sections
MORE

അന്ന് ഹൃദയത്തിൽ പതിഞ്ഞ ചിത്രം; ഇന്ന് നഷ്ടപരിഹാരം ലഭിക്കാതെ ഉടമ

viral-house-flood
SHARE

മുഖ്യമന്ത്രി പിണറായി വിജയൻ 2019ലെ പുതുവത്സര ആശംസാ കാർഡിൽ പ്രളയാതിജീവനത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തിയ വീടിന്റെ ഉടമയ്ക്ക് ഒരു വർഷത്തിലേറെ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും പ്രളയ നഷ്ടപരിഹാരം കിട്ടിയില്ല. ഉടുമുണ്ടു കീറിയുണ്ടാക്കിയ വെള്ള അക്ഷരങ്ങളിൽ ടെറസിനു മുകളിൽ ‘താങ്ക്സ്’ എന്നു രേഖപ്പെടുത്തിയ ഈ വീടിന്റെ ചിത്രം ലോകമെങ്ങും തരംഗമായിരുന്നു. 

കിഴക്കേ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി സുന്ദരവിലാസത്തിൽ ധനപാലാണ്‌ പ്രളയജലത്തിൽ നിന്ന് ആളുകളെ ഹെലികോപ്റ്ററിൽ രക്ഷിച്ച നാവിക സേനാംഗങ്ങൾക്കുള്ള നന്ദി എന്ന നിലയിൽ ഇംഗ്ലിഷിൽ ഇങ്ങനെ കുറിച്ചത്. നാവികസേന അതു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ ധനപാലിന് 8 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. എന്നാൽ, ഉദ്യോഗസ്ഥരുടെ മുൻപിൽ വെള്ളം കയറിയതു തെളിയിക്കാനാകാതെ താൻ തോറ്റമ്പിയെന്ന് അദ്ദേഹം പറയുന്നു. 

ധനസഹായം തേടി ധനപാൽ നൽകിയ അപേക്ഷകൾ ഓരോരോ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ തള്ളി. കൊച്ചിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്‌ ധനപാൽ. വെള്ളപ്പൊക്കത്തിനു ശേഷം ഇടപ്പള്ളിയിൽ വാടകയ്ക്കു താമസിക്കുകയാണ്. ഭിത്തികളുടെ വിള്ളലും വയറിങ് തകരാറും പരിഹരിക്കാൻ കഴിയാത്തതിനാൽ സ്വന്തം വീട്ടിലേക്കു മടങ്ങാൻ കഴിഞ്ഞിട്ടില്ല. കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫിസിലെയും കലകട്റേറ്റിലെയും ഉദ്യോഗസ്ഥരാണ് തന്നെ നിരാശപ്പെടുത്തിയതെന്നു ധനപാൽ പറഞ്ഞു. പ്രളയജലം ഇറങ്ങിയപ്പോൾ ശുചീകരണത്തിനു നാട്ടിൽ എല്ലാവർക്കും അനുവദിച്ച 10,000 രൂപ മാത്രമേ കിട്ടിയുള്ളൂ. പ്രളയം കഴിഞ്ഞപ്പോൾ റവന്യു വകുപ്പു ചുമതലപ്പെടുത്തിയ 3 ഗ്രൂപ്പുകൾ വീട്ടിലെത്തി പരിശോധിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു. 

letter
ധനപാലിന്റെ വീടിന്റെ ചിത്രമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസാ കാർഡ്.

ആനുകൂല്യങ്ങൾ നിഷേധിക്കാൻ വിചിത്രമായ കാരണങ്ങളാണ് അധികൃതർ ധനപാലിനോടു പറഞ്ഞത്. വീടിനു പ്രത്യേകം പേരില്ല എന്നാണ് ആദ്യം പറഞ്ഞത്. വീടിനു പേരില്ലെങ്കിലും പ്രത്യേകം വീട്ടു നമ്പർ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോൾ ധനപാലിനു സ്വന്തമായി റേഷൻ കാർഡില്ല എന്നായി ഉദ്യോഗസ്ഥർ. 

flood-family
ധനപാലും കുടുംബവും.

മാതാപിതാക്കളുടെ കാർഡിൽ നിന്നു തന്റെ പേരു വേർപെടുത്തി ധനപാൽ പുതിയ റേഷൻ കാർഡുണ്ടാക്കി. അതുമായി ചെന്നപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞതു ‘നേരത്തേ തള്ളിയ അപേക്ഷ വീണ്ടും പരിഗണിക്കില്ലെ’ന്നാണ്. പെരിയാറിനോടു ചേർന്നുള്ള ഒറ്റനില വീടാണ് ധനപാലിന്റേത്. ഇവിടെ 12 അടി ഉയരത്തിൽ വെള്ളം ഉയർന്നു സർവവും നശിച്ചിരുന്നു. വെള്ളത്തിലൂടെ നീന്തിയെത്തിയ അച്ഛൻ ഗോപാലകൃഷ്ണൻ നായർ അഴിച്ചിട്ട ഡബിൾ മുണ്ടു കീറിയാണ് ഇതര സംസ്ഥാനക്കാരായ നാവിക സേനാംഗങ്ങൾക്കു കൂടി മനസ്സിലാകാൻ ഇംഗ്ലിഷിൽ നന്ദി രേഖപ്പെടുത്തിയത്. ധനപാലും കുടുംബവും ഹെലികോപ്റ്ററിലല്ല രക്ഷപ്പെട്ടത്. പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു വള്ളത്തിലാണ് രക്ഷിച്ചത്. എന്നാൽ, സമീപത്തെ വയോധികരടക്കം ഒട്ടേറെപ്പേരെ എയർലിഫ്റ്റ് ചെയ്യുന്നതു നേരിൽ കണ്ടിരുന്നു. ടെറസിനു മുകളിൽ ധനപാൽ താങ്ക്സ് എന്നു കുറിച്ചതു ‘മുകളിലുള്ളവനെ’ കൂടി മനസ്സിൽ വച്ചായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA