ADVERTISEMENT

വൈദ്യുതിക്കായി സൗരോർജത്തെ കൂട്ടുപിടിച്ചാൽ പവർകട്ടിനെ പേടിക്കേണ്ട. മാത്രമല്ല, വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിച്ചാൽ വൈദ്യുതി ചാർജ് കുറയ്ക്കുകയും ചെയ്യാം. പാനലുകൾ സ്ഥാപിക്കാൻ തുടക്കത്തിൽ ചെലവ് അൽപം വരുമെങ്കിലും പിന്നീട് പ്രത്യേകിച്ച് ചെലവൊന്നുമില്ല. ദീർഘകാലാടിസ്ഥാനത്തിൽ ലാഭവുമാണ്. ഇൻവർട്ടർ വച്ചാൽ മുതൽ മുടക്ക് മാത്രമല്ല, ചാർജ് ചെയ്യാനുള്ള വൈദ്യുതിക്കും പണമടയ്ക്കണം.

സൗരോർജത്തെ വൈദ്യുതിയാക്കി മാറ്റാൻ സോളാർ പാനലുകൾ സഹായിക്കുന്നു. സൂര്യപ്രകാശം വൈദ്യുതിയാക്കി മാറ്റി ബാറ്ററിയിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. ബാറ്ററിയിൽ ശേഖരിക്കാതെ നേരിട്ട് സർക്യൂട്ടിലേക്കോ ഗ്രിഡിലേക്കോ കണക്ട് ചെയ്യുകയുമാകാം.

പുതിയ വീടുകളിലും നിലവിലുള്ള വീടുകളിലും സോളാർ ഇലക്ട്രിഫിക്കേഷൻ സിസ്റ്റം ഏർപ്പെടുത്താം. സൗരോർജ വൈദ്യുതികൊണ്ട് പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ ആകെ കണക്ടഡ് ലോഡ് കണ്ടെത്തുകയാണ് ഇതിന്റെ ആദ്യപടി. അതിനുശേഷം ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പാനലുകൾ പിടിപ്പിക്കണം. ഇതുകൂടാതെ ചാർജ് കൺട്രോളർ, ബാറ്ററി, ഇൻവർട്ടർ, കേബിൾ എന്നിവയാണ് സോളാർ സിസ്റ്റത്തിന് ആവശ്യമായി വരുന്ന മറ്റ് സാധനങ്ങൾ. മേൽക്കൂരയിൽ സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന സ്ഥലത്താണ് സോളാർ പാനൽ പിടിപ്പിക്കേണ്ടത്.

വീടിന്റെ മുറ്റവും പൂന്തോട്ടവുമൊക്കെ ലൈറ്റ് അപ് ചെയ്യുന്നതിന് സോളാർ ലൈറ്റുകൾ അനുയോജ്യമാണ്. ഇവ പ്രവർത്തിക്കാൻ പുറമേനിന്ന് വൈദ്യുതി ആവശ്യമില്ല. അതിനാൽ വയറിങ് നടത്തേണ്ട. ഓട്ടമാറ്റിക് ലൈറ്റ് സെൻസർ ഉള്ളതുകൊണ്ട് രാത്രിയിൽ ലൈറ്റ് തനിയെ തെളിയുകയും സൂര്യനുദിക്കുമ്പോൾ അണയുകയും ചെയ്യും. സ്വിച്ച് ഇടേണ്ട ആവശ്യമില്ല.

വീടുകളിൽ സൗരോർജം ഉപയോഗിക്കുന്നതിന് സർക്കാർ സഹായം നൽകുന്നുണ്ട്. സർക്കാർ സ്ഥാപനമായ അനർട്ടിന്റെ (Agency for Non-conventional Energy and Rural Technology) സേവനങ്ങൾ സ്വീകരിച്ചാൽ സബ്സിഡി ലഭിക്കുന്നതാണ്. പവർകട്ടിന്റെ സമയത്ത് ഏറെ ആവശ്യം വരുന്ന സൗരറാന്തൽ ലഭ്യമാണ്. എൽഇഡിയും സിഎഫ്എല്ലും കിട്ടും. 

ഡിസിയിൽ പ്രവർത്തിക്കുന്ന ഹോംലൈറ്റിങ് സിസ്റ്റവുമുണ്ട്. രണ്ട് ലൈറ്റ്, ഒരു ഫാൻ എന്നിവ പ്രവർത്തിപ്പിക്കാം. എൽഇഡിക്ക് എട്ട് മീറ്ററും സിഎഫ്എല്ലിന് 10 മീറ്ററും നീളമുള്ള വയർ പാനലിനോട് ബന്ധിപ്പിച്ചിട്ടുണ്ട്. പാനൽ മഴ നനഞ്ഞാലും കുഴപ്പമില്ല. വയർ വീടിനുള്ളിലേക്ക് ഇട്ട് പ്ലഗ് ചെയ്യണം ഓട്ടോമാറ്റിക് ആയി ബാറ്ററി ചാർജ് ആയിക്കൊള്ളും.

 

solar-roof

നേരിട്ട് വൈദ്യുതി ലൈനിലേക്ക്

റൂഫ് ടോപ് സോളാർ സിസ്റ്റമാണ് മറ്റൊന്ന്. ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് വീടിനു മുകളിലാണ് പിടിപ്പിക്കുന്നത്. ഇത് എസി രീതിയിൽ പ്രവർത്തിക്കുന്നു. ലൈറ്റ്, ഫാൻ, കംപ്യൂട്ടർ, ടിവി എന്നിവ പ്രവർത്തിപ്പിക്കാം. സാധാരണ വെയിൽ കിട്ടിയാൽ കുറഞ്ഞത് മൂന്ന് യൂണിറ്റ് വൈദ്യുതി കിട്ടും. 

800 വാട്ട് ലോഡ് ചെയ്താൽ ആറ് മണിക്കൂര്‍, 200 വാട്ടിന് 24 മണിക്കൂര്‍, 400 വാട്ടിന് 12 മണിക്കൂര്‍ പ്രവർത്തനശേഷിയുണ്ട്. ഇതിന് കെഎസ്ഇബിയുമായി ബന്ധപ്പെട്ട് മീറ്റർ ഘടിപ്പിച്ച് സീൽ വച്ചാൽ, ഉപയോഗിക്കുന്ന ഒരു യൂണിറ്റിന് നിശ്ചിത തുക  കെഎസ്ഇബിയിൽനിന്ന് തിരികെ ലഭിക്കും. ഇത് സ്ഥാപിക്കുന്നതിന് നിശ്ചിത തുക അടച്ച് റജിസ്റ്റർ ചെയ്താൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അംഗീകരിച്ച സ്ഥാപനങ്ങളുടെ പട്ടിക നൽകും. ഇവരെ ഏൽപിച്ചാൽ സബ്സിഡി കഴിച്ചുള്ള തുക നൽകിയാൽ മതി.

രണ്ട് കിലോവാട്ട് മുതൽ 50 കിലോവാട്ട് വരെ ഗ്രിഡിലേക്ക് നേരിട്ട് കണക്ട് ചെയ്യാവുന്ന പാനൽ സംവിധാനവുമുണ്ട്. റജിസ്റ്റർ ചെയ്തതിനുശേഷം കെഎസ്ഇബിയിൽനിന്ന് സമ്മതപത്രം വാങ്ങണം. ശേഷം, എംപാനൽ ലിസ്റ്റില്‍നിന്നുള്ള സ്ഥാപനങ്ങളെ ഏൽപിക്കാം. 

സൗരോർജത്തെ വൈദ്യുതി മാത്രമല്ല, താപമാക്കി മാറ്റാനും സാധിക്കും. സൗരോർജം വഴി വാട്ടർ ഹീറ്റർ പ്രവർത്തിപ്പിക്കാം. ഫ്ലാറ്റ് പ്ലേറ്റ് കളക്ടർ, ഇവാക്യുവേറ്റഡ് ട്യൂബ് കളക്ടർ എന്നിങ്ങനെ രണ്ട് സംവിധാനങ്ങളാണുള്ളത്. ഇവ രണ്ടിന്റെയും മെറ്റീരിയലുകളിൽ വ്യത്യാസമുണ്ട്. ഇവാക്യുവേറ്റഡ് ട്യൂബ് കളക്ടറിൽ ഗ്ലാസ് ആണുപയോഗിക്കുന്നത്. ഇതിന് വിലക്കുറവുണ്ട്. 

സൗരോർജം ഉപയോഗിച്ച് വെള്ളം ചൂടാക്കിയാൽ ഭക്ഷണാവശ്യങ്ങൾക്ക് തിളപ്പിക്കാൻ ഗ്യാസ് കുറച്ചു മതിയാകും. അനർട്ടിന്റെ വെബ്സൈറ്റ് സന്ദർശിച്ചാൽ സേവനങ്ങളെക്കുറിച്ചു മനസ്സിലാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com