ADVERTISEMENT

കേരളം പോലെ മഴയും വെയിലും കൂടുതലുള്ള സ്ഥലത്ത് തേയ്ക്കാത്ത വീടുകൾ അത്ര പ്രായോഗികമല്ല എന്നു കരുതുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ, വീടുപണിയുടെ ഫിനിഷിങ് ഘട്ടത്തിൽ നല്ലൊരു തുക പ്ലാസ്റ്ററിങ്ങിനായി മാറ്റി വയ്ക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. മൊത്തം ചെലവിന്റെ പത്തു ശതമാനത്തോളം പണം പ്ലാസ്റ്ററിങ്ങിനായി ചെലവാകും.

 

പ്ലാസ്റ്ററിങ് ലാഭകരമാക്കാൻ

ഭിത്തി പ്ലാസ്റ്റർ ചെയ്യുമ്പോൾ പുറം ചുമരുകൾക്കു കൊടുക്കുന്ന കനം അകത്തെ ചുമരുകൾക്കു വേണമെന്നില്ല. പുറംചുമരുകൾ 12 മില്ലിമീറ്റർ കനവും അകംചുമരുകൾക്ക് 10 മില്ലിമീറ്റർ കനവും തന്നെ ധാരാളമാവും. ഇങ്ങനെ ചെയ്താൽ സിമന്റ്–മണൽ അനുപാതം കുറയ്ക്കാൻ സാധിക്കും. കൂടുതൽ കട്ടിങ്ങുകളും നിഷുകളും മറ്റുമുള്ള ഡിസൈനുകൾ ഒഴിവാക്കിയാൽ പ്ലാസ്റ്ററിങ്ങിന്റെ ചെലവു കുറയ്ക്കാം. കാരണം, ഇത്തരം ഡിസൈനുകളിൽ ഭിത്തിയുടെ ഏരിയ കൂടുന്നതനുസരിച്ച് ചെലവും കൂടും.

കോൺക്രീറ്റ് കഴിഞ്ഞാൽ കൂടുതൽ സിമന്റും മണലും ആവശ്യമുള്ളൊരു ഘട്ടമാണ് പ്ലാസ്റ്ററിങ്ങിന്റേത്. എന്നാൽ കോൺക്രീറ്റിന് ഉപയോഗിക്കുന്ന മണലും ഫാസ്റ്റ് സെറ്റിങ് ഗുണമുള്ള 53 ഗ്രേഡ് സിമന്റുമാണ് പ്ലാസ്റ്ററിങ്ങിന് നല്ലത്. സിമന്റിന്റെ നിറം ബ്രാൻഡുകൾക്ക് അനുസരിച്ച് നേരിയ രീതിയിൽ വ്യത്യാസപ്പെടാറുണ്ട്. ഇതൊഴിവാക്കാനായി ഒരേ തരം സിമന്റ് തന്നെ ഉപയോഗിക്കാം.

വീടിന്റെ ഉൾവശമാണ് ആദ്യം പ്ലാസ്റ്റർ ചെയ്യേണ്ടത്. വെട്ടുകല്ലുകൊണ്ട് ഭിത്തി പണിയുമ്പോൾ കല്ലിന്റെ ഒരു വശം ലെവൽ ചെയ്താണ് പണിയുന്നത്. ഇത് മിക്കപ്പോഴും പുറം ഭാഗമാവും. അപ്പോൾ ഉൾവശത്തെ ഭിത്തിയിൽ ലെവൽ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാനായി ഉൾവശത്തെ കല്ല് ചെത്തി ലെവൽ ചെയ്യേണ്ടതായി വരും. സിമന്റിന്റെ ഉപയോഗം കുറയ്ക്കാനും തേപ്പ് ലെവലാക്കാനും ഈ കല്ലുചെത്തൽ കൂടിയേ തീരൂ. അതു കൊണ്ട് കല്ലുചെത്തി ഭിത്തി ലെവലാക്കിയതിനുശേഷം വേണം പ്ലാസ്റ്റർ ചെയ്യുന്നത്.

 

പ്ലാസ്റ്റർ ചെയ്യുമ്പോൾ

തേപ്പിനു വേണ്ടിയുള്ള സിമന്റ് ഒരുക്കുമ്പോൾ ഒറ്റയടിക്കു മിക്സ് ചെയ്തെടുക്കരുത്. സിമന്റിന്റെ ഗുണം കുറയാനും കൂടുതൽ വേസ്റ്റ് വരാനും ഇതു കാരണമാകും. ഇത്തരം കാര്യങ്ങളിൽ വീട്ടുകാർ ശ്രദ്ധ പുലര്‍ത്തണം.

വീടിന്റെ ഓരോ ഭാഗവും പ്ലാസ്റ്റർ ചെയ്യാൻ ഓരോ തരം മിക്സാണ് ഉപയോഗിക്കുന്നത്. റൂഫിനു തൊട്ടു താഴെയായി വരുന്ന ഭാഗത്ത് പ്ലാസ്റ്റർ ചെയ്യാനാണ് ഏറ്റവും മികച്ച മിക്സ് വേണ്ടത്. 1:4 എന്ന സിമെന്റ് മണൽ അനുപാതമാണ് ഇതിന് ഉപയോഗിക്കുന്നത്. പുറംഭിത്തി പ്ലാസ്റ്ററിങ്ങിന് 1:5 എന്ന കുറഞ്ഞ മിക്സ് മതി. വീടിനകത്തെ ഭിത്തിക്ക് ഈ അനുപാതം 1:6 ആണ്. ചെരിഞ്ഞ വാർക്കയുടെ മുകളിൽ വാട്ടർ പ്രൂഫ് ചെയ്യാനായി പ്ലാസ്റ്റർ ചെയ്യുമ്പോൾ 1:3 എന്ന അനുപാതമാണു നല്ലത്.

വീടിന്റെ ഉൾവശം പ്ലാസ്റ്റർ ചെയ്യുമ്പോൾ പ്ലാസ്റ്ററിനൊപ്പം സാന്ദ്രത കുറഞ്ഞ ചാന്തു പൂശി മിനുസപ്പെടുത്തിയെടുക്കാം. നല്ല ഫിനിഷ് നൽകുന്നതിനൊപ്പം പെയിന്റ് ചെയ്യുമ്പോൾ പുട്ടിയുടെ ചെലവ് കുറയ്ക്കാനും ഇതു സഹായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com