sections
MORE

പ്രവാസിമലയാളികൾ വീടുപണിയിൽ വരുത്തുന്ന 5 തെറ്റുകൾ

luxury-nri-house
Representative Image
SHARE

കേരളത്തിൽ നിന്നും 26 ലക്ഷത്തിലേറെ പ്രവാസികളുണ്ട് എന്നാണ് കണക്ക്. കൂടുതലും ഗൾഫ് പ്രദേശങ്ങളിലാണ്. ഇവർ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ 60 ശതമാനവും നിർമാണമേഖലയിൽ ചെലവഴിക്കപ്പെടുന്നു എന്നാണ് നിഗമനം. 45,000 കോടിയിലധികം വരുമിത്. ഈ പ്രവാസിപ്പണമാണ് കേരളത്തിലെ നിർമാണമേഖലയെ ചലനാത്മകമാക്കുന്നതും താങ്ങിനിർത്തുന്നതും. പക്ഷേ, ഒരു കാര്യത്തിൽ മാത്രം സംശയം ബാക്കി. മുടക്കുന്ന പണത്തിന് തക്ക മൂല്യമുള്ള വീടുകളാണോ പ്രവാസികൾ നിർമിച്ചുകൂട്ടുന്നത്? അതോ പ്രായോഗികത തൊട്ടുതീണ്ടിയിട്ടില്ലാത്ത പൊങ്ങച്ചക്കൂടാരങ്ങൾ മാത്രമാണോ പ്രവാസിവീടുകൾ? വീടുപണിയിൽ എവിടെയാണ് പ്രവാസിക്ക് പിഴയ്ക്കുന്നത്. വീടുപണിയിൽ വിദേശമലയാളികൾക്ക് പിണയുന്ന അബദ്ധങ്ങൾ. അവ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

1. നമ്മുടെ വീടങ്ങനെ ചെറുതാക്കാനൊക്കുമോ...?

ഗൾഫ്കാരൻ എന്ന ലേബൽ പതിഞ്ഞാൽ പിന്നെ വീട് ചെറുതാക്കാനൊക്കില്ലെന്നാണ് പലരുടെയും ധാരണ. ‘മിനിമം 4000 സ്ക്വയർഫീറ്റ്’ എങ്കിലും വേണമെന്നാണ് ആവശ്യം. അച്ഛനും അമ്മയും ഒരു കുട്ടിയുമേ കാണൂ. പക്ഷേ, കിടപ്പുമുറികൾ നാലെണ്ണം തന്നെ വേണം. ഇപ്പോൾ കാർ ഇല്ലെങ്കിലും രണ്ട് കാർ ഇടാനുള്ള പോർച്ച് വേണം. ഈ സ്ഥലധൂർത്ത് ബജറ്റിൽ വരുത്തുന്ന മാറ്റം ഭീകരമായിരിക്കും. ഫലപ്രദമായ സ്ഥലവിനിയോഗം, ചെലവ്കുറഞ്ഞ ബദൽനിർമാണമാർഗങ്ങൾ എന്നിവ പ്രവാസികൾക്ക് നിഷിദ്ധമല്ല. കാഴ്ചപ്പാടിലാണ് ആദ്യം മാറ്റം ഉണ്ടാകേണ്ടത്. കയ്യിലുള്ള പണത്തിന് അത്യാവശ്യ സൗകര്യങ്ങളുള്ള വീട് എന്ന നയമാണ് ഉചിതം.

2. പണമോ... അതൊരു പ്രശ്നമല്ലല്ലോ...

luxury-house-kerala

ഇത്ര ബജറ്റിൽ ഒതുങ്ങുന്ന വീട് എന്നല്ല ഇന്നയിന്ന സൗകര്യങ്ങൾ ഉള്ള വീട് വേണം എന്നാണ് പ്രവാസികളിൽ മിക്കവരും ആവശ്യപ്പെടുക. ഈ സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തുമ്പോൾ എന്തു ചെലവാകും എന്നാണ് ചോദ്യം. ഈ മനോഭാവം തന്നെയാണ് ഏറ്റവും മുതലാക്കപ്പെടുന്നതും. നാട്ടിലെത്തുന്നതിനു മുമ്പു തന്നെ ലോൺ വേണോ എന്നു ചോദിച്ച് ബാങ്കുകൾ ക്യൂ നിൽക്കുന്നതിനാൽ പലരും ബജറ്റിനെപ്പറ്റി ചിന്തിക്കാറേ ഇല്ല. ജോലി നഷ്ടപ്പെടുകയോ ശമ്പളം കുറയുകയോ ചെയ്യുന്നതോടെയാണ് സ്ഥിതി വഷളാകുന്നത്. വീട് വിൽക്കുക മാത്രമായിരിക്കും അപ്പോൾ മുന്നിലുള്ള പോംവഴി.

ശമ്പളം, ജോലിസ്ഥിരത, ജോലി നഷ്ടപ്പെട്ടാലും വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷമേ ബജറ്റ് നിശ്ചയിക്കാവൂ. ഇപ്പോൾ കയ്യിൽ പണമുണ്ട് അതിനാൽ വലിയ വീട് വയ്ക്കാം എന്ന നയം ശരിയല്ല. എസ്റ്റിമേറ്റ് കണക്കാക്കുമ്പോൾ എന്തെല്ലാം അതിൽ ഉൾപ്പെടും എന്ന് കൃത്യമായി മനസ്സിലാക്കണം. പല യൂറോപ്യൻ രാജ്യങ്ങളിലും സാനിറ്ററിവെയർ, ഇലക്ട്രിക്കൽ ഫിറ്റിങ്ങ്സ് എന്നിവയുടെ ചെലവ് അടക്കമാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഇവിടെ അങ്ങനെയല്ല എന്ന കാര്യം ഓർക്കണം.

3. രണ്ടുമാസം... നൂറുകൂട്ടം കാര്യം

വീടുപണിക്കായെത്തുന്ന പ്രവാസിക്ക് നാട്ടിൽ ചെലവഴിക്കാനാകുന്നത് ഒന്നരയോ ഏറിയാൽ രണ്ടോ മാസം മാത്രം. ഇതിനിടയിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ ചില്ലറയൊന്നുമല്ല. ആർക്കിടെക്ടിനെയോ എൻജിനീയറെയോ കണ്ടെത്തണം. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിപ്പിക്കണം. നിർമാണാനുമതികളെല്ലാം വാങ്ങണം. ഭവനവായ്പ വേണമെങ്കിൽ അതു തരപ്പെടുത്തണം. ആദ്യഘട്ട നിർമാണസാമഗ്രികളും വാങ്ങണം... ശ്വാസം വിടാൻ നേരമുണ്ടാകില്ല എന്നർഥം.

പിന്നെ ഒന്നേ വഴിയുള്ളു. എല്ലാം ഒരുവിധമൊന്ന് അടുപ്പിച്ചുവച്ച് വീടുപണി തുടങ്ങും. ഒരു കാര്യം പോലും പൂർണമായി തീരുമാനിച്ചിട്ടുണ്ടായിരിക്കുകയില്ല. അവധി തീർന്നാൽ പിന്നെ കൊള്ളാമെന്ന് തോന്നുന്ന ആരെയെങ്കിലും കാര്യങ്ങളേൽപിച്ച് മടങ്ങുകയേ നിവൃത്തിയുള്ളു. പിന്നെയാണ് രസം. പാവത്തിന്റെ മനസ്സിലുള്ളത് ഒന്ന്. ചെയ്തു വയ്ക്കുന്നത് മറ്റൊന്ന്. ഉടനേ പൊളിച്ചു പണിയലായി, ബഹളമായി. പൈസ ചിലവാകുന്നതിന് കയ്യും കണക്കും ഉണ്ടാകുകയില്ല. എന്നിട്ട് കിട്ടുന്ന വീടോ..? മനസ്സിൽ കണ്ടതൊന്ന്; കൺമുന്നിലുള്ളത് മറ്റൊന്ന്!

മുന്നൊരുക്കമാണ് നല്ലവീട്ടിലേക്കുള്ള വഴികാട്ടി. ധൃതി പിടിച്ച് കാര്യങ്ങൾ ചെയ്യുന്നത് ദോഷമേ ചെയ്യൂ. വീടിന്റെ മുഴുവൻ ഡ്രോയിങ്ങുകളും പൂർത്തിയായി അവ വിലയിരുത്തി തിരുത്തലുകൾ ഒന്നുമില്ല എന്ന് ഉറപ്പാക്കിയ ശേഷം വീടുപണി തുടങ്ങുകയാണ് ഏറ്റവും സുരക്ഷിതം. വിദേശത്തിരുന്നു തന്നെ കുറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഒരു തവണ അവധിക്കു വന്ന് അത്യാവശ്യ കാര്യങ്ങളൊക്കെ ഒരുക്കിയ ശേഷം അടുത്ത വരവിന് പണി തുടങ്ങുന്നതാണ് അഭികാമ്യം.

4. ചങ്ങാതി നന്നായില്ലെങ്കിൽ ചടങ്ങാകും...

വീടുപണി ആരെ ഏൽപിക്കുന്നു എന്ന തീരുമാനമാണ് പ്രവാസികളുടെ കാര്യത്തിൽ ഏറ്റവും നിർണായകം. വീടുപണിയേൽപിക്കുന്ന ആർക്കിടെക്ടോ എൻജിനീയറോ ഡിസൈനറോ... ആരായാലും ആൾ മികച്ച പ്രഫഷനൽ അല്ലെങ്കിൽ മൊത്തം പണി പാളും. പെട്ടെന്ന് പണി തുടങ്ങാം... ബാക്കിയൊക്കെ അപ്പപ്പോൾ വാട്ട്സാപ്പിൽ അയച്ചുതരാം എന്ന വാഗ്ദാനത്തിൽ വീഴ്ത്തുന്നതാണ് ഏറ്റവും പുതിയ തട്ടിപ്പ്.

ഇവർ അയച്ചുതരുന്ന എൻജിനീയറിങ് ഡ്രോയിങ്ങോ സ്കെച്ചോ കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനുള്ള സാങ്കേതികജ്ഞാനം സാധാരണക്കാർക്കുണ്ടാകില്ല. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെപ്പറ്റി വിദേശത്തിരിക്കുന്ന വീട്ടുകാരന് യാതൊരു ഐഡിയയും കിട്ടുകയില്ല. ഫലമോ പറയുമ്പോഴൊക്കെ പണം കൊടുക്കാനുള്ള കറവപ്പശു മാത്രമായി വീട്ടുകാരന്റെ റോൾ മാറുന്നു.

5. നൊസ്റ്റാൾജിയ വേണം; പക്ഷേ അതല്ലല്ലോ ജീവിതം

ഗൃഹാതുരത്വം ഏറ്റവുമധികം അനുഭവിക്കുന്നവരാണ് പ്രവാസികൾ. നാലുകെട്ട്, നടുമുറ്റം, വരാന്ത... ഇവയൊക്കെ അവരുടെ നഷ്ടസ്വപ്നങ്ങളാണ്. പുതിയൊരു വീടുപണിയുമ്പോൾ ഇതെല്ലാം അവിടെ ഉണ്ടാകണമെന്നാണ് പലരുടേയും ആഗ്രഹം. അതിൽ തെറ്റുപറയാനാകില്ല. സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള വേർതിരിവ് അറിയാതെ പോകുമ്പോഴാണ് പ്രശ്നം. നടുമുറ്റത്തിനുവേണ്ടി നടുമുറ്റം, വരാന്തയ്ക്കായി വരാന്ത എന്ന നിലയിൽ കുത്തിനിറയ്ക്കുമ്പോൾ അത് വീടിന്റെ സ്വാഭാവികതയെ ബാധിക്കും. കൂടുതൽ സമയവും അടച്ചിടുന്ന വീട്ടിൽ നടുമുറ്റം നൽകുന്നതിന്റെ സുരക്ഷാപ്രശ്നങ്ങൾ,  അതിനു പരിഹാരം കാണൽ, മഴ പെയ്താൽ പിന്നെ മെയ്ന്റനൻസിന്റെ പ്രശ്നങ്ങൾ എന്നിങ്ങനെ ബുദ്ധിമുട്ടുകളുടെ നിര നീളും. വിദേശത്തെ ജീവിതത്തിനിടെ പുതിയ നിർമാണസാമഗ്രികൾ, ഫിനിഷുകൾ എന്നിവ പരിചയപ്പെടാൻ അവസരം ലഭിക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. 

പാരമ്പര്യശൈലിയിലെ ഘടകങ്ങൾക്കൊപ്പം പുതിയ നിർമാണസാമഗ്രികളും ഫിനിഷുകളും കൂടെ ഉൾപ്പെടുത്തണമെന്ന നിർബന്ധബുദ്ധിയാണ് പുതിയൊരു പ്രശ്നം. പലപ്പോഴും ഹൽവയും മത്തിക്കറിയും പോലെയായിരിക്കും ഈ കോംബിനേഷൻ. മറ്റെങ്ങും കാണാത്ത രീതിയിലാണ് എന്റെ വീട് എന്നു വീമ്പു മുഴക്കാനുള്ള ശ്രമം ദുരന്തമാണെന്ന് തിരിച്ചറിയുന്നത് അടുപ്പിച്ച് ആറുമാസം വീട്ടിൽ താമസിക്കുമ്പോഴായിരിക്കും.

വീട് സ്വപ്നലോകമല്ലെന്നും താമസിക്കാനുള്ള ഇടമാണെന്നുമുള്ള പ്രായോഗിക ബോധ്യമാണ് ആവശ്യം. ഗൃഹാതുരതയുടെ ചിഹ്നങ്ങളെല്ലാം വീട്ടിൽ വേണമെന്ന് വാശി പിടിക്കരുത്. റിസോർട്ടുകൾക്ക് ആ അന്തരീക്ഷം ചേരുമായിരിക്കും വീടിന് അങ്ങനെയല്ല. ഏറ്റവും പുതിയ നിർമാണസാമഗ്രികൾ പ്രദർശിപ്പിക്കാനുള്ള എക്സിബിഷൻ സെന്ററുമല്ല വീട്. പല പ്രായത്തിലുള്ള മനുഷ്യർക്ക് പച്ചയായ ജീവിതം ജീവിച്ചു തീർക്കാനുള്ള ഇടമായിരിക്കണം വീട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA