ADVERTISEMENT

അഞ്ച് സെന്റ് സ്ഥലം. അതിൽ മൂന്ന് സെന്റിൽ വീട്, സെറ്റ്ബാക്കും കിണറുമെല്ലാം വിട്ട് ബാക്കി സ്ഥലമേ പൂന്തോട്ട നിർമാണത്തിനു ലഭിക്കൂ. ജോലി കഴിഞ്ഞുവന്ന് ചെടിപരിചരണത്തിനു സമയവും കുറവ്... ഇങ്ങനെ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും ഒരു ചെറിയ ഗാർഡനെങ്കിലും വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ? സ്ഥലമോ സൗകര്യമോ ഒന്നും ഇല്ലാത്തവർക്കും ഒരു ചെറിയ പൂന്തോട്ടമെങ്കിലും ഉണ്ടാക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

പൂന്തോട്ടത്തിന്റെ സ്വഭാവം എന്താകണം എന്നു തീരുമാനിക്കുന്നത് വീട്ടുകാരുടെ ജീവിതരീതിയും വെള്ളത്തിന്റെയും വെയിലിന്റെയും ലഭ്യതയുമാണ്. മെയിന്റനൻസ് വേണ്ടതും കുറവുള്ളതുമായ പൂന്തോട്ടങ്ങളുണ്ട്. കൃത്യമായ മെയിന്റനൻസ് നൽകാൻ കഴിയുകയില്ലെങ്കിൽ അതു മുൻകൂട്ടിക്കണ്ട് പരിചരണം കുറവുമാത്രം വേണ്ട ചെടികൾ തിരഞ്ഞെടുക്കാം. വെള്ളത്തിന്റെ ലഭ്യത കുറവാണെങ്കിൽ മരുപ്രദേശങ്ങളിൽ വളരുന്നതോ വെള്ളം കുറവുമാത്രം മതിയാകുന്നതോ ആയ ചെടികൾക്കു പ്രാധാന്യമുള്ള പൂന്തോട്ടമുണ്ടാക്കാം.

 

പരിചരണം കുറഞ്ഞ തോട്ടം..

പരിചരണത്തിന് സമയം കുറവാണെങ്കിൽ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ലോണിന്റെ വലുപ്പം കുറയ്ക്കുകയോ ലോൺ ഇല്ലാതെ തന്നെ തോട്ടം നിർമിക്കുകയോ ആകാം. ചെത്തി, മന്ദാരം, ചെമ്പരത്തി, നന്ദ്യാർവട്ടം ഇവയുടെയെല്ലാം ഹൈബ്രിഡ് ഇനങ്ങളും ലഭ്യമാണ്. കണിക്കൊന്ന പോലുള്ള ചെടികളും ഇത്തരം ഗാർഡനുകളിലേക്കു യോജിക്കും. ഇവയ്ക്കെല്ലാം കീടങ്ങളുടെ ആക്രമണം കുറവാണ്. ഹാർഡ്സ്കേപ്പിങ്ങിനു പ്രാധാന്യം കൊടുക്കുന്ന വിധത്തിൽ ഗാർഡൻ ചെയ്താൽ മെയിന്റനൻസ് കുറവുമതി. പ്ലോട്ടിന്റെ ഒരരികത്തായി പാറക്കല്ലുകളും വെള്ളച്ചാട്ടവും ക്രമീകരിച്ച് റോക്ക് ഗാർഡനുമാക്കാം. ഇലപൊഴിയാത്ത അഗേവ് (Agave), ബേബി പൈനാപ്പിൾ ഇവയെല്ലാം ഇവിടേക്കു യോജിക്കും. വെള്ളവും വളവും പരിചരണവും വളരെ കുറവുമാത്രം മതിയായ മറ്റൊരു ചെടിയാണ് സാമിയ (Zamia).പരിചരണം കുറഞ്ഞ ഗാർഡനിലേക്ക് യോജിക്കും. വെള്ളത്തിന്റെ ലഭ്യത കുറവാണെങ്കിലും നാടൻ ചെടികൾ തന്നെയാണ് ഉത്തമം.

Terrace-Garden

 

വെയിലുള്ള സ്ഥലത്ത്...

എത്ര ചെറിയ സ്ഥലമായാലും ആവശ്യത്തിനു വെയിൽ തട്ടുന്നുണ്ടെങ്കിൽ പൂവുണ്ടാകുന്ന ചെടികളും സിംഗപ്പൂർ ഗ്രാസുമെല്ലാം നടാവുന്നതാണ്. ഏതെങ്കിലും ഒരു നിശ്ചിത ആകൃതിയുണ്ടാക്കി ഗ്രാസ് നടുന്നതാണ് കൂടുതൽ ഭംഗി. പുല്ലിനു പകരം നിലക്കടല പോലെയുള്ള നിരവധി ഗ്രൗണ്ട് കവറിങ് ചെടികൾ ഇപ്പോൾ ലഭ്യമാണ്. ചെറിയ സ്ഥലത്താണെങ്കിലും തോട്ടത്തിന് ഒരു സെന്റർ പോയിന്റ് ഉണ്ടാകുന്നതു നല്ലതാണ്. നിഴലുണ്ടാക്കാത്ത ഗോൾഡൻ പാം (Golden Palm) പോലുള്ള ചെടികൾ ഇതിനുപയോഗിക്കാം.

ബൊഗെയ്ൻവില്ല, റോസ്, മാൻഡിവില്ല, ചെത്തി, ലന്താന, യൂഫോർബിയ, അഡീനിയം തുടങ്ങിയ പൂച്ചെടികളെല്ലാം വെയിൽ ശരിക്കു ലഭിക്കുന്ന സ്ഥലങ്ങളിലേക്കു യോജിക്കും. ചെടികൾ ഒറ്റയ്ക്കൊറ്റയ്ക്കു നടാതെ കൂട്ടമായി നടുന്നതാണ് ഭംഗി. കൃത്യമായി പ്രൂൺ ചെയ്ത് നിർത്താൻ ശ്രമിക്കണം. വെയിൽ ഭാഗികമായി മാത്രം ആവശ്യമുള്ളയിനം ചെടികളുമുണ്ട്. കെട്ടിടത്തിന്റെ സൺഷേഡിനു ചുറ്റും, വരാന്തയിൽ ഇവിടെയെല്ലാം ഇത്തരം ചെടികൾ വയ്ക്കാം. ആന്തൂറിയം, ഓർക്കിഡുകൾ, ബ്രൊമേലിയാഡ്സ് (Bromeliad) ഇവയെല്ലാം ഇത്തരം ഇടങ്ങളിലേക്കു യോജിക്കും. വെയിലും വെള്ളവും ശരിയായി ലഭിക്കുകയാണെങ്കിൽ ഇലച്ചെടികൾ ഭംഗിയായി നിൽക്കും. മീഡിയം വെയിൽ ലഭിക്കുന്ന അതിരുകളിലും വേർതിരിവുകളിലുമൊക്കെ ഹെലിക്കോർണിയ നടാവുന്നതാണ്.

മതിൽ, ഗെയ്റ്റ് ഇവിടങ്ങളിൽ വയ്ക്കാവുന്ന വള്ളിച്ചെടികൾ നിരവധിയാണ്. മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള വലിയ പൂക്കളുണ്ടാകുന്ന അലമാൻഡ (Allamanda), പിങ്ക് നിറമുള്ള പൂക്കളാൽ സമ്പന്നമായ റങ്കൂൺ ക്രീപ്പർ, ഐസോമിയ (Isomia) തുടങ്ങിയ ചെടികൾ മതിലിൽ പടർത്താം. ബൊഗെയ്ൻവില്ല മതിലിലേക്ക് വളരെയധികം യോജിക്കും. മതിലിനോടു ചേർന്ന് വെർട്ടിക്കൽ ഗാർഡൻ തയാറാക്കുന്നതും മറ്റൊരു മാർഗമാണ്. വെർട്ടിക്കൽ ഗാർഡനിലും പുഷ്പിക്കുന്ന ചെടികൾ വയ്ക്കാം. 

Content Summary: Garden in Small Plot; Landscaping Trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com