sections
MORE

ഓരോ വറ്റ് ചോറിലും ഈ സ്ത്രീകൾ നന്ദിയോടെ സ്മരിക്കുന്നു, ഈ അധ്യാപകനെ!

sayid-solarman-gujrat
SHARE

ഗുജറാത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ ഒട്ടുമിക്കവരും കൃഷിയിടങ്ങളില്‍ പണിക്ക് പോകുന്നവരാണ്. അതിരാവിലെ ഉണര്‍ന്നു വീട്ടിലെ പണികള്‍ തീര്‍ത്ത്‌ കൃഷിയിടത്തിലേക്ക് പോകുന്ന അവര്‍ പിന്നെ തിരികെ വരിക ഉച്ചയ്ക്ക് ചോറ് കഴിക്കാനാണ്. അങ്ങനെ അന്നത്തിനു മുന്നില്‍  വന്നിരിക്കുമ്പോള്‍ അവര്‍ നന്ദിയോട് സ്മരിക്കുന്ന ഒരു പേരാണ് അൽ സുബൈർ സയിദിന്റെത്.

ഗുജറാത്തില്‍ ഗ്രാസ്റൂട്ട് ഇന്നോവേഷന്‍ നെറ്റ്‌വർക്ക് എന്ന കമ്പനിയുടെ മാനേജര്‍ കൂടിയാണ് സയിദ്. എന്നാല്‍ എങ്ങനെയാണ് ഇദ്ദേഹം ഗുജറാത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ രക്ഷകനായത് ?

വെറും അമ്പതു രൂപ മുതല്‍ നൂറുരൂപ വരെ മാത്രം ചിലവ് വരുന്ന സോളര്‍ കുക്കറുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയാണ്‌ ഇദ്ദേഹം പ്രശസ്തനാകുന്നത്. തടി, ചാണകം ഉണക്കിയത് എന്നിവയായിരുന്നു ഗുജറാത്തിലെ ഗ്രാമങ്ങളിലെ ജനങ്ങള്‍   ആഹാരം പാകം ചെയ്യാന്‍ ഉപയോഗിച്ചിരുന്നത്. ഇതിലെ പുകയും പൊടിയും ആരോഗ്യത്തിനു ദോഷകരമാണ്. ഒപ്പം വായുമലിനീകരണവും ഉണ്ടാക്കുന്നു.

എന്നാല്‍ നല്ലൊരു സോളര്‍ കുക്കര്‍ വാങ്ങാന്‍ ആയിരം രൂപ എങ്കിലും ആവശ്യം വരുന്നുണ്ട്. അന്നന്നത്തെ ചിലവിനുള്ള പണം കണ്ടെത്താന്‍ വിഷമിക്കുന്ന സാധാര്‍ണക്കാര്‍ക്ക് ഇത് ചിലപ്പോള്‍ സാധിച്ചെന്നു വരില്ല. ഇവിടെയാണ്‌ സായിദ് തന്റെ ആശയവുമായി രംഗത്ത് വന്നത്. 

മുന്‍പ് ഒരു കോളേജില്‍ അധ്യാപകനായിരുന്നു സായിദ്.  സോളര്‍ എനര്‍ജി എങ്ങനെയൊക്കെ നന്നായി ഉപയോഗിക്കാം എന്നതിലായിരുന്നു അന്ന് മുതല്‍ അദ്ദേഹത്തിന്റെ താല്പര്യം. അങ്ങനെ അധ്യാപനം വിട്ടു ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആയിരം രൂപ മുതല്‍  11,000 രൂപ വരെയുള്ള കുക്കര്‍ ഉണ്ട്. പക്ഷേ സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഇതൊന്നും വാങ്ങാന്‍ പറ്റാറില്ല. അതിരാവിലെ പണിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അടുക്കളയില്‍ തീയും പുകയും കൊണ്ട് സകലജോലികളും തീര്‍ത്ത്‌ വച്ച് പോയാല്‍ മാത്രമാണ് ഉച്ചയ്ക്ക് കുടുംബത്തിനുള്ള ആഹാരം സമയത്ത് നല്‍കാന്‍ സാധിക്കുക.  

ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കും  ചെറുപ്പക്കാര്‍ക്കും ചെലവ് കുറഞ്ഞ രീതിയില്‍ സോളര്‍ കുക്കര്‍ നിര്‍മ്മാണം അദ്ദേഹം പഠിപ്പിച്ചു കൊടുത്തു. ഷാരോണ്‍ ക്ളോസന്നിന്റെ കോപ്പന്‍ഹേഗന്‍ സോളര്‍ കുക്കര്‍ മോഡല്‍ ആണ് സായിദ് അവലംബിച്ചത്.  സോളര്‍ പവര്‍ ഉപയോഗിക്കാനും അതിന്റെ ഗുണങ്ങളെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കാന്‍ സായിദ് നൂറുകണക്കിന് ഗ്രാമങ്ങളില്‍ യാത്ര ചെയ്തു.  പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്‌ , വേസ്റ്റ് വസ്തുക്കള്‍, അലുമിനിയം ഫോയില്‍ ,സ്റ്റീല്‍ പാത്രം  എന്നിവ എല്ലാം കൊണ്ടായിരുന്നു കുക്കര്‍ നിര്‍മ്മാണം. ദാല്‍ , പച്ചകറികള്‍ ,ചോറ് അങ്ങനെ എന്തും ഈ കുക്കറില്‍ ഉണ്ടാക്കാം. അഞ്ചോ ആറോ പേര്‍ക്ക് മൂന്നു മണിക്കൂര്‍ കൊണ്ട് ഇതില്‍ പാകം ചെയ്യാം. നാലുവർഷം വരെ  ഒരു കേടും കൂടാതെ ഈ കുക്കര്‍ പ്രവര്‍ത്തിക്കും.  ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ‘UN V-Award 2018’സായിദ് കഴിഞ്ഞവട്ടം സ്വന്തമാക്കിയിരുന്നു. ഇനിയും തന്റെ [പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സായിദിന്റെ ആഗ്രഹം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA