sections
MORE

കേരളത്തിൽ സ്വത്ത് തട്ടിപ്പുകൾ വർധിക്കുന്നു; അറിയണം ഈ കാര്യങ്ങൾ

karamana-veedu
സ്വത്തുതട്ടിപ്പിനും ഏഴു ദുരൂഹ മരണങ്ങൾക്കു സാക്ഷിയായ കാലടിയിലെ കൂടത്തിൽ–ഉമാമന്ദിരം വീട്...
SHARE

കരമനയില്‍ ഒരുകുടുംബത്തിലെ ഏഴു പേർ കൊല്ലപ്പെട്ട കൂടത്തിൽ വീട്ടിലെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുത്തതു ഇപ്പോൾ വാർത്തയാണല്ലോ.. ഈ പശ്ചാത്തലത്തിൽ വിൽപത്രം, പവർ ഓഫ് അറ്റോർണി എന്നിവ തയാറാക്കുമ്പോൾ ചതിവ് പറ്റാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

വിൽപത്രം..

stamp-paper

സാമ്പത്തിക ആസ്തികൾ ഉൾപ്പെടെ നിങ്ങളുടെ പേരിലുള്ള സ്ഥാവരജംഗമ സ്വത്തുക്കളും ഭാവിയിൽ കിട്ടാൻ സാധ്യതയുള്ള വരുമാനങ്ങളും ഒരാളുടെയോ രണ്ട് പേരുടെയുമോ മരണശേഷം ആർക്കൊക്കെ എത്ര അളവിൽ വീതിച്ചു നൽകണമെന്നു വിൽപത്രത്തിൽ എഴുതിവയ്ക്കാം. ആവശ്യമെങ്കിൽ ആഗ്രഹപ്രകാരം സ്വത്തുക്കൾ വീതിച്ചുനൽകാൻ ചുമതലപ്പെടുത്തിക്കൊണ്ട് ഒരു മധ്യസ്ഥനെയും വിൽപത്രത്തിൽ തന്നെ നിർദ്ദേശിക്കാം. സാധാരണ വെള്ളക്കടലാസിൽ തയാറാക്കാവുന്ന വിൽപത്രം റജിസ്റ്റർ ചെയ്തിരിക്കണമെന്നു നിർബന്ധമില്ലെങ്കിലും പൊതു സമ്മതരായ രണ്ട് വ്യക്തികളെക്കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതാണ്.

ഒരിക്കൽ വിൽപത്രം എഴുതിയാൽ മരിക്കുന്നതിനുമുൻപ് എപ്പോൾ വേണമെങ്കിലും മാറ്റി എഴുതാൻ സാധിക്കും. എന്നാൽ ഇഷ്ടദാന പ്രകാരം വസ്തുവകകൾ ഒരിക്കൽ നൽകിക്കഴിഞ്ഞാൽ തിരിച്ചെടുക്കാൻ സാധിക്കില്ല. നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയ സാമ്പത്തിക ആസ്തികളിൽ നോമിനേഷൻ നൽകാമെങ്കിലും ഉടമയുടെ മരണശേഷം ഒരു ട്രസ്റ്റി എന്ന നിലയിൽ പണം കൈപ്പറ്റി അനന്തരാവകാശികൾക്കു വിതരണം ചെയ്യാനുള്ള അധികാരം മാത്രമേ നോമിനിക്കു ലഭിക്കുന്നുള്ളൂ. വാഹനങ്ങൾ തുടങ്ങിയ ജംഗമ സ്വത്തുക്കളും ഭൂമി, വീട് തുടങ്ങിയ സ്ഥാവര വസ്തുക്കളും നോമിനേഷനിലൂടെ പിൻതുടർച്ചക്കാർക്കു നൽകാൻ ആകില്ല. 

മാറ്റി എഴുതുമ്പോൾ

വിൽപത്രം എഴുതിയശേഷം മരണത്തിനു മുൻപ് പല കാര്യങ്ങളിലും വ്യത്യാസം ഉണ്ടാകാം. ഉള്ള ആസ്തികൾ വിൽക്കുമ്പോഴും പുതിയവ സ്വന്തമാക്കുമ്പോഴും വിൽപത്രത്തിൽ പ്രതിഫലിക്കേണ്ടതുണ്ട്. മരണശേഷം ആസ്തികൾ സ്വീകരിക്കാനായി വിൽപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മരണമടയുകയോ നേരത്തേ തീരുമാനിച്ചതിൽനിന്നു വ്യത്യാസം വേണമെന്നു തീരുമാനിക്കുമ്പോഴോ വിൽപത്രം മാറ്റി എഴുതേണ്ടതായി വരാം. ഓരോ തവണ പുതുതായി വിൽപത്രം തയാറാക്കുമ്പോഴും, തൊട്ടുമുൻപു തയാറാക്കിയ പത്രം സംബന്ധിച്ച് സൂചിപ്പിക്കാനും അതു റദ്ദായിട്ടുണ്ടെന്നു രേഖപ്പെടുത്താനും ശ്രദ്ധിക്കുക. ഒരിക്കൽ റജിസ്റ്റർ ചെയ്ത വിൽപത്രം മാറ്റി എഴുതുമ്പോൾ വീണ്ടും റജിസ്റ്റർ ചെയ്യണമെന്നു നിർബന്ധമില്ലെങ്കിലും റജിസ്റ്റർ ചെയ്താൽ ആവശ്യമില്ലാത്ത തർക്കങ്ങൾ ഒഴിവാക്കാം. സബ് റജിസ്ട്രാർ ഓഫിസുകളിലാണ് റജിസ്‌ട്രേഷൻ നടത്തുക.

നടപ്പാക്കൽ

റജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിൽപത്രങ്ങളുടെ ആധികാരികത കോടതി സാക്ഷ്യപ്പെടുത്തി നൽകുന്നതിനെയാണ് പ്രൊബേറ്റ് എന്നു വിളിക്കുന്നത്. വിൽപത്രത്തിൽ അധികാരപ്പെടുത്തിയിട്ടുള്ള എക്‌സിക്യൂട്ടർ അഥവാ മധ്യസ്ഥനാണ് പ്രൊബേറ്റ് ലഭിക്കാനായി കോടതിയിൽ അപേക്ഷിക്കേണ്ടത്.പൂർണ മാനസികാരോഗ്യമുള്ള അവസ്ഥയിൽ ബാഹ്യ പ്രേരണകളും സമ്മർദ്ദങ്ങളും ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപത്രം തയ്യാറാക്കിയത് എന്ന് വിൽപത്ര പ്രകാരം ആനുകൂല്യങ്ങൾ ആഗ്രഹിക്കാത്തവരും പൊതു സമ്മതരുമായ സാക്ഷികൾ ഉറപ്പാക്കും. മാത്രമല്ല മധ്യസ്ഥനായി വിൽപത്രത്തിൽ അധികാരപ്പെടുത്തുന്ന വ്യക്തി, ആസ്തികളിൽനിന്ന് ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കാനില്ലാത്തവരായിരിക്കണം.

വിൽപത്രപ്രകാരം അനന്തരാവകാശികളായി നിശ്ചയിക്കുന്നവരിൽ പ്രായപൂർത്തിയാകാത്തവരുണ്ടെങ്കിൽ അവർ പ്രായപൂർത്തിയാകുന്നതുവരെ കെയർ ടേക്കർ എന്ന നിലയിൽ രക്ഷകർത്താവിനെ നിശ്ചയിക്കേണ്ടതാണ്. ഉടമ ജീവിച്ചിരിക്കുമ്പോൾ തന്നെ നടപ്പിലാക്കേണ്ടുന്ന ചില നടപടികൾ സംബന്ധിച്ചും പ്രത്യേക വിൽപത്രം തയാറാക്കാൻ സുപ്രീം കോടതി അനുവദിക്കുന്നു. സ്വയം തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത രീതിയിൽ ഗുരുതരമായ രോഗാവസ്ഥ ഉണ്ടാവുകയാണെങ്കിൽ സ്വീകരിക്കേണ്ട ചികിത്സകൾ സംബന്ധിച്ച നിർദ്ദേശങ്ങളാണ് ഒരു ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മേലൊപ്പൊടെ വിൽപത്രമാക്കാവുന്നത്.

പവർ ഓഫ് അറ്റോർണി..

Registering assets: things you need to know

ഒരു വ്യക്തിക്ക് അയാളുമായി ബന്ധപ്പട്ട ബാങ്ക് – ഓഹരി ഇടപാടുകൾ, വസ്തു കൈമാറ്റം എന്നിങ്ങനെ സാമ്പത്തിക ക്രിയവിക്രിയങ്ങൾ നടത്തുന്ന അവസരങ്ങളിലൊക്കെ നേരിട്ടു ഹാജരാകാൻ സാധിക്കണമെന്നില്ല. പ്രത്യേകിച്ചും പ്രവാസികൾക്ക്. ഇത്തരം സന്ദർഭങ്ങളിൽ തനിക്കു വേണ്ടി ഇടപാടുകൾ നടത്തുന്നതിനും കരാറുകളിലും മറ്റും ഏർപ്പെടുന്നതിനും പണം പറ്റുന്നതിനും ഒക്കെ മറ്റൊരാളെ പൂർണ ചുമതലക്കാരനായി നിയോഗിക്കുന്നതിനുള്ള നിയമപരമായ സൗകര്യമാണ് പവർ ഓഫ് അറ്റോർണി അഥവാ മുക്ത്യാർ.

മുക്ത്യാർ ഒപ്പിടുന്ന സംസ്ഥാനത്തിൽ നിലവിലുള്ള സ്റ്റാംപ് ചാർജുകളും നോട്ടറി അഥവാ റജിസ്‌ട്രേഷൻ ചാർജുകളും അടച്ചെങ്കിൽ മാത്രമേ മുക്ത്യാർ പ്രാബല്യത്തിൽ വരികയുള്ളൂ. മുക്ത്യാറിൽ പരാമർശിച്ചിട്ടുള്ള പ്രത്യേക ഇടപാടുകൾ നടത്താൻ വേണ്ടി മാത്രം മറ്റൊരാൾക്ക് അധികാരം നൽകുന്ന സ്‌പെഷൽ പവർ ഓഫ് അറ്റോർണിയും പൊതുഇടപാടുകൾ നടത്താൻ വേണ്ടി നൽകുന്ന ജനറൽ പവർ ഓഫ് അറ്റോർണിയും നിലവിലുണ്ട്. ഒപ്പിട്ട് നൽകുന്ന മുക്ത്യാറിനു കാലയളവ് നിശ്ചയിക്കാവുന്നതാണ്. ഇതു വ്യക്തമാക്കാതിരുന്നാൽ പവർ ഓഫ് അറ്റോർണി അധികാരം നൽകിയിട്ടുള്ള വ്യക്തി മരിക്കുന്നതു വരെയോ റദ്ദാക്കുന്നതുവരെയോ മുക്ത്യാർ നിലനിൽക്കും.

പവർ ഓഫ് അറ്റോർണി- വസ്തു ഇടപാടുകളിൽ

വസ്തു ഇടപാടുകളിൽ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്‌ട്രേഷൻ ഫീസുകളും ഒഴിവാക്കുന്നതിന് ജനറൽ പവർ ഓഫ് അറ്റോർണി (പൊതു മുക്ത്യാർ) ഉപയോഗിക്കുന്നത് സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. കെട്ടിടനിർമാണത്തിനും ചട്ടപ്രകാരമുള്ള വിവിധ അനുമതികൾക്കും ലൈസൻസും മറ്റും എടുക്കുന്നതിന് ജനറൽ പവർ ഓഫ് അറ്റോർണി ഉപയോഗിക്കാമെങ്കിലും വസ്തുവിന്റെ ഉടമസ്ഥാവകാശം ജനറൽ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് കൈമാറ്റം ചെയ്യപ്പെടാനാകില്ല. യഥാർഥ വസ്തു ഉടമ നിർമാണ കമ്പനിയുടെ പേരിൽ നൽകിയിരിക്കുന്ന നിയമാനുസൃതമല്ലാത്ത ജനറൽ പവർ ഓഫ് അറ്റോർണി ഉപയോഗിച്ചാണ് ഇപ്പോഴും മിക്ക വില്ല–ഫ്‌ളാറ്റ് നിർമാതാക്കളും തങ്ങളുടെ കച്ചവടക്കരാർ നൽകുന്നത്. പണി പൂർത്തിയാക്കി വസ്തുവിന്റെ റജിസ്‌ട്രേഷൻ നടക്കുന്നതുവരെ എന്തു തർക്കങ്ങളുണ്ടായാലും പൊതുമുക്ത്യാർ പ്രകാരം വസ്തു അല്ലെങ്കിൽ ഫ്‌ളാറ്റ് വാങ്ങിയവർക്കു നിയമപരമായി നടപടികളെടുക്കാനാകാത്തത് ഇക്കാരണത്താലാണ്.

യഥാർഥ വസ്തു ഉടമയും നിർമാണ കമ്പനിയും കൂടി ചേർന്ന് വിലയുടെ 10 ശതമാനം നൽകി ജോയിന്റ് വെഞ്ച്വർ റജിസ്റ്റർ ചെയ്‌തശേഷം നൽകുന്ന സെയിൽ എഗ്രിമെന്റുകൾക്കു മാത്രമേ നിയമപരമായി അടിസ്ഥാനമുള്ളൂ. മുക്ത്യാറുകൾ വസ്തു കൈമാറ്റ രേഖകളല്ലെന്നും വിലയാധാരം റജിസ്റ്റർ ചെയ്‌താൽ മാത്രമേ വസ്തുവകകളുടെ ഉടമസ്ഥാവകാശം ലഭിക്കൂവെന്നും തിരിച്ചറിയേണ്ടതുണ്ട്.

ഇഷ്ടദാനം...

aadharam.jpg.image.980.460

സ്ഥലഉടമ, അവകാശമുള്ള വസ്തു സ്വേച്ഛപ്രകാരവും പ്രതിഫലം കൂടാതെയും മറ്റൊരാൾക്ക് എഴുതിക്കൊടുക്കുന്നതാണ് ഇഷ്ടദാനം. ദാതാവിന്റെ ജീവിതകാലത്ത് തന്നെ ആ കൈമാറ്റം രണ്ടാമൻ സ്വീകരിച്ചിരിക്കണം. ഭൂമിപോലുള്ള സ്ഥാവരവസ്തുക്കൾ ദാനം ചെയ്യുമ്പോൾ, രണ്ട് അറ്റസ്റ്റിങ് സാക്ഷികളുടെ സാന്നിധ്യത്തിൽ പ്രമാണം വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യണം. പിന്തുടർച്ചാവകാശം മുഖേന അവകാശം ലഭിക്കുന്നതിന് വിൽപ്പത്രം, ഭാഗപത്രം എന്നിവയാണ് രേഖയെങ്കിൽ, വസ്തു ഉടമയുടെ ജീവിതകാലത്ത് ഇഷ്ടദാനാധാരം ഉടമസ്ഥാവകാശരേഖയാണ്.

ദാതാവിന്റെ താൽപര്യം ഹനിക്കുന്ന ഏതെങ്കിലും നടക്കുന്നതായാൽ ദാനം അസാധുവാക്കുമെന്ന വ്യവസ്ഥ വയ്ക്കാവുന്നതാണ്. വ്യവസ്ഥകളുടെ അടിസ്ഥാനത്തിലല്ലാതെ, സാധാരണഗതിയിൽ ദാനാധാരം റദ്ദ് ചെയ്യാനാകില്ല. വിവാഹപ്രതിഫലമായോ, കുടുംബാംഗങ്ങൾക്കിടയിൽ വസ്തു വിഭജിച്ചോ, സ്വേച്ഛപ്രകാരം മറ്റൊരാൾക്കോ, ആശ്രിതനോ കൈമാറി നൽകുന്ന ദാനമാണ് ധനനിശ്ചയം.

സ്വന്ത ഉടമസ്ഥതയിലുള്ള വസ്തുവിനെ സംബന്ധിച്ച് മരണശേഷം നടപ്പിലാക്കപ്പെടേണ്ട നിബന്ധനകൾ മുൻകൂട്ടി രേഖപ്പെടുത്തിവയ്ക്കുന്ന പ്രമാണമാണ് വിൽപ്പത്രം. സ്വസ്ഥചിത്തനായ ഏതൊരാൾക്കും, മൈനറല്ലാതിരിക്കേ, തന്റെ വസ്തു മരണശാസനം വഴി വിനിയോഗം ചെയ്യാം.തങ്ങൾ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് വ്യക്തതയും അറിവും ഉണ്ടെങ്കിൽ, ബധിരനോ, മൂകനോ, അന്ധനോ വിൽപത്രം തയാറാക്കുന്നതിന് തടസ്സമൊന്നുമില്ല. ചിത്തഭ്രമമുള്ള ഒരാൾക്ക് അയാൾ സ്വസ്ഥചിത്തനായിരിക്കുന്ന ഇടവേളയിൽ മരണപത്രം തയാറാക്കാവുന്നതാണ്.

സ്വയാർജിത സ്വത്തല്ലാത്ത സാഹചര്യത്തിൽ വിൽപ്പത്രം തയാറാക്കിയ വ്യക്തി വിവാഹിതനാകുന്നതോടു കൂടി അയാൾ ചമച്ചിട്ടുള്ള വിൽപത്രങ്ങൾ സ്വയം റദ്ദാകുന്നതാണ്. ഒരു വസ്തുവിനെ സംബന്ധിച്ച് ഉടമ ഒടുവിൽ തയാറാക്കി രജിസ്റ്റര്‍ ചെയ്ത വിൽപത്രമാണ് സാധുവാകുക.

Content Summary: Karamana Case; Precautions  for Registering Will, Power of Attorney 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA