ADVERTISEMENT

സർക്കാർ ഭേദഗതി നടത്തി വിജ്ഞാപനം ചെയ്ത കെട്ടിടനിർമാണ ചട്ടങ്ങളിൽ നിന്നു കാർപെറ്റ് ഏരിയ, ഫ്ലോർ ഏരിയ എന്നിവ പൂർണമായി ഒഴിവാക്കി. ബിൽറ്റ് അപ് ഏരിയ എന്നതു മാത്രം അടിസ്ഥാനമാക്കി കെട്ടിടത്തിന്റെ വിസ്തീർണം നിശ്ചയിക്കുന്നതോടെ മുൻപ് ലഭിച്ചിരുന്ന പല ഇളവുകളും ഇല്ലാതായി. 

വൻ കെട്ടിടങ്ങൾക്കും ഫ്ലാറ്റുകൾക്കും ജനറേറ്റർ റൂം, അകത്തെ പാർക്കിങ് ഏരിയ, എയർ ഹാൻഡ്‌ലിങ് യൂണിറ്റ് എന്നിവയ്ക്കായി നീക്കിവയ്ക്കുന്നത് മുൻപ് ബിൽറ്റ് അപ് ഏരിയ ആയി കണക്കാക്കിയിരുന്നില്ല. ഇങ്ങനെ നീക്കിവയ്ക്കുന്ന സ്ഥലത്ത് പിന്നീടു മറ്റു തരത്തിലുള്ള നിർമാണങ്ങൾ നടത്തുന്ന പ്രവണത ഒഴിവാക്കുകയാണു  ചട്ടഭേദഗതിയുടെ ലക്ഷ്യം. 

തറ വിസ്തീർണ അനുപാതം (എഫ്ആർഎ) എന്നത് 4 ൽ നിന്നു കുറയ്ക്കാൻ പാടില്ലെന്നു സർക്കാർ നിർദേശിച്ചിരുന്നു. ഇതു കുറച്ചിട്ടില്ലെങ്കിലും ബിൽറ്റ് അപ് ഏരിയ മാത്രം അടിസ്ഥാനമാക്കുകയും മറ്റ് ഇളവുകൾ ഒഴിവാക്കുകയും ചെയ്തതോടെ എഫ്ആർഎ കുറയുന്നതായാണു നിർമാതാക്കളുടെ നിലപാട്.  ഈ മാസം 8 മുതലാണു ചട്ടം  പ്രാബല്യത്തിൽ വരുന്നത്. 

 

ചട്ടത്തിലെ പ്രധാന നിർദേശങ്ങൾ

പുതുതായി നിർമിക്കുന്ന കെട്ടിടം 1000 ചതുരശ്ര മീറ്റർ വരെയാണെങ്കിൽ അഗ്നിശമനസേനയുടെ എൻഒസി ആവശ്യമില്ല. ഇവയ്ക്ക് അഗ്നിരക്ഷാ സംവിധാനം ഉണ്ടെന്നു തദ്ദേശ സ്ഥാപനം ഉറപ്പാക്കണമെന്നു മാത്രം. പുതുതായി നിർമിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും മഴവെള്ള സംഭരണി നിർബന്ധം. വീടുകളിൽ ഒരു ചതുരശ്ര മീറ്ററിന് 25 ലീറ്ററും വാണിജ്യ കെട്ടിടത്തിന് 50 ലീറ്ററും ശേഷിയുള്ള മഴവെള്ള സംഭരണി വേണം. 

700 ചതുരശ്ര മീറ്ററിൽ താഴെയുള്ള കെട്ടിടങ്ങൾക്ക് 3.60 മീറ്റർ റോഡ് മതി. അതിലും വലിയ കെട്ടിടമെങ്കിൽ റോഡിന് 7 മീറ്റർ വീതി വേണം. 12,000 ചതുരശ്ര മീറ്ററിൽ അധികമാണെങ്കിൽ 10 മീറ്റർ വീതിയുള്ള റോഡ് വേണം.  മുൻപ് എത്ര വലിയ കെട്ടിടമായാലും റോഡിന് 6 മീറ്റർ വരെ വീതി മതിയായിരുന്നു. 

കെട്ടിടങ്ങളിലേക്കുള്ള വഴികളിൽ 20 സെന്റിമീറ്റർ വരെ വീതിക്കുറവ് അംഗീകരിക്കും (ആക്സസ് ടോളറൻസ്). പക്ഷേ, നിശ്ചിത ഫീസ് ഒടുക്കണം. മുൻപ് ഇതു കൃത്യമായി നിർവചിച്ചിരുന്നില്ല. ഫീസ് ഈടാക്കിയിരുന്നുമില്ല. 

കെട്ടിടങ്ങൾ തമ്മിലുള്ള അകലം കണക്കാക്കാൻ പോർച്ചും കെട്ടിട വിസ്തീർണവും കൂടി ഉൾപ്പെടുത്തും. മുൻപ് ഫ്ലോർ ഏരിയ മാത്രമാണു കണക്കാക്കിയിരുന്നത്. 

മൊത്തം വിസ്തൃതിക്ക് അനുസൃതമായി പാർക്കിങ്ങിനായി കൂടുതൽ സ്ഥലം കണ്ടെത്തണം. ഒരു വാഹനം പാർക്ക് ചെയ്യാൻ 3 മീറ്റർ നിർബന്ധം. കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് വൺവേ ആണെങ്കിൽ 3.5 മീറ്ററും ടു വേ ആണെങ്കിൽ 5.5 മീറ്ററും പാർക്കിങ്ങിനുള്ള വീതി. 

English Summary- Kerala Building Rules Amended; New Provisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com