ADVERTISEMENT

സൗത്ത് ഡൽഹിയിലെ ചിത്തരഞ്ജൻ പാര്‍ക്കിലാണ് ഗ്രീന്‍ വണ്‍ എന്ന വീട്. പുറംകാഴ്ചയിൽ വിശേഷിച്ചൊന്നും തോന്നില്ല. പക്ഷേ മികച്ച പരിസ്ഥിതി സൗഹൃദ നിർമ്മിതിക്ക് ലഭിക്കുന്ന 5 സ്റ്റാര്‍  SVAGRIHA (Simple Versatile Affordable Green Rating for Integrated Habitat Assessment) പദവി കരസ്ഥമാക്കിയ രാജ്യത്തെ ആദ്യ ആദ്യത്തെ വീടാണിത് എന്നറിയുമ്പോഴാണ് കൗതുകം ജനിക്കുക. ഗ്രീന്‍ എനര്‍ജി എഫിഷ്യന്റ് ആർക്കിടെക്ചർ വിദഗ്ധനായ നിലാഞ്ജന്‍ ഭോവലാണ് വീടിന്റെ ശിൽപി. 

2,842 ചതുരശ്രയടിയില്‍  നാലുനില കെട്ടിടമാണ് ഗ്രീന്‍ വണ്‍. പ്രസാന്തോ റോയ് ആണ് വീടിന്റെ ഉടമ. പുനരുപയോഗിക്കാൻ കഴിയുന്ന നിർമാണസാമഗ്രികളാണ് ഇവിടെ ഉപയോഗിച്ചത്. ചെളി, കല്ല്‌, ജൂട്ട്, മുള, തടി എന്നിവ കൊണ്ടാണ് നിര്‍മ്മാണം. ഭിത്തികള്‍  AAC ബ്ലോക്ക് കൊണ്ടും ഫ്ലൈ ആഷ് ബ്രിക്സ് കൊണ്ടും നിർമിച്ചു. കാർബൺ ബഹിർഗമനം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഒപ്പം അകത്തളങ്ങളിൽ സുഖകരമായ കാലാവസ്ഥ നിലനിർത്തുന്നു.

gren-one-delhi-living

വടക്ക് ഭാഗത്ത് കൂടുതല്‍ ജനലുകള്‍ നല്‍കിയാണ്‌ രൂപകൽപന. കാറ്റ്, വെളിച്ചം എന്നിവ ധാരാളമായി വീട്ടിനുള്ളിലേക്ക് എത്തും. സൂര്യപ്രകാശത്തിലെ ചൂടിനെ ഫിൽറ്റർ ചെയ്യുന്ന ഗ്ലാസ് ജനാലകളാണ് ഇവിടെ ഉപയോഗിച്ചത്. സോളര്‍ പ്ലാന്റ് മുതല്‍ റീചാർജ് പിറ്റുകൾ വഴി വേസ്റ്റ് വാട്ടര്‍ റിസൈക്കിളിങ് വരെ ഇവിടെയുണ്ട്. കടുത്ത ചൂടും, ശൈത്യവും മാറിമാറി വരുന്ന ഡൽഹിയിലെ കാലാവസ്ഥയിലും സമീപ വീടുകളെ അപേക്ഷിച്ചു 40 % വൈദ്യുതി കുറവ് മതി ഗ്രീൻ വണ്ണിൽ.

gren-one-delhi-interior

ചുരുക്കി പറഞ്ഞാല്‍ നൂറുശതമാനം ഗ്രീന്‍ ഹോം തന്നെ ഈ ഗ്രീന്‍ വണ്‍. വായുമലിനീകരണം, അനധികൃത കെട്ടിടങ്ങൾ എന്നിവ കൊണ്ട് ഡൽഹി പൊറുതിമുട്ടുന്ന കാലത്താണ് ഇങ്ങനെയൊരു ഹരിതഭവനം തലസ്ഥാനത്ത് ഉയർന്നത് എന്നത് ശ്രദ്ധേയമാണ്.

സോളര്‍, മഴവെള്ളസംഭരണി എന്നിവ മാത്രം സ്ഥാപിച്ചാല്‍ വീടുകളെ ഗ്രീന്‍ ഹോം എന്ന് വിളിക്കാന്‍ സാധിക്കില്ല എന്നാണ് നീലാഞ്ജന്റെ അഭിപ്രായം. അത് മഞ്ഞുമലയുടെ മുകള്‍ ഭാഗം മാത്രമാണെന്ന് അദ്ദേഹം പറയുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുന്ന വീടുകളാണ് ഗ്രീൻ ഹോം എന്ന വിശേഷണത്തിന് യോഗ്യം.

ഇന്ത്യയിലെ ഗ്രീന്‍ പ്രൊജക്റ്റ്‌ പദ്ധതികള്‍ 2021 ആകുമ്പോഴേക്കും 55 % വര്‍ധിക്കും എന്നാണ് അടുത്തിടെ ദി വേള്‍ഡ് ഗ്രീന്‍ ബില്‍ഡിംഗ് ട്രെന്‍ഡ്  2018 പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോൺക്രീറ്റ്  കെട്ടിടങ്ങളില്‍ നിന്നും ഇന്ത്യക്കാര്‍ വൈകാതെ തങ്ങളുടെ പൈതൃകത്തിലേക്ക് മടങ്ങി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

Content Summary: Green One- First 5 Star Rated Green Home In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com