sections
MORE

ബാത്‌റൂമിൽ വരെ എസി! മലയാളി മാറിയത് ഇങ്ങനെ

kerala-house-evolution
Representative Image
SHARE

കഴിഞ്ഞ ഒരു 30 വർഷം കൊണ്ട് മലയാളികളുടെ വീടിനെ കുറിച്ചുള്ള സങ്കൽപത്തിൽ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. ഇന്ന് വീട് പണിയാൻ ഇറങ്ങി പുറപ്പെടുന്നവർ താങ്കൾക്ക് വേണ്ട ആവശ്യങ്ങളെ കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കുന്നു. അതിൽ ചില മാറ്റങ്ങൾ സാവധാനം സംഭവിച്ചതാണ്. ടെക്‌നോളജി വളരുന്നതിന് ശേഷമുണ്ടായ സ്മാർട്ട് ഹോം വിപ്ലവം പെട്ടെന്ന് സംഭവിച്ചവയും. 

ഒരിക്കൽ ആഡംബര വസ്തുവായിരുന്ന റഫ്രിജറേറ്റർ ഇന്ന് ആവശ്യ വസ്തുവായി മാറി. ടെലിവിഷൻ, വാഷിങ് മെഷീൻ, വാക്വം ക്ലീനർ, കംപ്യൂട്ടർ എന്നിവയുടെ സ്ഥാനം വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ കാണണം. സ്ത്രീകൾ കൂടുതലും ജോലിക്കാരായതിനാൽ വീടിനകത്ത് ഒട്ടുമിക്ക ഗൃഹോപകരണങ്ങളും ആവശ്യം വരുന്നുണ്ട്. പതിനഞ്ചു വർഷം മുമ്പ് വീടുകളിൽ കംപ്യൂട്ടർ എന്നത് ആരും ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. 

old-malayali-house
പഴയ വീട്

ആളുകൾ കൂടുതലായി വീടിനകത്ത് സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു. ഇവിടെയാണ് ആർക്കിടെക്ചറിന്റെയും ഇന്റീരിയർ ഡിസൈനിങ്ങിന്റെയും പ്രസക്തി. ഹോംവർക്ക്, പ്രോജക്ടുകൾ, ടെലിവിഷൻ, കംപ്യൂട്ടർ എന്നിവയെല്ലാം കാരണം കുട്ടികൾ കൂടുതലായി വീടിനകത്തുതന്നെയാണ് സമയം ചെലവഴിക്കുന്നത്.

അഞ്ചു വർഷം മുമ്പ് പുത്തനായിരുന്ന അടുക്കള ഇന്ന് പഴഞ്ചനായി. വളരെയധികം മോഡുലാർ കിച്ചൻ ഷോപ്പുകൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും സാധാരണ അടുക്കളയെ അപേക്ഷിച്ച് ഇവയ്ക്ക് വില വളരെ കൂടുതലാണ്.

modular-kitchen
Representative Image

30 വർഷം മുൻപ് മാസ്റ്റർ ബെഡ്റൂമിലേക്ക്  ഒരു ലൈറ്റ് പോയിന്റും ഒരു ട്യൂബ് ലൈറ്റും അഞ്ച് ആംപിയറിന്റെ ഒരു സോക്കറ്റും മാത്രം മതിയായിരുന്നു . ഇപ്പോഴാകട്ടെ. മാസ്റ്റർ ബെഡ് റൂമിലേക്കു തന്നെ കംപ്യൂട്ടർ, കോഡ് ലെസ് ഫോൺ, കൊതുകുതിരി, സെൽഫോൺ ചാർജിങ്, ടേബിൾ ലാംപ്, മ്യൂസിക് സിസ്റ്റം എന്നിങ്ങനെ കൂടുതൽ പ്ലഗ് പോയിന്റുകൾ ആവശ്യമായി വന്നിരിക്കുന്നു.

എയർകണ്ടീഷൻ ചെയ്ത മുറികളുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ടോയ്ലറ്റ് വരെ ഇന്ന് ആളുകൾ എയർകണ്ടീഷൻ ചെയ്യുന്നുണ്ട്. ഇരുപതു വർഷം മുൻപ് ബെഡ്റൂം മാത്രമേ എയർ കണ്ടീഷൻ ചെയ്തിരുന്നുള്ളൂ. ഇപ്പോഴാകട്ടെ ലിവിങ് റൂമിലും കിച്ചണിലും വരെ വീട്ടുകാർ എസി വയ്ക്കുന്നുണ്ട്. വീടിന്റെ ചെലവിനെ അപേക്ഷിച്ച് എയർ കണ്ടീഷനറുകളുടെ ചെലവ് വലിയ കൂടുതലല്ല. പക്ഷേ അവ പ്രവർത്തിക്കുന്നതിനുളള ചെലവ് വളരെ കൂടുതലായിരിക്കും. സ്റ്റോറേജിന്റെ ആവശ്യകതയും പതിന്മടങ്ങായിരിക്കുന്നു. കിച്ചനിലും ബെഡ് റൂമിലെ വാഡ്രോബിലും കോമൺ ഇടങ്ങളിലും സ്റ്റോറജ് കൂടുതൽ ആവശ്യമുണ്ട്.

ഇതെല്ലാം േചരുമ്പോൾ സ്ഥലം വളരെയധികം ആവശ്യമായി വരും. മുറികളുടെ വലുപ്പവും കാലാന്തരത്തിൽ കൂടിയിട്ടേയുളളൂ. എഴുപതുകളിലും എൺപതുകളിലും അത്യാവശ്യം ‘ഡീസന്റ് ’ ആയ ലിവിങ് റൂം ഇപ്പോൾ വളരെ ചെറുതായിരിക്കുന്നു.

ഹോം തിയറ്ററും വലിയ സ്ക്രീനുളള ടെലിവിഷനുകളും നന്നായി കാണുന്നതിന് ആവശ്യമുളള ദൂരമനുസരിച്ച് ലിവിങ് റൂം വലുതായേ തീരൂ. ലിവിങ് റൂമിൽ ടിവി വയ്ക്കാൻ പലർക്കും താത്പര്യമില്ല. കാരണം രണ്ടോ മൂന്നോ മണിക്കൂർ അലസമായിരുന്ന് സിനിമ കാണാൻ പറ്റുന്ന ഫർണിച്ചറാവണമെന്നില്ല ലിവിങ്ങിലേത്. പോരാത്തതിന് സ്വകാര്യതയുടെ പ്രശ്നവും. അതിനുവേണ്ടി മറ്റൊരു മുറി ഒരുങ്ങുന്നു. ഹോം തിയറ്റർ എന്നോ ഫാമിലി റൂം എന്നോ അതിനെ വിളിക്കാം. ബജറ്റ് അനുവദിക്കുകയാണെങ്കിൽ ഇങ്ങനെയൊരു മുറി പണിയുന്നതാണ് നല്ലത്. കാരണം കുടുംബാംഗങ്ങൾക്ക് ഒരുമിച്ചിരിക്കാൻ പറ്റിയ ഇടമാണിത്.

home-theatre
Representative Image

ഭാവിയിലെ ആവശ്യങ്ങൾക്കു കൂടി ഉതകുന്ന തരത്തിൽ പ്ലാനും ഇലക്ട്രിക്കൽ, പ്ലമ്മിങ് വർക്കുകളും കണക്കിലെടുക്കുകയാണെങ്കിൽ വീട് കൂടുതൽ കാലം നിലനിൽക്കും. ദീർഘകാലാടിസ്ഥാനത്തിൽ ഇങ്ങനെ ചെയ്യുന്നത് ലാഭകരമായിരിക്കും. പലപ്പോഴും ആവശ്യങ്ങൾക്കനുസരിച്ച് വീടു പുതുക്കിപ്പണിയുകയോ പൊളിച്ച് വേറെ പണിയുകയോ ആണല്ലോ നാം ചെയ്യുന്നത് !

അധികസ്ഥലമുണ്ടെങ്കിൽ ഭാവിയിലേക്ക് ഒരു കരുതലായി കണക്കാക്കാം. വീട് വലുതാണെങ്കിൽ ഭാവിയിൽ വീടിനെ ആധുനിക ട്രെൻഡുകൾക്കനുസരിച്ച് രൂപപ്പെടുത്തിയെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA