ADVERTISEMENT

15 വർഷം മുൻപ് കാലാവസ്ഥാവ്യതിയാനം എന്താണെന്ന് ചോദിച്ചാല്‍ നമ്മളില്‍ പലര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍  ഇന്ന് കാലാവസ്ഥയിലെ വേലിയേറ്റങ്ങൾ കൊച്ചു കുട്ടികൾക്കുപോലും പരിചിതമാണ്. കാരണം ചൂടും തണുപ്പും മഴയും എല്ലാം ഇപ്പോൾ തീവ്രമാണ് നമ്മുടെ നാട്ടിൽ. പക്ഷേ അതിനപ്പുറം പ്രകൃതിയെ സംരക്ഷിക്കാന്‍ നമ്മള്‍ എന്താണ് ചെയ്യുന്നത് ? ഇവിടെയാണ്‌  ഉത്തർപ്രദേശ് സ്വദേശിനി ശ്രിതി പാണ്ഡെ വേറിട്ട്‌ ചിന്തിച്ചത്. 

ഗോരഖ്പൂരില്‍ ജനിച്ച ശ്രിതി എൻജിനീയറിങ്  പഠനശേഷം ആണ് ന്യൂയോര്‍ക്കില്‍ ഉന്നതവിദ്യാഭ്യാസത്തിനായി പോയത്.  അതിനുശേഷം ഉയര്‍ന്ന ശമ്പളത്തില്‍ ന്യൂയോര്‍ക്കില്‍ തന്നെ അവള്‍ക്ക് നല്ലൊരു ജോലിയും ലഭിച്ചു. ജീവിതം അങ്ങനെ സന്തോഷത്തോടെയും അഭിമാനത്തോടെയും പോകവേയാണ് ശ്രിതി 2016 ല്‍  ഇന്ത്യയിലേക്ക് വന്നത്. ആ വരവിലാണ് ഇന്ത്യയിലെ പരിസ്ഥിതി ചൂഷണത്തിന്റെ വ്യാപ്തി അവൾക്ക് ബോധ്യപ്പെട്ടത്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന മോഹം ഉള്ളിലുണ്ടായിരുന്ന ശ്രിതി പിന്നെ അമേരിക്കയിലേക്ക് പോയില്ല. അവളുടെ തീരുമാനത്തെ മാതാപിതാക്കള്‍ അഭിമാനത്തോടെ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ സമൂഹനന്മയ്ക്കും പ്രകൃതിക്കും വേണ്ടി ശ്രിതി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

മധ്യപ്രദേശിലെ പന്ധാനയില്‍ ഗ്രാമവാസികളുടെ ജീവിതനിലവാരത്തെ കുറിച്ച് പഠിക്കാന്‍ കുറച്ചു നാള്‍ ശ്രിതി പോയിരുന്നു. ഇവരുടെ വീടുകളുടെ നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലം മഴയത്തും വെയിലത്തും അവര്‍ ദുരിതം അനുഭവിക്കുന്നത് അപ്പോഴാണ്‌ ശ്രദ്ധിച്ചത്. ആയിടയ്ക്കാണ് ഒരു യൂറോപ്യൻ  കമ്പനിയുടെ ലോ എനര്‍ജി ലെസ്സ് അഫോര്‍ഡബില്‍ വീടുകളെ കുറിച്ച് ശ്രിതി അറിഞ്ഞതും അവരെ സമീപിക്കുന്നതും. നമ്മുടെ ഗ്രാമങ്ങളില്‍ സുലഭമായി ലഭിക്കുന്ന വൈക്കോല്‍ കൊണ്ടാണ് അവര്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. 

fibre-panel-house

ഈ ഐഡിയ മനസിലിട്ട്‌ ശ്രിതി 2018ല്‍ ‘Strawcture Eco’ എന്ന കമ്പനി തുടങ്ങി. കാര്‍ഷികവിളകളില്‍ നിന്നും നിര്‍മ്മിക്കുന്ന ഫൈബര്‍ പാനല്‍ കൊണ്ടായിരുന്നു സ്രിതി വീടുകള്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ നിര്‍മ്മിച്ചത്. ഈ പാനലുകള്‍ സ്റ്റീല്‍ ചേര്‍ത്താല്‍ നല്ല ഉറപ്പും ഈടും നല്‍കുമെന്ന് ശ്രിതി കണ്ടെത്തി. സ്റ്റീല്‍ ഉപയോഗിക്കാതെ ഇതിനു പകരം മുള, തടി എന്നിവയും ബലം നല്‍കാന്‍ ഉപയോഗിക്കുന്നുണ്ട്. ആദ്യം ആരും ശ്രിതിയുടെ ആശയത്തെ അംഗീകരിച്ചില്ല, പക്ഷേ വൈകാതെ ശ്രിതി കണ്ട സ്വപ്നം സഫലമാകാന്‍ തുടങ്ങി.  ഇന്ന് പത്തു അംഗങ്ങള്‍ ഈ കമ്പനിയിലുണ്ട്. പലയിടത്തും ഇവര്‍ പ്രൊജക്റ്റ്‌ നടപ്പാക്കുന്നുണ്ട്. 

fibre-panel-home

100  വർഷം വരെ ഒരു കേടുപാടും സംഭവിക്കാത്ത എക്കോ ഫ്രണ്ട്ലി വീടുകള്‍ , ഓഫീസുകള്‍ ഈ വിധത്തിൽ  നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് ശ്രിതി പറയുന്നത്. ആദ്യം ഒരുപാട് വിമര്‍ശനം കേട്ടെങ്കിലും ഇന്ന് തന്റെ  ആശയങ്ങൾ കുറച്ചെങ്കിലും പ്രാവർത്തികമാക്കാനായതിന്റെ സന്തോഷത്തിലാണ് ശ്രിതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com