sections
MORE

ഇതെന്താ കിടപ്പുമുറിയോ പഞ്ചാബ് ലോറിയോ?

luxury-bed
Representative Image
SHARE

മലയാളികളുടെ വീടുപണിയിലെ തെറ്റായ പ്രവണതകളെ ചൂണ്ടിക്കാട്ടുകയാണ് വാസ്തുശില്പിയായ ജയൻ ബിലാത്തികുളം.

‘വിശാലമായ കിടപ്പുമുറിയായിരിക്കണം, ലിവിങ്ങിനെക്കാളും വലുപ്പം വേണം, ഏറ്റവും വലുപ്പമുള്ള എൽ.ഇ.ഡി. ടി.വി. ചുമരിൽ തൂങ്ങണം....’ ആർക്കിടെക്ടിനു മുന്നിൽ സ്വപ്നം പങ്കുവയ്ക്കുന്ന മലയാളിയുടെ നിർദേശങ്ങളിൽ ഒന്ന് ഇതാണ്.

വിശാലമായ ബെഡ്റൂമുകൾ വേണമെന്നത് തീർത്തും വ്യക്തിപരം. എന്നാൽ യുക്തിപരമായി ചിന്തിച്ചാൽ മലയാളികൾ സാധാരണയായി ബെഡ്റൂമുകൾ ഉറങ്ങാൻ മാത്രമാണല്ലോ ഉപയോഗിക്കുന്നത്. രാവിലെ ഏഴുമണിക്കു ശേഷം നമ്മളാരെങ്കിലും അവിടെ കിടന്ന് ഉറങ്ങിയാൽ അച്ഛനോ അമ്മയോ ഭാര്യയോ ഒക്കെ വന്നു നമ്മളെ തട്ടി വിളിച്ച് ഇവിടെ നിന്നും പുറത്തേക്കിറക്കുന്നു. ബെഡ്റൂമിൽ നിന്നും പുറത്തിറങ്ങാതെ അതിനുള്ളിൽ തന്നെ ഇരുന്നും കിടന്നും ഫോണിലൂടെയും മറ്റും വ്യാപാരങ്ങൾ നടത്തി രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന അറബികൾക്കും മാർവാർ ഡികൾക്കുമൊക്കെയാണ് മുറികൾ വിശാലമാക്കാനുള്ള പ്രവണതയുള്ളത്. മലയാളികളെ സംബന്ധിച്ച് എത്രയും വേഗം ബെഡ്റൂമിൽ നിന്ന് പുറത്തുവരാനാണിഷ്ടം. 

രാവിലത്തെ പത്രം വായനയും ചായകുടിയും ഒക്കെ സിറ്റൗട്ടിലോ ലിവിങ് റൂമിലോ ഇരുന്നാണല്ലോ നമ്മൾ നടത്തിപ്പോരുന്നത്. അതേ സമയം തന്നെ സജീവമാകുന്ന മറ്റൊരിടം അടുക്കളയുമാണ്. പ്രാതൽ കഴിക്കുന്നതാകട്ടെ ഡൈനിങ് റൂമിലുമാണ്. ഒക്കെ കഴിഞ്ഞ് ജോലിക്കു പോയി ക്ഷീണിച്ച് രാത്രിയിൽ ഉറക്കം തൂങ്ങിയാകും മുറിയിലെത്തുന്നത്. അതിനിടയിൽ ടിവി ഓൺ ചെയ്യാൻ പോലും മറക്കും. 

എന്തെങ്കിലും അസുഖം വന്നാൽപ്പോലും ബെഡ്റൂമിനേക്കാൾ ലിവിങ് സ്പെയ്സിലെ സോഫയിലായിരിക്കും വിശ്രമം. രാത്രിയിൽ മൂടിപ്പുതച്ചുറങ്ങുമ്പോൾ കിടപ്പുമുറിയുടെ വിശാലത ആസ്വദിക്കാൻ എവിടെ നേരം? കിടപ്പുമുറിക്ക് വലുപ്പം കൂടുമ്പോൾ വലുപ്പമുണ്ടായിരിക്കേണ്ട പലയിടങ്ങളും ഇടുങ്ങി ചുരുങ്ങുന്നു. 

കിടപ്പുമുറിയോടൊപ്പം വേണമെന്ന് വാശിപിടിക്കുന്ന മറ്റൊരു ഇടം ഡ്രസ്സിങ് ഏരിയയാണ്. ശരിക്കു പറഞ്ഞാൽ കിടപ്പുമുറിയുടെ പ്രധാന വാതിലടച്ചാൽ തീരാവുന്ന ഒരു പ്രശ്നം മാത്രമാണിത്. ഒരു ഡ്രസ്സിങ് ടേബിളും അലമാരയും കട്ടിലും മാത്രമിടാനുള്ള പരിമിത സ്ഥലം മതി സാധാരണ കിടപ്പുമുറികൾക്ക്. പ്രത്യേക ഡ്രസ്സിങ് സ്പെയ്സ് എന്നത് തികച്ചും അനാവശ്യചിന്തയാണ്. 

കന്റംപ്രറി എന്ന ഓമനപ്പേരിൽ ജിപ്സവും പ്ലൈവുഡും പല വർണത്തിലുള്ള എൽഇഡി ലൈറ്റുകളുമുപയോഗിച്ച് ഡിസൈൻ ചെയ്യുന്ന പല കിടപ്പുമുറികളും പഞ്ചാബിൽ നിന്നും വരുന്ന, കല്യാണപ്പുര പോലെ തോന്നിക്കുന്ന ലോറികളെ ഓർമിപ്പിക്കും. എന്തിനാണ് ഇത്തരം ലോറികളെ നമ്മൾ വീട്ടിനുള്ളിൽ പാർക്ക് ചെയ്യുന്നത്?...

Content Summary: Malayali House Mistakes; Jayan Bilathikulam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA