sections
MORE

പ്രളയത്തിൽ വീട് പോയവർക്ക് താൽക്കാലിക കിടപ്പാടം നിർമിച്ചു നൽകി ഒരു വൈദികൻ; നല്ല മാതൃക

fr.shibu-house-wayanad
SHARE

ഇക്കഴിഞ്ഞ പ്രളയത്തിലും ഉരുൾപൊട്ടലിലും കേരളത്തിൽ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചത് വയനാട്, മലപ്പുറം ജില്ലകളിലാണ്. വയനാട്ടിലെ മേലങ്ങാടി, മണിവയൽ, മീനങ്ങാടി തുടങ്ങിയ പിന്നാക്ക പ്രദേശങ്ങളിൽ നിരവധി വീടുകൾ തകർന്നു പാവങ്ങൾ ഭവനരഹിതരായ സമയം. സർക്കാരിൽ നിന്നുള്ള സഹായം ലഭിച്ച് പുതിയ വീടുകൾ ലഭിക്കുന്നത് വരെ ഇവരെ പുനരധിവസിപ്പിക്കുന്നത് വെല്ലുവിളിയായി. ആ സമയത്താണ്, വയനാട്ടിലെ കൃപാലയം ഗൈഡൻസ് സെന്ററിന്റെ ഡയക്ടറും ബത്തേരി മാടക്കര സ്വദേശിയുമായ ഫാദർ. ഷിബുവും സംഘവും  ഇവർക്ക് ഇടക്കാല കിടപ്പാടങ്ങൾ നിർമിച്ചു നൽകാൻ രംഗത്തെത്തിയത്.

ഇടക്കാല കിടപ്പാടങ്ങൾ...

half-lakh-house

വീടുകൾ നഷ്ടപ്പെട്ട സ്വന്തം ഭൂമിയുള്ള 17 കുടുംബങ്ങൾക്ക് പുതിയ വീടുകൾ ലഭിക്കുന്നതു വരെ താമസിക്കാനുള്ള ഇടക്കാല കിടപ്പാടങ്ങളാണ് വിഭാവനം ചെയ്തത്. 200 ചതുരശ്രയടിയിൽ ഒരു ഹാളും അടുക്കളയുമുള്ള ചെറു കിടപ്പാടങ്ങളാണ് നിർമിച്ചത്. ജിഐ കൊണ്ട് ഇൻഡസ്ട്രിയൽ വർക്ക് ചെയ്താണ് ഭിത്തികൾ ഉറപ്പിച്ചത്. ഇതിനു മുകളിൽ ട്രഫോൾഡ് ഷീറ്റ് വിരിച്ചു മേൽക്കൂര ഒരുക്കി. 

ഏകദേശം 53000 രൂപയാണ് ഒരു വീടിനു ചെലവ് വന്നത്. ഒരാഴ്ച കൊണ്ട് 4 വീടുകൾ വീതം നിർമിക്കാൻ കഴിഞ്ഞു. ഇപ്പോൾ 17 വീടുകൾ പൂർത്തിയാക്കി കൈമാറി. എന്റെ സഹോദരന്റെ മകൻ അജിസൻ ആണ് പ്ലാൻ വരച്ചത്. ഇൻഡസ്ട്രിയൽ വർക്ക് ചെയ്യുന്ന ജോബിയാണ് വീടിന്റെ നിർമാണം ഏറ്റെടുത്തത്. ഇതുകൂടാതെ വയനാട് പുൽപള്ളിയിൽ, പ്രളയനാന്തരം പുതിയ വീടുകൾ ലഭിച്ച 11 കുടുംബങ്ങൾക്ക് വാട്ടർ കണക്‌ഷൻ എടുത്തുനൽകുകയും ചെയ്തു. 

water-connection

സാമ്പത്തികം...

പുത്തുമലയിൽ ഉരുൾപൊട്ടൽ ഉണ്ടായ സമയം, ചെലവ് കുറഞ്ഞ താൽകാലിക കിടപ്പാടങ്ങൾ നിർമിച്ചു നൽകാനുള്ള പദ്ധതി അറിയിച്ചു കൊണ്ട് ഞാൻ ഒരു ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. മികച്ച പ്രതികരണമാണ് അതിനു ലഭിച്ചത്. നിരവധി അഭ്യുദയകാംക്ഷികൾ ധനസഹായം നൽകി. അങ്ങനെ ഒരു ടീം വർക്കിന്റെ വിജയമാണിത്.  അച്ചൻ പറയുന്നു.

തുടരുന്ന പ്രവർത്തനങ്ങൾ..

ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമാണ് അച്ചൻ. അതിന്റെ ഏറ്റവും മികച്ച മാതൃകയായി അച്ചന്റെ ശരീരത്തിൽ ഒരു മുറിപ്പാടുണ്ട്. സ്വന്തം വൃക്ക ദാനം ചെയ്തതിന്റെയാണത്! കാൻസർ, വൃക്ക രോഗികൾ എന്നിവരുടെ പുനരധിവാസത്തിനും അച്ചനും കൂട്ടരും സഹായമേകുന്നു. വയനാട് മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസസൗകര്യവും പിന്തുണയും നൽകുന്ന സ്ഥാപനമാണ് കൃപാലയം ഗൈഡൻസ് സെന്റർ.

വയനാട്ടിലെ പുതുമലയിൽ ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് സ്ഥിരമായി താമസിക്കാൻ പാകത്തിലുള്ള കുറച്ചു വീടുകൾ നിർമിച്ചു നൽകാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് ഇപ്പോൾ അച്ചനും സംഘവും.

ചെറിയ പ്രവൃത്തി എങ്കിലും, ആവശ്യത്തിൽ ഇരിക്കുന്നവരെ സഹായിക്കാൻ അച്ചനും കൂട്ടരും കാണിച്ച മനസ്സിന് നിരവധി പേർ ഇപ്പോൾ അഭിനന്ദങ്ങളുമായി എത്തുന്നുണ്ട്...സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവർക്ക് മാതൃകയാക്കാം ഈ മനോഭാവം... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA