ക് എടുത്തു വച്ചാണ് ഭിത്തി തയാറാക്കുന്നത്. പാനലിനുള്ളിലേക്കു കമ്പി കടന്നിരിക്കുന്ന ക്യാവിറ്റിയിൽ കോൺക്രീറ്റ് നിറച്ച് ബലപ്പെടുത്തുന്നു. 

ഉള്ളു പൊള്ളയായ ജിഎഫ്ആർജി പാനലിനുള്ളിൽ ചെറിയ കോൺക്രീറ്റ് ലിന്റൽ നൽകി അതിനു താഴെയാണ് വാതിലും ജനലും പിടിപ്പിക്കുന്നത്. 

തട്ടടിച്ച് സപ്പോർട്ട് നൽകിയ ശേഷം അതിനു മുകളിലേക്ക് ക്രെയിൻ ഉപയോഗിച്ച് പാനൽ ഇറക്കി വച്ചാണ് മേൽക്കൂര നിര്‍മിക്കുന്നത്. 

പാനൽ നിരത്തിയശേഷം അതിനു മുകളിൽ രണ്ടിഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നതോടെ മേൽക്കൂരയുടെ ഫിനിഷിങ് ജോലികളും പൂർത്തിയാകുന്നു. 

 

സവിശേഷതകൾ ഒറ്റനോട്ടത്തിൽ 

1. ജിഎഫ്ആർജി പ്രീഫാബ്രിക്കേറ്റഡ് പാനലുകൾ ആവശ്യമായ അളവിൽ കട്ടു ചെയ്തെടുക്കാൻ സാധിക്കുന്നവയാണ്. മുറിയുടെ വലുപ്പം, ഡോറിനും വിൻഡോകൾക്കും വേണ്ടി വരുന്ന ഓപ്പണിങ്ങുകൾ എന്നിവ പരിഗണിച്ച് ആവശ്യാനുസരണം ഇവ മുറിച്ചെടുക്കാം.

2. സിമന്റ്, മണൽ, സ്റ്റീൽ തുടങ്ങിയ നിർമാണസാമഗ്രികളോ വെള്ളമോ അധികം വേണ്ട. പ്ലാസ്റ്ററിങ്ങിന്റെയും ആവശ്യമില്ല.

 3. പ്ലാസ്റ്ററിങ് ഇല്ലാതെ തന്നെ നല്ല ഫിനിഷിങ് നൽകുന്ന ഈ ജിഎഫ്ആർജി പാനലുകൾ ചുമരുകൾക്കും ഫ്ളോറിനും സ്റ്റെയർ കേസിനും റൂഫിനുമെല്ലാം ഒരു പോലെ ഉപയോഗിക്കാം.അധികം ബിൽഡ് അപ്പ് ഏരിയ ആവശ്യമായി വരുന്നില്ല.

4. ബീമുകളും കോളങ്ങളുമില്ലാതെ തന്നെ 8–10 വരെ നിലകൾ ഇതേ സാങ്കേതിക വിദ്യയിൽ ഒരുക്കാൻ സാധിക്കും. 

5. പ്ലാസ്റ്ററിങ് ഇല്ലാതെ തന്നെ നല്ല ഫിനിഷിങ് നൽകുന്ന ഈ ജിഎഫ്ആർജി പാനലുകൾ ചുമരുകൾക്കും ഫ്ളോറിനും സ്റ്റെയർ കേസിനും റൂഫിനുമെല്ലാം ഒരു പോലെ ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com